ഒരുവശത്ത് കാട്ടുമൃഗങ്ങൾ, മറുവശത്ത് മോഷ്ടാക്കൾ; വിള സംരക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്
Mail This Article
പുൽപള്ളി ∙ വിളവെടുപ്പു സമയത്ത് വിള സംരക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്. സന്ധ്യകഴിഞ്ഞാൽ കാട്ടുമൃഗങ്ങളിറങ്ങുന്നതിനാൽ തോട്ടങ്ങളിലിറങ്ങാൻ കർഷകർ ഭയപ്പെടുന്നു. ഇതിനിടെയാണ് പാത്തുംപതുങ്ങിയും മോഷ്ടാക്കളെത്തി അടയ്ക്കയും കാപ്പിയും തട്ടിയെടുക്കുന്നത്. ആൾ താമസമില്ലാത്ത തോട്ടങ്ങളിൽ വേലി പൊളിച്ചും കള്ളൻമാർ ഉൽപന്നം മോഷ്ടിക്കുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ദിവസവും പലേടത്തും മോഷണം നടക്കുന്നു. കാപ്പിക്കും അടയ്ക്കയ്ക്കും നല്ല വിലയുള്ളതിനാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നല്ലൊരു തുകയുടെ ഉൽപന്നം മോഷ്ടിക്കാനാവും.
കമുകിൽ പാഞ്ഞുകയറി നിമിഷങ്ങൾക്കകം അടയ്ക്കാകുലകൾ ചെത്തിയിടുന്നവരും അത് ഉതിർത്ത് ചാക്കിലാക്കുന്നവരും മണിക്കൂറുകൾക്കുള്ളിൽ സ്ഥലംവിടും. കളനാടിക്കൊല്ലി സ്വദേശിയായ വീട്ടമ്മ തന്റെ തോട്ടത്തിലെ 6 ക്വിന്റൽ കാപ്പിക്കുരു മോഷണം പോയെന്നു കാണിച്ച് പൊലീസിൽ പരാതി നൽകി. തോട്ടത്തിലെ അടയ്ക്കാ എല്ലാവർഷവും മോഷണം പോകാറുണ്ടെന്നും പറയുന്നു. വീട്ടിൽ നിന്നു കുറച്ചകലെ ഒറ്റപ്പെട്ട തോട്ടത്തിനടുത്ത് ജനവാസമില്ല.മൂപ്പെത്തും മുൻപെ വിളമോഷണം പോകുന്നു. മോഷണ സംഘത്തിൽ സ്ത്രീകളുണ്ടെന്നും പറയുന്നു.
പച്ചക്കാപ്പി കിലോയ്ക്ക് 90 രൂപയും അടയ്ക്കയ്ക്ക് 50 രൂപയും വിലയുണ്ട്.തോട്ടങ്ങളിൽ നിന്നു പറിച്ചെടുത്ത് ദൂരെ സ്ഥലങ്ങളിലെ കടകളിലെത്തിച്ചു വിറ്റാൽ ആരുമറിയില്ല. ചിലർ സ്വന്തം സ്ഥലത്തിന്റെ രേഖയുമായിട്ടാണ് ഉൽപന്നം വിൽക്കാനെത്തുന്നത്. ഇവർക്കു കൃഷിയുണ്ടോ, ഉൽപന്നമുണ്ടോയെന്ന് ആര് അന്വേഷിക്കാൻ.മോഷണം ഭയന്ന് മൂപ്പെത്തിയ അടയ്ക്കാ കർഷകർ പറിച്ചെടുത്തു. ഇപ്പോൾ കാപ്പിത്തോട്ടങ്ങളിലാണ് കാര്യമായ മോഷണം. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിൽ ആളുണ്ടെങ്കിലും അറിയില്ല.