വീട്ടമ്മമാർ ഇറങ്ങി; കബനീതീരത്തെ ലഹരി വിൽപന പൂട്ടിക്കെട്ടി
Mail This Article
പുൽപള്ളി ∙ തീരപ്രദേശത്തെ വീട്ടമ്മമാരും ലഹരിവിമുക്ത പ്രവർത്തകരും കൈകോർത്തപ്പോൾ കബനീതീരത്തെ ലഹരി വിൽപനക്കാർ സ്ഥലംവിട്ടു. മരക്കടവ് തോണിക്കടവ് മുതൽ കൊളവള്ളി വരെയുള്ള ഗ്രാമങ്ങളിലാണ് മരുന്നിനുപോലും മദ്യം കിട്ടാതായത്.അതിർത്തി ഗ്രാമങ്ങളിലെ മുഖ്യ സാമൂഹികപ്രശ്നത്തിനാണ് ഇതോടെ അറുതിയായത്. പ്രദേശത്തെ വീട്ടമ്മമാരും പൊതുപ്രവർത്തകരും സംഘടിച്ച് പുഴയുടെ ഇരുകരകളിലും മദ്യമടക്കമുള്ള ലഹരിവിൽപന തടഞ്ഞു. സഹായമായി പൊലീസും എക്സൈസും രംഗത്തുണ്ട്. വിദ്യാർഥികളും യുവാക്കളും ലഹരിക്ക് അടിമപ്പെടുന്ന കേന്ദ്രമായി കബനീതീരം മാറിയിരുന്നു.കൃഗന്നൂർ ബലിക്കടവ്, പുഴയോരത്തെ കുളിക്കടവ് എന്നിവിടങ്ങളെല്ലാം സാമൂഹികവിരുദ്ധരുടെ താവളമായിരുന്നു.പുൽപള്ളിയിൽ നിന്നെത്തുന്ന വിദ്യാർഥികൾ തോണിയിൽ പുഴകടന്നെത്തി ലഹരിവാങ്ങുന്നതു പതിവായിരുന്നു. പുഴക്കരയിലെ കൃഷിയിടങ്ങളിലും അപരിചിതരെത്തി മയങ്ങിക്കിടക്കുമായിരുന്നു.മദ്യമടക്കമുള്ള ലഹരിയുടെ ആധിക്യം കൃഗന്നൂർ, മരക്കടവ്, കൊളവള്ളി ഗ്രാമങ്ങളിലെ പലകുടുംബങ്ങളുടെയും തകർച്ചയ്ക്കു കാരണമായി.
മദ്യലഹരിയിൽ പുഴനീന്തിയും കൊട്ടത്തോണി മറിഞ്ഞും പലരുടെയും ജീവൻ കബനിയിൽ പൊലിഞ്ഞു.വൈകുന്നേരങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരും ലഹരിക്കായി എത്തിയിരുന്നതും ഇവിടേക്കായിരുന്നു. കേരളത്തിൽ മദ്യക്കടകൾ അടയ്ക്കുന്നദിനങ്ങളിൽ ആളുകളുടെ പ്രവാഹവും. കൃഗന്നൂർ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രതിരോധം.പിന്നീട് മറുകരയായ ഗുണ്ടറയിലെ വീട്ടമ്മമാരും ഇതേറ്റെടുത്തു. അവിടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപന കേന്ദ്രവും പൂട്ടിയതോടെ മദ്യലഭ്യത കുറഞ്ഞു. അനാവശ്യമായി പുഴയിൽ കൊട്ടത്തോണിയിറക്കുന്നതും സ്ഫോടക വസ്തുക്കളുപയോഗിച്ച് 100 മീറ്റർ ചുറ്റളവിൽ മീൻപിടിക്കുന്നതും 50 മീറ്റർ പരിധിയിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതും നിരോധിച്ച് പുഴക്കരയിൽ ബോർഡുകൾ സ്ഥാപിച്ചു.മദ്യവിപത്തിനെതിരായ നോട്ടിസ് എല്ലാ വീടുകളിലും നൽകി. അതിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും നൽകി.അയൽവക്കത്ത് മദ്യപരുടെ ശല്യമുണ്ടായാലും അധികൃതരെ വിളിച്ചുവരുത്താനാണിത്. ഇവരുടെ പ്രവർത്തനങ്ങൾക്കു പിന്തുണയും സഹായവുമായി പൊലീസും എക്സൈസും രംഗത്തുണ്ട്.