ADVERTISEMENT

ഹൃദയംപിളർന്ന് ഉരുൾ ദുരന്തം
രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇൗ വർഷം വയനാട് സാക്ഷിയായി. ജൂലൈ 30നു പുലർച്ചെ ഒന്നോടെയാണു നാടിനെ നടുക്കിയ ഉരുൾപൊട്ടലുണ്ടായത്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളെയാണു ദുരന്തം ബാധിച്ചത്. 298 പേർ മരിച്ചതായാണ് സർക്കാ‌രിന്റെ ഒൗദ്യോഗിക കണക്ക്. 44 പേരെ കാണാതായി. മരിച്ച 254 പേരെ തിരിച്ചറിഞ്ഞു. 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇതുവരെ മുണ്ടക്കൈ–ചൂരൽമല ഭാഗങ്ങളിൽ നിന്നായി 151 മൃതദേഹങ്ങളും 45 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.

നിലമ്പൂർ ഭാഗത്തു നിന്നു 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളുമാണ് കിട്ടിയത്. 145 വീടുകൾ പൂർണമായും 170 വീടുകൾ ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി മാറി. 183 വീടുകൾ അപ്രത്യക്ഷമായി. 340 ഹെക്ടർ കൃഷിയിടം നഷ്ടമായി. കുടുംബശ്രീ തയാറാക്കിയ മൈക്രോ പ്ലാനിലെ വിവരങ്ങൾ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണു ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. ദുരന്തബാധിതരായ 728 കുടുംബങ്ങളിലെ 2569 പേരെയാണു താൽക്കാലികമായി പുനരധിവസിപ്പിച്ചിട്ടുള്ളത്. സ്ഥിരം പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

സിദ്ധാർഥൻ
സിദ്ധാർഥൻ

നോവോർമയായി സിദ്ധാർഥൻ
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ക്യാംപസിൽ അതിക്രൂരമായ റാഗിങ്ങിനിരയായശേഷം ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം വലിയ രാഷ്ട്രീയപ്രശ്നമായ വർഷമായിരുന്നു 2024. ഫെബ്രുവരി 18നാണു 3 ദിവസത്തെ അതിക്രൂരമായ മർദനത്തിനുശേഷം സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കളും കോളജ് യൂണിയൻ ഭാരവാഹികളും ഉൾപ്പെടെ 18 പ്രതികൾ പിടിയിലായി. വെറ്ററിനറി സർവകലാശാല വിസി, പൂക്കോട് വെറ്ററിനറി കോളജ് ഡീൻ എന്നിവർ സംഭവത്തെത്തുടർന്നു രാജിവയ്ക്കേണ്ടിവന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. നിലവിൽ പ്രതികളെല്ലാം സ്വതന്ത്രരാണ്.

തണ്ണീർക്കൊമ്പന്റെ കഥ, ബേലൂർ മഖ്നയുടെയും
ജനുവരി 30 ന് തോൽപെട്ടി ബാർഗിരി എസ്റ്റേറ്റിലെ ലക്ഷ്മണൻ (50) കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. കർണാടകയിൽ നിന്നെത്തിയ തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ഫെബ്രുവരി 2ന് മാനന്തവാടി നഗരത്തിലിറങ്ങി. ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം മയക്കുവെടിവച്ച് തളച്ചു. ബന്ദിപ്പൂർ രാമപുര ആനക്യാംപിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് ആന ചരിഞ്ഞു. തണ്ണീർക്കൊമ്പനെ കർണാടക വനപാലകർ കഴുകന്മാർക്കു ഭക്ഷണമായി നൽകി. കർണാടകയിൽ നിന്ന് എത്തിയ ബേലൂർ മഖ്ന എന്ന കാട്ടാന ഫെബ്രുവരി 10ന് പടമലയിലെ വീട്ടുമുറ്റത്ത് കയറി പനച്ചിയിൽ അജീഷിനെ (47) കൊലപ്പെടുത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹവുമായി മാനന്തവാടി നഗരത്തിലെത്തിയ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഫെബ്രുവരി 16ന് കുറുവദ്വീപിലെത്തിയ കാട്ടാനകൾ വനംവകുപ്പ് താൽക്കാലിക വാച്ചറായ പാക്കം പോളിനെ ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് പുൽപള്ളിയിൽ വൻ ജനകീയപ്രക്ഷോഭമാണു നടന്നത്. ഹർത്താൽദിനത്തിലും വ്യാപക പ്രതിഷേധമുണ്ടായി. പുൽപള്ളിയിൽ വനംവകുപ്പ് ജീപ്പ് തടഞ്ഞിട്ട പ്രതിഷേധക്കാർ കേണിച്ചിറയിൽ കടുവ കൊന്ന പശുവിന്റെ ജഡം ജീപ്പിനു മുകളിൽ കയറ്റിവച്ചു. നൂൽപുഴ പഞ്ചായത്തിലെ മാറോട് രാജുവിനെ കാട്ടാന ആക്രമിച്ചത് 2024 ജൂലൈ 14നാണ്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചത് 16നും.

