എൻ.എം.വിജയന്റെ മരണം: എംഎൽഎ ഓഫിസിലേക്ക് സിപിഎം മാർച്ച് നടത്തി
Mail This Article
ബത്തേരി ∙ ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിലെ നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി.ഇന്നലെ രാവിലെ 11ന് ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് എംഎൽഎ ഓഫിസിന് മുന്നിൽ ബാരിക്കേഡുകളുയർത്തി പൊലീസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സമ്മതിച്ചില്ല. തുടർന്ന് എംഎൽഎ ഓഫിസിന് മുൻപിൽ പ്രതിഷേധ യോഗം ചേർന്നു.ജില്ലാ പ്രസിഡന്റ് കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.എസ്.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ്, നേതാക്കളായ സുരേഷ് താളൂർ, ബീന വിജയൻ, എം.എസ്. സുരേഷ് ബാബു, പി.വാസുദേവൻ, പി.കെ. സത്താർ, ലിജോ ജോണി, എൻ.പി. കുഞ്ഞുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
‘ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’
ബത്തേരി∙ ഐ.സി.ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമെതിരെ എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് പറഞ്ഞു. ബാങ്ക് നിയമനത്തിലെ സാമ്പത്തിക ഇടപാടു ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരം വേണമെന്ന് പറഞ്ഞ് എൻ.എം. വിജയൻ കെപിസിസിക്ക് അയച്ച കത്തും പുറത്തായിട്ടുണ്ട്. അതിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പേരുണ്ട്. അന്ന് കെപിസിസി നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ല. മാനന്തവാടി കോൺഗ്രസ് ഓഫിസിൽ നേതാവ് പി.വി.ജോൺ ആത്മഹത്യ ചെയ്തതും പാർട്ടിക്കെതിരെ കത്തെഴുതി വച്ചാണ്.എംഎൽഎ രാജി വയ്ക്കണമെന്നും റഫീഖ് പറഞ്ഞു.
ഐ.സി.ബാലകൃഷ്ണനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല: ടി.സിദ്ദീഖ്
കൽപറ്റ ∙ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും അതുവഴി കോൺഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ എന്നിവർ പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ടതായ ഏതെങ്കിലും സാഹചര്യം തനിക്കുണ്ടെന്ന് വിജയൻ ഒരു ഘട്ടത്തിലും പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിലോ നേതാക്കന്മാരോടോ സൂചിപ്പിച്ചിട്ടില്ല.
അർബൻ ബാങ്ക് നിയമനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസിയും കെപിസിസിയും സമിതിയെ നിയോഗിക്കുകയും അന്നത്തെ അർബൻ ബാങ്ക് ചെയർമാൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതുമാണ്. പെരിയ കൊലപാതക കേസിലെ വിധിയും നവീൻ ബാബുവിന്റെ മരണവും മൂടിവയ്ക്കുന്നതിന് വേണ്ടിയാണു സിപിഎമ്മിന്റെ ഇപ്പോഴത്തെ സമര നാടകങ്ങൾ. ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 4 ന് ബത്തേരിയിൽ റാലിയും പൊതുസമ്മേളനവും നടത്തുമെന്നും ഇവർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പി.കെ.ജയലക്ഷ്മി, പി.പി.ആലി, വി.എ. മജീദ്, കെ.എൽ.പൗലോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
എൻ.എം.വിജയന്റെ മരണം; 6 പേരെ ചോദ്യം ചെയ്തു
ബത്തേരി ∙ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം ആറു പേരെ ചോദ്യം ചെയ്തു. ഇരുവരെയും ആശുപത്രിയിലെത്തിച്ചവരെയും ബന്ധുക്കളെയുമാണു ചോദ്യം ചെയ്തത്. അന്വേഷണം ശക്തമാക്കിയതായി ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷരീഫ് പറഞ്ഞു.
നടന്നത് ഇരട്ടക്കൊലപാതകം: വി.കെ.സനോജ്
ബത്തേരി ∙ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യ, ഇരട്ടക്കൊലപാതകമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഒന്നാം പ്രതി ഐ.സി ബാലകൃഷ്ണൻ എംഎൽഎയും രണ്ടും മൂന്നും പ്രതികൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എം.വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനോജ്.