ADVERTISEMENT

ചുണ്ടേൽ ∙ കുടിവെള്ള ടാങ്കിൽ പോത്ത് കുടുങ്ങിയതിനെ തുടർന്നു  പ്രദേശവാസികൾക്കു 3 ദിവസം  പൈപ്പിലൂടെ ലഭിച്ചത് ചാണകം കലർന്ന വെള്ളം.  ഒ‍ാടത്തോട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്കാണ് ഈ ദുര്യോഗം. പോത്തിനെ ടാങ്കിൽ നിന്ന് രക്ഷിച്ചെങ്കിലും ടാങ്ക് ഇപ്പോഴും മലിനമായി കിടക്കുകയാണ്. 3 ദിവസത്തിലേറെയായി പ്രദേശവാസിയുടെ പോത്തിനെ കാണാനില്ലായിരുന്നു.

പ്രദേശവാസികളടക്കം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ഒ‍ാടത്തോട് കുന്നിനു മുകളിലെ ടാങ്കിൽ നിന്നെത്തുന്ന  വെള്ളം ഉപയോഗിക്കുന്നവരാണ് പൈപ്പിൽ ചാണകം കലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് അറിയിച്ചത്. ചാണകത്തിന്റെ മണവും വെള്ളത്തിനുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.  തുടർന്ന്  നടത്തിയ പരിശോധനയിലാണ് പോത്തിനെ ടാങ്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

3 ദിവസത്തോളം ടാങ്കിലെ വെള്ളത്തിൽ പോത്ത്  അകപ്പെട്ടതോടെ  ടാങ്കിൽ ചാണകവും മറ്റും നിറഞ്ഞ അവസ്ഥയിലായിരിക്കുകയാണ്. ടാങ്കിനു ചുറ്റും സുരക്ഷാ സംവിധാനങ്ങളെന്നുമില്ലാത്തതിനാലാണ് തീറ്റ തേടിയെത്തിയ പോത്ത് ടാങ്കിൽ വീണത്.വെള്ളം മലിനമാകാതിരിക്കാൻ വെള്ളത്തിനു മുകളിൽ വലകളടക്കമുള്ള ഒരു സൗകര്യങ്ങളും ഇവിടെയില്ല. ഇൗ വെള്ളമാണ് കാലങ്ങളായി ഒട്ടേറെ തെ‍ാഴിലാളി കുടുംബങ്ങൾ ഉപയോഗിക്കുന്നത്.

ഏറെ പഴക്കമുള്ള ടാങ്കിന് പകരം മറ്റെ‍ാരിടത്ത് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഇതുവരെയും വെള്ളം വിതരണം ആരംഭിച്ചിട്ടില്ല. ഇതോടെ മറ്റുവഴികളില്ലാതെ ഇൗ വെള്ളമാണ് കുടുംബങ്ങൾ ഉപയോഗിക്കുന്നത്. ടാങ്ക് വൃത്തിയാക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറാകാത്തതിൽ ഇവരെല്ലാം ദുരിതത്തിലാണ്. ഒ‍ാടത്തോട് ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ടാങ്കിൽ നിന്ന് പോത്തിനെ രക്ഷിച്ചത്.  സെക്രട്ടറി മമ്മി നടക്കാവിൽ, സി.എച്ച്.കാസിം, ഷെരീഫ്, നാസർ  തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Contaminated water crisis in Chundel, Kerala, after a buffalo fell into the village drinking water tank. For three days, residents in the Odathodu area consumed water mixed with dung before the cow was rescued.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com