ADVERTISEMENT

കുട്ടിക്കാലത്ത് വീട്ടിൽ സന്ധ്യാദീപം തെളിച്ചു കഴിഞ്ഞാൽ രാത്രി പത്തുവരെ മകൾ ഉമ്മറത്തിരുന്ന് ഉറക്കെ വായിച്ചു പഠിക്കണമെന്നത് അച്ഛന്റെ നിർബന്ധമായിരുന്നു. അച്ഛന്റെ സ്വപ്നംപോലെ, മകൾ പഠിച്ചു വളർന്നു വലിയൊരു വിജയത്തിനു തിരി തെളിക്കുമ്പോൾ പക്ഷേ, ആ അച്ഛൻ കൂടെയില്ല. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ ഏഴാം റാങ്കോടെ സർക്കാർ സ്കൂളിൽ അധ്യാപികയാകുന്ന കണ്ണൂർ പരിയാരം സ്വദേശി കെ.പി. ബീന ഈ നേട്ടം സമർപ്പിക്കുന്നത് അച്ഛൻ കുഞ്ഞിരാമന്റെ ഓർമകൾക്കു മുന്നിലാണ്.

ജസ്റ്റ് പാസ് മാത്രം പോരാ 
പരിയാരം മേലതിയടം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച ബീനയുടെ മനസ്സിൽ കുട്ടിക്കാലം മുതൽ സർക്കാർ ജോലിയെന്ന സ്വപ്നത്തിന്റെ വിത്തുപാകിയത് അച്ഛനായിരുന്നു. മേലതിയടം ഗ്രാമീണ വായനശാലയിൽ അംഗത്വമെടുത്തു നൽകിയപ്പോൾ അച്ഛൻ പറഞ്ഞത് കഴിയുന്നത്ര വായിക്കണമെന്നു മാത്രം. മലയാള സാഹിത്യത്തിലെ ബിരുദ, ബിരുദാനന്തരപഠനം വായനയ്ക്ക് ആക്കം കൂട്ടി. പക്ഷേ, അച്ഛന്റെ അപ്രതീക്ഷിത മരണം ആഘാതമായി. തളർന്നുപോയ ബീനയ്ക്ക് അമ്മ സതിയാണ് തുടർപഠനത്തിനുള്ള പ്രചോദനം നൽകിയത്. പിജി പൂർത്തിയാക്കി കണ്ണൂർ സർവകലാശാലയിൽ ബിഎഡിനു ചേർന്നു. 2013ൽ ആദ്യം എച്ച്എസ്ടി പരീക്ഷയെഴുതിയെങ്കിലും മികച്ച റാങ്ക് നേടാൻ സാധിച്ചില്ല. സാഹിത്യം മാത്രം വായിച്ചിരുന്നാൽ പിഎസ്‌സി പരീക്ഷ വിജയിക്കാൻ കഴിയില്ലെന്ന തിരിച്ചറിവുകൂടിയായി ആ പരാജയം. കാസർകോട് കുമ്പളയിലേക്കു വിവാഹം ചെയ്തെത്തിയ ബീന അവിടെ സിബിഎസ്‌ഇ സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

വിജ്ഞാപത്തിനു മുൻപേ പഠനം
ആ സ്കൂളിൽ ഒൻപതു വർഷം ജോലി ചെയ്തപ്പോഴും മനസ്സിൽ സർക്കാർ ജോലിയായിരുന്നു. ജോലിക്കിടയിലെ സമയം മുഴുവൻ പഠനത്തിനായി നീക്കിവച്ചു. അടുത്ത എച്ച്എസ്ടി വിജ്ഞാപനം വരുന്നതുവരെ കാത്തിരിക്കാതെ ആവേശപൂർവം പഠിച്ചു. പത്തിൽ താഴെയുള്ള റാങ്ക് തന്നെ നേടണമെന്നു മനസ്സിലുറപ്പിച്ചു. സ്വയംപഠനത്തിനൊരു മാർഗനിർദേശം വേണമെന്നു തോന്നിയപ്പോഴാണ് ഓൺലൈൻ കോച്ചിങ്ങിനു ചേർന്നത്. സിലബസ് കൃത്യമായി മനസ്സിലാക്കി ഓരോ പാഠഭാഗവും അക്ഷരാർഥത്തിൽ അരിച്ചുപെറുക്കി പഠിച്ചത് ആത്മവിശ്വാസം നൽകി. പുലർച്ചെ അഞ്ചിന് എഴുന്നേറ്റു തുടങ്ങുന്ന പഠനം സ്കൂളിൽ പോകുംവരെ തുടർന്നു. വൈകിട്ട് വീട്ടിലെത്തി അടുക്കളപ്പണികൾ ഒതുക്കി പുലർച്ചെ രണ്ടു വരെ വീണ്ടും പഠനം. മൂന്നുമണിക്കൂർ ഉറങ്ങിയതിനുപോലും കുറ്റബോധം തോന്നി ഞെട്ടിയുണർന്നു പഠിച്ച ആ ദിവസങ്ങളാണ് ബീനയെ റാങ്ക്നേട്ടത്തിനു സഹായിച്ചത്. പാട്ടുരൂപത്തിലും പരിശീലനം മനസ്സിൽ മത്സരബുദ്ധി നിലനിർത്താൻ എൽഡിസി ഉൾപ്പെടെ മറ്റു പിഎസ്‌സി പരീക്ഷകളും എഴുതിയിരുന്നു. എങ്കിലും, ഹൈസ്കൂൾ അധ്യാപിക എന്ന സ്വപ്നം മാത്രമായിരുന്നു മനസ്സിൽ. പഠിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതും ഇഷ്ടമില്ലാത്തതുമായ വിഷയങ്ങൾക്കാണ് കൂടുതൽ സമയം നീക്കിവച്ചത്.