നാരായണന് ജീവിതം തിരികെ
ഇൻഷുറൻസ് മുടങ്ങിയെന്നാരോപിച്ച് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ചുവിറ്റ മേപ്പാടി പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തിയ, അത് നാരായണന്റെ ജീവിതമായിരുന്നു എന്ന വാർത്തയ്ക്ക് വലിയ പ്രതികരണമാണു പൊതുസമൂഹത്തിൽനിന്നുണ്ടായത്. ഒട്ടേറെപ്പേർ നാരായണനു സഹായവാഗ്ദാനവുമായെത്തി. ചെന്നൈയിലെ ബിസിനസുകാരൻ ബാലൻ നാരായണന് പുതിയ ഓട്ടോ സമ്മാനിച്ചു.

വയനാടിന് സ്വന്തമായി മന്ത്രി
പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ വയനാടിനു സ്വന്തമായി മന്ത്രിയുണ്ടായ വർഷമാണ് 2024. ജൂൺ 23നാണ് മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയായി ചുമതലയേറ്റത്‌.

മന്ത്രിയായ ശേഷം വയനാട്ടിലെത്തിയ ഒ.ആർ.കേളുവിനു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണം.
മന്ത്രിയായ ശേഷം വയനാട്ടിലെത്തിയ ഒ.ആർ.കേളുവിനു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണം.

കാടിറങ്ങി വന്യജീവികൾ; നിലയ്ക്കാതെ ഭീതി
പൂതാടി പഞ്ചായത്തിലെ കേണിച്ചിറ എടക്കാട് പ്രദേശങ്ങളിൽ കഴിഞ്ഞ ജൂൺ 21 ന് ഇറങ്ങി 4 ദിവസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തി ജനങ്ങൾ നോക്കിനിൽക്കേ 4 പശുക്കളെയും ഒരു ആടിനെയും കൊന്ന തോൽപെട്ടി 17 എന്ന 10 വയസ്സുള്ള കടുവയെ കൂടുവച്ച് പിടിച്ച് 10 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. കൽപറ്റ ആനപ്പാറയിൽ ഇറങ്ങിയ കടുവ കുടുംബവും നാട്ടിൽ ഭീതി പരത്തി.

ഉണർവിന്റെ പാതയിൽ ടൂറിസം
വന്യജീവി ആക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടഞ്ഞു കിടന്നതു ടൂറിസം മേഖലയിൽ വൻ പ്രതിസന്ധിയുണ്ടാക്കിയ വർഷമാണു 2024. ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്കായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ പതിയെ വയനാട് ടൂറിസം ഉണർവിന്റെ പാതയിലാണ്.

ആദിവാസികളോട് അനീതിക്കറുതിയില്ല
ഡിസംബർ 15 ന് കൂടൽകടവ് ചെമ്മാട് ഉൗരിലെ മാതനെ യുവാക്കൾ കാറിൽ വലിച്ചിഴച്ചു. അവധിദിനത്തിലെ ക്രൂരതയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഡിസംബർ 16 ന് എടവക വീട്ടിച്ചാൽ 4 സെന്റ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കരിക്കാൻ കൊണ്ടുപോയി. സർക്കാർ അനാസ്ഥയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ടിഇഒയ്ക്ക് സസ്പെൻഷൻ.

കാടിറങ്ങിയ മാവോയിസ്റ്റുകൾ
സൈര്യവിഹാരകേന്ദ്രമായിരുന്ന വയനാടൻ കാടുകളിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കിയതോടെ കേരളത്തിൽ നിലവിലുള്ള സായുധ മാവോയിസ്റ്റുകളെല്ലാം തന്നെ പിടിയിലാകുകയോ തമിഴ്നാട്ടിലേക്കു കടക്കുകയോ ചെയ്തു. നേരത്തെ വിക്രം ഗൗഡയുടെ നേതൃത്വത്തിലായിരുന്നു വയനാട്ടിലെ മാവോയിസ്റ്റ് പ്രവർത്തനം.    പൊലീസിന്റെ മാവോ വേട്ട കർശനമായപ്പോൾ വിക്രം ഗൗഡയും സംഘവും കർണാടകയിലേക്കു കടന്നു. സി.പി. ജലീൽ, വേൽമുരുകൻ എന്നിവർ വയനാട്ടിൽ കൊല്ലപ്പെട്ടു.  7 വർഷത്തിനിടെ പാലക്കാട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 9 മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്.

