ശാസ്ത്ര ചർച്ചകളും പ്രദർശനങ്ങളും മത്സരവും നിറഞ്ഞ് ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അങ്കണം
Mail This Article
ബത്തേരി ∙ ശാസ്ത്ര ചർച്ചകളും പ്രദർശനങ്ങളും മത്സരവും നിറഞ്ഞ് ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അങ്കണം. സംസ്ഥാനത്തെ 44 ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് 700 ശാസ്ത്രപ്രതിഭകൾ 2 ദിവസങ്ങളിലായി തമ്പടിക്കുമ്പോൾ കാണുന്നത് വിസ്മയം നിറയുന്ന കാഴ്ചകൾ.ഐഎസ്ആർഒയുടെയും ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിന്റെയും അടക്കമുള്ള പ്രദർശന സ്റ്റാളുകളും ഫാഷൻ ഷോയുമൊക്കെ മേളയുടെ നിറം കൂട്ടി. വിദ്യാർഥികൾ ഒരുക്കിയ വർക്കിങ് മോഡലുകളുടെയും സ്റ്റിൽ മോഡലുകളുടെയും തത്സമയ മത്സരങ്ങളിൽ നിർമിച്ചവയുടെയും പ്രദർശനം ഇന്നുണ്ടാകും. മേള ഇന്ന് സമാപിക്കും.മേളയുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ജോയിന്റ് ഡയറക്ടർ ജെ.എസ്.സുരേഷ്കുമാർ,നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, പി.എസ്.ലിഷ, കൗൺസിലർ രാധ രവീന്ദ്രൻ, അനി ഏബ്രഹാം, പി.എൻ. വികാസ്, ജോൺസൺ ജോസഫ്, പി.എ. അബ്ദുൽ നാസർ, സതീഷ് പൂതിക്കാട്, ബത്തേരി ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് അലി ഹസ്സൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സൂര്യപ്രകാശത്തിൽ ഓടുന്ന കാർ
∙ സൗരോർജം ഉപയോഗിച്ച് ഓടുന്ന കാറുമായാണു കാസർകോട് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികളായ ടി.എസ്. ജീവനും നന്ദകിഷോറും മേളയിലെത്തിയത്. സോളർ പാനലുകൾ വാഹനത്തിന് മുകളിൽ ഉറപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ചാണു വാഹനത്തിന്റെ പ്രവർത്തനം. സൂര്യപ്രകാശം നിലയ്ക്കുമ്പോഴും സൂര്യപ്രകാശത്തിൽ നിന്ന് മുൻകൂട്ടി ശേഖരിച്ച ഊർജം ഉപയോഗിക്കും വിധമാണ് നിർമാണം.
അഗ്രി സ്മോക്ക് റെഡ്യൂസർ
∙ കൃഷിയിടങ്ങളിലെ മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം ഒഴിവാക്കാൻ അഗ്രി സ്മോക്ക് റെഡ്യൂസർ എന്ന യന്ത്രവുമായാണു അടിമാലി ടെക്നിക്കൽ സ്കൂൾ വിദ്യാർഥികളായ അഭിയാം ജോസും ആദർശ് ജിയോയും എത്തിയത്. കാർഷിക മാലിന്യങ്ങൾ യന്ത്രത്തിന്റെ ഇൻസിനറേറ്ററിനുള്ളിൽ നിക്ഷേപിച്ച ശേഷം കത്തുമ്പോൾ അതിൽ നിന്നുള്ള ചൂട് ഉപയോഗിച്ച് കാർഷികോൽപന്നങ്ങൾ ഉണക്കാനും വെള്ളം ചൂടാക്കാനും പാചകം ചെയ്യാനും കഴിയും. ശുദ്ധ വായു പുറത്തേക്ക് വിടുകയും ചെയ്യുന്നു.
കൃഷിയിടങ്ങളിലെ ശല്യക്കാരെ പറപ്പിക്കും സ്കെയർ ക്രോ
∙ കൃഷിയിടങ്ങളിൽ ശല്യക്കാരായെത്തുന്ന കിളികളെയും മൃഗങ്ങളെയും പറപറത്താൻ സ്കെയർ ക്രോ എന്ന യന്ത്രവുമായി കായംകുളം കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലെ ലെവിനും വിനായകനും. പക്ഷികളോ മറ്റു ജീവികളോ യന്ത്രത്തിന് 100 മീറ്റർ ചുറ്റളവിലെത്തിയാൽ യന്ത്രം അലാം മുഴക്കും. യന്ത്രനിർമിത കൈകൾ വീശുകയും ഹെഡ്‌ലൈറ്റ് തെളിയുകയും ചെയ്യും.കിളികളും ജീവികളും പോയിക്കഴിഞ്ഞാൽ ഒരു മിനിറ്റിനുള്ളിൽ യന്ത്രം ഓഫാകും.ബോർഡിലെ പിഐആർ സെൻസറുകൾ ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവർത്തനം.
താരമായി ബഗ്ഗി
∙ വർക്കിങ് മോഡലുകളിൽ താരമായ ബഗ്ഗി മേളയിലെ ഓഫ് റോഡുകളിലൂടെ തിളങ്ങി .മഞ്ചേരി ഗവ. ടെക്നിക്കൽ സ്കൂളിലെ അഹമ്മദ് ജിനാനും ഇ.ആദിലുമാണ് ബഗ്ഗിയുമായി മേളക്കെത്തിയത്. ആക്റ്റീവ സ്കൂട്ടറിന്റെ പെട്രോൾ ടാങ്കും നാനോ കാറിന്റെ ടയറുകളും ഫാൻസി സ്റ്റിയറിങുമാണ് ബഗ്ഗി നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പെട്രോൾ ഉപയോഗിക്കുന്ന ബഗ്ഗിയുടെ ശബ്ദം കുറയ്ക്കുന്നതിനായി സൈലൻസറും ഘടിപ്പിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ പെട്രോളിൽ 30 കിലോമീറ്റർ ഓടാൻ കഴിയും.