‘‘പിഎസ്‌സി പഠനകാലത്ത് എനിക്കു പോസിറ്റീവ് എനർജി നൽകിയത് തൊഴിൽവീഥിആയിരുന്നു.സൈക്കോളജി, കറന്റ് അഫയേഴ്സ് വിഷയങ്ങൾക്ക്  തൊഴിൽവീഥിയെ മാത്രമാണ്ആശ്രയിച്ചത്. മറ്റു റാങ്ക് ജേതാക്കളുടെ വിജയരഹസ്യങ്ങൾ പഠനത്തിനുള്ള ഊർജം പകർന്നു.അവരുടെഅനുഭവങ്ങൾ വായിക്കുമ്പോൾ ഒരിക്കൽ എനിക്കും നല്ലൊരു റാങ്ക് നേട്ടത്തിന്റെ അനുഭവം പറയാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. തീവ്രമായിആഗ്രഹിക്കുകയുംഅതിനുവേണ്ടി അധ്വാനിക്കുകയും ചെയ്താൽ ഏതു വിജയവും നമുക്കു സ്വന്തമാക്കാം’’.

 

ഒരു വട്ടം സിലബസ് പഠിച്ചുതീർത്തെന്നു തോന്നിയപ്പോൾ ദിവസവും മോക് ടെസ്റ്റുകൾ എഴുതി പരിശീലിച്ചു. പരീക്ഷയിൽ ജയിക്കാൻ വായിച്ചുപഠിച്ചാൽ മാത്രം പോരാ, എഴുതിത്തന്നെ പഠിക്കണമെന്നതാണു ബീനയുടെ അഭിപ്രായം. എത്ര പഠിച്ചാലും പരീക്ഷാഹാളിൽ കയറുമ്പോഴുള്ള പരിഭ്രമം ഒഴിവാക്കാൻ മാതൃകാപരീക്ഷ എഴുതിയുള്ള പഠനം ഉപകരിക്കും. ഓർമിക്കാൻ ബുദ്ധിമുട്ടുള്ള ചോദ്യോത്തരങ്ങൾ പാട്ടുരൂപത്തിലാക്കി പഠിച്ചത് എളുപ്പമായി. തുള്ളൽപ്പാട്ടിന്റെ യും  താരാട്ടു പാട്ടിന്റെയുമൊക്കെ ഈണ ത്തിൽ പലവട്ടം നീട്ടിച്ചൊല്ലി മനസ്സിൽ പതിപ്പിച്ചു. പരീക്ഷയുടെ തൊട്ടുമുൻപുള്ള ആഴ്ചയും ജോലി തുടർന്ന ബീന പഠിക്കാൻ വേണ്ടി പ്രത്യേകം അവധിയെടുത്തിരുന്നില്ല. ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും പിഎസ്‌സി പഠനവുമെല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ കഴിഞ്ഞതിൽ ബീന നന്ദി പറയുന്നത് ഭർത്താവ് സുനിൽ പണിക്കർക്കും അഞ്ചാം ക്ലാസുകാരി മകൾ ശിവാംഗിക്കുമാണ്.

English Summary:

Late-Night Studies to Melodic Learning: Beena Secures Coveted Teaching Position Honoring Father's Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com