വയോധികനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയി; അരുണാചൽ സ്വദേശി പിടിയിൽ
Mail This Article
കൽപറ്റ∙ വയോധികനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ യുവാവിനെയും ഊട്ടിയിൽ നിന്ന് കൽപറ്റ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് ഊട്ടിയിൽ നിന്ന് അരുണാചൽ പ്രദേശ് വെസ്റ്റ് സിയാൻങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലനെയും (27) ഇയാൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തത്. അരുണാചലിലേക്ക് രക്ഷപ്പെടുമ്പോഴാണ് പിടിയിലായത്. നമ്പർ ബോർഡിൽ കൃത്രിമത്വമുണ്ടായിട്ടും 200 അധികം ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
ഡിംസബര്‍ 18ന് വൈകിട്ട് 4ന് കൽപറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് വച്ചാണ് സംഭവം. ബസിനെ ഇടതു സൈഡിലൂടെ മറികടന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് വഴിയാത്രക്കാരനായ താമരശ്ശേരി കൂടരഞ്ഞി സ്വദേശി പൗലോസിനെയാണ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമായി 200ലധികം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും സ്പോർട്സ് ബൈക്കുകൾ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൽപറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ജെ.ബിനോയിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.കെ.നൗഫൽ, കെ.കെ.വിപിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.