ഇരുട്ടു വീണു തുടങ്ങിയാൽ അതിക്രമം; കാട്ടാനപ്പേടിയിൽ പുകലമാളം
Mail This Article
ബത്തേരി ∙ ഇരുട്ടു വീണു തുടങ്ങിയാൽ കാട്ടാനകളുടെ അതിക്രമമാണ് പുകലമാളം ഗ്രാമത്തിൽ. സമീപത്തെ എസ്റ്റേറ്റിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിലെ വന മേഖലകളിൽ നിന്നുമാണ് കാട്ടാനകൾ പുകലമാളത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വന്യജീവി പ്രതിരോധ മാർഗങ്ങളുടെ അഭാവമാണ് ഈ മേഖലയിലേക്ക് കാട്ടാനകൾ കൂട്ടത്തോടെ എത്താൻ കാരണം.കഴിഞ്ഞ ദിവസം പുലർച്ചെയെത്തിയ കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ വൻ നാശനഷ്ടം വരുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലും തുടർച്ചയായി കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തി. പുമലമാളം കക്കോടൻ കരീമിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന കൃഷിനാശം വരുത്തിയതിനൊപ്പം കിണറിന്റെ ആൾമറയ്ക്കും കേടുപാടുകൾ വരുത്തി. സമീപത്തെ ഹോമിയോ ആശുപത്രിയുടെ ഗേറ്റും ചവിട്ടി നശിപ്പിച്ചു.ദീർഘദൂര ബസുകൾ കാത്ത് ഗ്രാമവാസികൾ പുകലമാളത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുലർച്ചെ ഇരിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള രോഗികളാണ് കൂടുതലും.
6 മാസമായി ഇവിടുത്തെ വഴിവിളക്ക് കത്തുന്നില്ലെന്നു ഗ്രാമവാസികൾ പറയുന്നു. കാട്ടാനയുടെ ആക്രമണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെയും ഉണ്ടാകുമോ എന്നാണ് ആളുകളുടെ ഭയം.വനാതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ കൂടിയാണ് ആനകളെത്തുന്നത്. കിടങ്ങുകൾ മണ്ണിടിഞ്ഞ് നികന്നതും തൂക്കുവേലികൾ പലപ്പോഴും ഫലപ്രദമല്ലാതാകുന്നതും കാട്ടാനകൾക്ക് നാട്ടിലേക്കിറങ്ങാൻ വഴിയൊരുക്കുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് കാട്ടുകൊമ്പൻ വീട്ടുമുറ്റത്തേക്കെത്തിയതെന്നു കരിം കക്കോടൻ പറഞ്ഞു. ഭാര്യ ആയിഷ നിസ്കരിക്കുന്നതിനായി എഴുന്നേറ്റപ്പോഴാണ് മുറ്റത്തു നിന്ന് ശബ്ദം കേട്ടത്. ടോർച്ചടിച്ചു നോക്കിയപ്പോഴാണ് ആന വീടിനടുത്ത് നിൽക്കുന്നത് കണ്ടത്.വനപാലകർ ഉൾപ്പെട്ട വാട്സാപ്പിൽ ഗ്രൂപ്പിൽ വിവരമറിയിച്ചതോടെ അവരെത്തി ആനയെ തുരത്താൻ ശ്രമം ആരംഭിച്ചു. കൃഷിയിടത്തിലൂടെ താഴേക്കിറങ്ങിയ പോകുന്ന വഴിയിലെ കൃഷിയെല്ലാം നശിപ്പിച്ചു.