ADVERTISEMENT

മാനന്തവാടി ∙ ഇഴഞ്ഞു നീങ്ങുന്ന മലയോര ഹൈവേ നിർമാണത്തിനിടെ എൽഎഫ് സ്കൂൾ കവലയിൽ  വീതി കൂട്ടുന്നതിനെ ചൊല്ലി വിവാദം. വെള്ളിയാഴ്ചയാണ്  നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മലയോര ഹൈവേയുടെ ഭാഗമായി  എൽഎഫ് സ്കൂൾ കവല  ഇന്റർലോക്ക് പാകുന്നതിനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചത്. റോഡിന് ഒരു ഭാഗത്ത് മാത്രം നടപ്പാത നിർമിക്കാതെ 2 ഭാഗത്തും നടപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതൽ നാട്ടുകാർ പ്രതിഷേധം ഉയർത്തി.

ആദ്യം സിപിഐ പ്രവർത്തകരും പിന്നീട് ബിജെപി പ്രവർത്തകരും  നാട്ടുകാരും ഈ ആവശ്യമുന്നയിച്ച് പ്രതിഷേധവുമായി രംഗത്തെത്തി.  പ്രതിഷേധം ശക്തമായതോടെ റോഡ് നിർമാണം താൽക്കാലികമായി നിർത്തിവച്ചു. സമീപത്തെ എൽഎഫ് സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കാൽനട യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിൽ  നടപ്പാത ഇല്ലാതെ പ്രവൃത്തികൾ അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

വിവരമറിഞ്ഞ് മാനന്തവാടി എസ്എച്ച്ഒ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്ഥിരസമിതി  അധ്യക്ഷൻ പി.വി.എസ്.മൂസ എന്നിവരുമായി  നടത്തിയ ചർച്ചയിൽ നടപ്പാതയ്ക്ക്  സ്ഥലം വിട്ടു നൽകാൻ അമലോത്ഭവ മാതാ തീർഥാടന കേന്ദ്രം കമ്മിറ്റിയുമായി കൂടിയാലോചിച്ച്  പ്രശ്നത്തിന്  പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

ഇതേ തുടർന്ന് റോഡ് നിർമാണം   പുനരാരംഭിച്ചു.അതേ സമയം  മലയോര ഹൈവേയുടെ നിർമാണത്തിനായി സ്ഥലം വിട്ടുനൽകാനുള്ള സന്നദ്ധത മാസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നതാണെന്നും അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അമലോത്ഭവ മാതാ തീർഥാടന കേന്ദ്രം  വികാരി ഫാ. വില്യം രാജൻ പറഞ്ഞു.എത്രയും വേഗം  മലയോര ഹൈവേ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമാണം ആരംഭിച്ചതോടെ മാനന്തവാടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടെ ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ ജോസ് തിയറ്റർ  റോഡ് അടച്ചിട്ടതിലും പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ഈ  റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

English Summary:

Mananthavady hill highway construction faced protests due to the lack of sidewalks at the LF School junction. Following negotiations, a solution was reached involving land from the Amalothbhavam Matha pilgrimage center, allowing work to resume.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com