പശുവിനെ കൊന്നത് പുലിയോ, കടുവയോ? ആക്രമണമുണ്ടായത് ജനവാസ മേഖലയിൽ
Mail This Article
പെരുന്തട്ട ∙ ‘പശുവിന്റെ കരച്ചിൽ കേട്ടാണു പുറത്തിറങ്ങിയത്. ടോർച്ചടിച്ച് നോക്കിയപ്പോൾ കടുവ പശുവിനെ വലിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം അവിടെത്തന്നെ നിന്നുപോയി. ആ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല’– ഭയം നിറഞ്ഞ മുഖവുമായി പെരുന്തട്ട പൂളക്കുന്നിലെ കൂനൻചാലിൽ ഉമ്മൻ പറയുന്നു. ഉമ്മന്റെ വീടിനു മുന്നിൽ വച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതരയോടെ വന്യജീവി പശുവിനെ കൊന്നത്. നടുപ്പാറയിൽ സതീശിന്റെ പശുവിനെയാണു കൊലപ്പെടുത്തിയത്.
തുടർന്ന് ഇന്നലെ രാവിലെയോടെ പശുവിന്റെ ജഡവുമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ പെരുന്തട്ടയിൽ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം കടുവയുടെ ആക്രമണമുണ്ടായ സ്ഥലത്തു കൂട് സ്ഥാപിച്ചു. ഇരയായി, പശുവിന്റെ ജഡവും കൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അതേസമയം, ജനവാസ മേഖലയിലെത്തിയത് കടുവയാണോ പുലിയാണോയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണമുണ്ടായത് ജനവാസ മേഖലയിൽ
കാപ്പിത്തോട്ടങ്ങളാലും തേയിലത്തോട്ടങ്ങളാലും ചെറുവനത്താലും ചുറ്റപ്പെട്ടതാണ് പെരുന്തട്ട ഗ്രാമം. പൂളക്കുന്നിൽ കോഫി ബോർഡിന്റെ കാപ്പിത്തോട്ടത്തിന് സമീപത്തെ റോഡരികിനോട് ചേർന്നാണ് ഇന്നലെ കടുവയുടെ ആക്രമണമുണ്ടായത്. ജനവാസ മേഖലയാണിത്. ഞായറാഴ്ച രാത്രി ഏഴരയോടെ പെരുന്തട്ട ഗവ.യുപി സ്കൂളിന് താഴെഭാഗത്തായി കടുവയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇവർ ബഹളം വച്ചതോടെയാണു കടുവ പൂളക്കുന്ന് മേഖലയിലേക്കെത്തിയതെന്നാണ് നിഗമനം.
റോഡ് ഉപരോധം; കൂട് വച്ച് വനംവകുപ്പ്
പശുവിന്റെ ജഡവുമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ രാവിലെ പത്തരയോടെയാണു പെരുന്തട്ടയിൽ ദേശീയപാത ഉപരോധിച്ചത്. മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും പശുവിന്റെ ഉടമയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.ഉപരോധം നീണ്ടതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. തുടർന്ന് ടി.സിദ്ദീഖ് എംഎൽഎ, കൽപറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക്, ജനകീയ പ്രതിരോധ സമിതി നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ.രാമനുമായി ചർച്ച നടത്തി.
കടുവയെ പിടികൂടാൻ സ്ഥലത്തു കൂട് സ്ഥാപിക്കാമെന്നും പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാമെന്നും ഉറപ്പ് ലഭിച്ചതോടെ രാവിലെ 11 ഓടെ ഉപരോധം അവസാനിപ്പിച്ചു. ഡിവിഷൻ കൗൺസിലർമാരായ പി.കെ. സുഭാഷ്, രാജാറാണി, സിപിഎം കൽപറ്റ ഏരിയ സെക്രട്ടറി വി.ഹാരിസ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ.ബാബുരാജ്, എ.ഗിരീഷ്, പി.കെ.മുരളി, കെ.ജോസ്, മുഹമ്മദാലി, വി.കെ.മൊയ്തീൻ, ബെന്നി ലൂയിസ്, ടി.കെ.മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
പെരുന്തട്ടയുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങൾ
കാപ്പിത്തോട്ടങ്ങളാലും തേയിലത്തോട്ടങ്ങളാലും ചെറുവനത്താലും ചുറ്റപ്പെട്ട പെരുന്തട്ട ഗ്രാമത്തിന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. പുലി ശല്യം രൂക്ഷമായ മേഖലയാണിത്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാനായി വനംവകുപ്പ് കഴിഞ്ഞ ഒക്ടോബർ 7നു കൂട് സ്ഥാപിച്ചെങ്കിലും അതിന്റെ പരിസരത്തു പോലും വരാതെ പുലി ഇപ്പോഴും വിലസി നടക്കുകയാണ്. പെരുന്തട്ടയിലെ ഭൂരിഭാഗവും എൽസ്റ്റൺ എസ്റ്റേറ്റിന് കീഴിലെ തേയിലത്തോട്ടമാണ്. ഒരുഭാഗം കോഫി ബോർഡിന് കീഴിലെ കാപ്പിത്തോട്ടവും ഒരുഭാഗം വനമേഖലയുമാണ്. 400ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അടിയന്തര ഇടപെടലുമായി വനംവകുപ്പ്
പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട വനംവകുപ്പ് കടുവയുടെ ആക്രമണമുണ്ടായ സ്ഥലത്ത് ഇന്നലെ വൈകിട്ടു മൂന്നരയോടെ കൂട് സ്ഥാപിച്ചു. മേപ്പാടി കർപ്പൂരക്കാട്ടിലെ വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിച്ച വലിയ കൂടാണു സ്ഥലത്ത് സ്ഥാപിച്ചത്. കടുവ കൊന്ന പശുവിന്റെ ജഡം ഇരയായി കൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കി. രാത്രിയിൽ ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി പുറത്തു പോകേണ്ടവർക്കായി വാഹന സൗകര്യമേർപ്പെടുത്തി. വനംവകുപ്പിന്റെ ദ്രുതകർമ സേനയുടെ സേവനവും മേഖലയിലുണ്ടാകും. കാട് മൂടിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കും. തേയില എസ്റ്റേറ്റിലെ കാട് മൂടിയ ഭാഗങ്ങൾ വെട്ടിത്തെളിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് വനംവകുപ്പ് അറിയിച്ചു.