നാടിനെ നടുക്കിയ അരുംകൊലകൾ
ഡിസംബർ 2ന് ചുണ്ടേലിൽ ഓട്ടോ ഡ്രൈവർ പീടിയേക്കൽ നവാസിനെ വ്യക്തിവൈരാഗ്യത്തെത്തുടർന്നു ജീപ്പ് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. സംഭവം നടന്നു മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ പൊലീസിനായി. കൽപറ്റയിൽ യുവതിയെ ഗർഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച കേസിൽ നേപ്പാൾ സ്വദേശികളായ ഭർത്താവും ഭർതൃമാതാപിതാക്കളും അറസ്റ്റിലായ സംഭവവും കഴിഞ്ഞവർഷമുണ്ടായി. തേറ്റമലയിൽ കാണാതായ വിലങ്ങിൽ വീട്ടിൽ കു‍ഞ്ഞാമിയെ (74) ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളി‍‍ഞ്ഞു. സ്വർണാഭരണങ്ങൾ കവരാനായി അയൽവാസി ഹക്കീമാണ് അരുംകൊല ആസൂത്രണം ചെയ്തത്.

വികസനപാതയിൽ പ്രതീക്ഷകളോടെ
നഞ്ചൻകോട്– വയനാട്– നിലമ്പൂർ റെയിൽവേയുടെ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി ഡിപിആർ സതേൺ റെയിൽവേക്ക് സമർപ്പിക്കപ്പെട്ടത് ഈ വർഷമാണ്. 2023 മേയ് 26 ന് ടെൻഡർ ക്ഷണിച്ച പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. വയനാടിന്റെ റെയിൽവേ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ച വർഷമാണ് 2024. ലിഡാർ സർവേ, സാറ്റലൈറ്റ് സർവേ, ഭൂതല സർവേ എന്നിവ പൂർത്തിയാക്കാനായി. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി തുരങ്കപാതയ്ക്ക് ഡിപിആർ തയാറാക്കി സമർപ്പിക്കാ‍ൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചതും വയനാടിനു പ്രതീക്ഷ നൽകുന്നു. മേപ്പാടി–കള്ളാടി തുരങ്കപ്പാത നിർമാണച്ചുമതല രണ്ടു കമ്പനികളെ ഏൽപിച്ചു. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ തുരങ്കപ്പാത നിർമാണത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് കൊങ്കൺ റെയിൽവേ വിദഗ്ധർ. ജില്ലയിലൂടെയുള്ള മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്
2024ൽ വയനാടിന്റെ ചരിത്രത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്നു. ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും റായ്ബറേലിയിൽനിന്നും രാഹുൽ ഗാന്ധി വിജയിച്ചപ്പോൾ അദ്ദേഹം റായ്ബറേലി നിലനിർത്തിയതിനെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബർ 13നു നടന്ന ഉപതിരഞ്ഞെടുപ്പിലൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ വയനാട് ടീമിന്റെ ആഹ്ലാദം. (ഫയൽ ചിത്രം)
അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ വയനാട് ടീമിന്റെ ആഹ്ലാദം. (ഫയൽ ചിത്രം)

ഏറെ ഉയരെ വയനാടൻ പ്രതിഭകൾ
ഏപ്രിൽ 15ന് സജന സജീവൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മിന്നുമണി വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമായി. കൽപറ്റ സ്വദേശിനി വി.ജെ.ജോഷിത അണ്ടർ 19 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 20 ഫുട്ബോളിൽ വയനാട് സംസ്ഥാന ചാംപ്യന്മാരായി

1) സജന സജീവനു  2) വി.ജെ.ജോഷിത
1) സജന സജീവനു 2) വി.ജെ.ജോഷിത
English Summary:

The 2024 Wayanad landslide was Kerala's deadliest natural disaster, resulting in hundreds of casualties and widespread destruction. Other significant events included political developments, wildlife conflicts, and the district's first-ever by-election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com