എന്തിനോ വേണ്ടി കിടക്കുന്ന പാലം!
Mail This Article
അമ്പലവയൽ ∙ കാരാപ്പുഴ ഡാമിന് മുൻപിലെ പാലം 2 പതിറ്റാണ്ടായി പണി പൂർത്തിയാക്കാതെ ഉപയോഗശൂന്യമായി. പാലത്തിൽ ചുരുക്കം പ്രവൃത്തികളും അപ്രോച്ച് റോഡും മാത്രം പൂർത്തിയാക്കാനുള്ളപ്പോഴാണു നിർമാണം നിലച്ചത്. ഇതിനു താഴെയുള്ള താൽക്കാലിക പാലമാണു യാത്രക്കാർക്ക് ആശ്രയം. പതിറ്റാണ്ടുകൾക്ക് മുൻപ് കോടികൾ ചെലവഴിച്ചാണ് പാലം നിർമാണമാരംഭിച്ചത്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കരാറുകാരനും ജലസേചന വകുപ്പുമായുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കോടതിവ്യവഹാരങ്ങൾ പണി പൂർണമായും നിലയ്ക്കാനിടയാക്കി.
ഇരു ഭാഗങ്ങളിലെയും അപ്രോച്ച് റോഡുകൾ, പാലത്തിന്റെ അരിക് ഭാഗങ്ങളിലെ കൈവരികൾ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാകാനുണ്ട്. ജലസേചന വകുപ്പിന് കീഴിലുള്ള പാലത്തോടു ചേർന്നുള്ള റോഡുകളുടെ ടാറിങ്ങും അറ്റകുറ്റപ്പണികളും ഈയിടെ പൂർത്തിയാക്കിയിരുന്നു. റോഡ് പൂർത്തിയായെങ്കിലും യാത്രക്കാർ ഇപ്പോഴും താൽക്കാലിക പാലത്തിലൂടെ വേണം പോകാൻ. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകി പോകുന്നത് ചെറിയ പാലത്തിന് അടിയിലൂടെയാണ്.
മഴക്കാലത്ത് ഡാമിലെ വെള്ളം തുറന്നു വിടുമ്പോൾ ഇൗ പാലത്തിലൂടെ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്.ഇപ്പോൾ കാരാപ്പുഴ ഡാമിലേക്ക് ദിവസവും ആയിരങ്ങൾ സഞ്ചാരികളായി എത്തുന്ന റോഡിലാണ് കോടികൾ വെറുതേ പാഴാക്കിയ ഉപയോഗിക്കാനാവാത്ത പാലമുള്ളത്. ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് കാലങ്ങളായി പാലം ഇങ്ങനെ തുടരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.