ADVERTISEMENT

പഠനം പൂർത്തിയാക്കിയിട്ടും ആഗ്രഹിച്ചതുപോലെ ഒരു ജോലി കിട്ടുന്നില്ല, നിലവിലെ ജോലിയേക്കാളും മികച്ച ഒന്നിലേക്കു മാറാൻ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല എന്നൊക്കെ പലരും നിരാശപ്പെടാറുണ്ട്. ജോലി വേണമെന്ന അതിയായ ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാതെ അവസരത്തിനായി കാത്തിരിക്കുന്നതാണ് പലരുടെയും പതിവ്. ആ അലസ മനോഭാവം മാറ്റുകയാണ് ജോലി കിട്ടാനുള്ള ആദ്യ പടി. മികച്ച ജോലിയിലേക്ക് നയിക്കുന്ന വിവിധ സ്രോതസ്സുകൾ നമുക്കു ചുറ്റിലുമുണ്ട്. അവയേതൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിയുകയും അതിലൂടെ മനസ്സിനിണങ്ങുന്ന ജോലി സ്വന്തമാക്കുകയും ചെയ്യാം.

പ്രധാനമായും ഏഴു പ്രധാന സ്രോതസ്സുകൾ മികച്ച ജോലിയിലേക്ക് നയിക്കും.

01. പരസ്യം
ചില പ്രത്യേക ദിവസങ്ങളിൽ ഇംഗ്ലിഷ്, മലയാളം പത്രങ്ങളിൽ വിവിധ തരം ജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ പരസ്യം പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയാണ്. ആദ്യമായി ജോലിക്കു ശ്രമിക്കുന്നവർക്കും നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും പരസ്യങ്ങളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയനുസരിച്ച് പുതിയ ജോലി കണ്ടെത്താൻ ശ്രമിക്കാം. അത്തരം പരസ്യങ്ങളിൽ ജോലിയുടെ പ്രത്യേകതളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും ജോലി കിട്ടിയാൽ ചെയ്യാനുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ടാകും. അത് വായിച്ചു മനസ്സിലാക്കിയ ശേഷം, ഇണങ്ങുന്നതാണെന്ന് ബോധ്യപ്പെട്ടാൽ അപേക്ഷിക്കാം.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

02. ജോബ് പോർട്ടലുകൾ
നൗക്കരി ഡോട്ട്കോം, മോയിസ്റ്റർ ഡോട്ട് കോം, ഇൻഡീഡ് ഡോട്ട് കോം പോലെയുള്ള ജോബ് പോർട്ടലുകളെ ആശ്രയിക്കാം. രാജ്യാന്തരതലത്തിൽ പ്രാധാന്യമുള്ള ജോബ് പോർട്ടലുകൾ വഴി അനുയോജ്യമായ ജോലി തേടാവുന്നതാണ്. അതിലൂടെ സൗജന്യമായി റെസ്യൂമെ പോസ്റ്റ് ചെയ്യാൻ സാധിക്കും.

03. പ്രഫഷനൽ പ്ലേസ്മെന്റ് ഏജൻസി
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള ജോലി തിരയലിന് പ്രഫഷനൽ പ്ലേസ്മെന്റ് ഏജൻസി സഹായിക്കും. വിശ്വസനീയമായ പ്ലേസ്മെന്റ് ഏജൻസികൾ വളരെ ചെറിയ തുകകൾ മാത്രമേ റജിസ്ട്രേഷൻ ഫീസായി ഈടാക്കുകയുള്ളൂ. ഏതെങ്കിലും പ്രഫഷനൽ പ്ലേസ്മെന്റ് ഏജൻസികൾ ഭീമമായ തുകയോ ഒറിജിനൽ സർട്ടിഫിക്കറ്റുകളോ ആദ്യ മാസങ്ങളിലെ ശമ്പളമോ ആവശ്യപ്പെട്ടാൽ വളരെ ആലോചിച്ചു മാത്രമേ അവരുടെ സേവനം സ്വീകരിക്കാവൂ. മികച്ച പ്രഫഷനൽ ഏജൻസികൾ നിങ്ങളുടെ യോഗ്യതയ്ക്കും അനുഭവപരിചയത്തിനും ഇണങ്ങുന്ന അവസരങ്ങൾ കണ്ടെത്തി അറിയിക്കും. ഒരു ചെറിയ റജിസ്ട്രേഷൻ ഫീസല്ലാതെ മറ്റൊന്നും ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കാറില്ല.

linked-in
Representative image. Photo Credit : franckreporter/iStock

04. ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
ലിങ്ക്ഡ്– ഇൻ പോലെയുള്ള പേജുകളിൽ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് നമുക്കാവശ്യമായ ജോബ് സോഴ്സുകളിലേക്ക് അപേക്ഷ അയയ്ക്കാം. റെസ്യൂമെ ഷെയർ ചെയ്യാം, പ്രഫഷനൽ നെറ്റ്‌വർക്കിങ് നടത്താം. അങ്ങനെ ചെയ്താൽ ലിങ്ക്ഡ് ഇൻ വഴി ജോലിയവസരങ്ങൾ വരുകയും അതു വഴി ജോലിസാധ്യതകൾ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

05. പൂർവവിദ്യാർഥികളുമായുള്ള ബന്ധം
പഠിച്ച സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളിൽ പലരും പല സ്ഥാപനങ്ങളിലും മികച്ച തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടാകും. അവരുമായി ബന്ധപ്പെടുകയും റെസ്യൂമെ പങ്കുവയ്ക്കുകയും ചെയ്താൽ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ഒഴിവുകൾ വന്നാൽ അറിയിക്കും. ചില സ്ഥാപനങ്ങൾ ജോലി ഒഴിവുകളെക്കുറിച്ച് പുറമേ പരസ്യപ്പെടുത്തുന്നതിനു മുൻപ് സ്ഥാപനത്തിനുള്ളിലും അറിയിക്കും. ഇത്തരം അവസരങ്ങളിൽ ഒഴിവിനെക്കുറിച്ച് നേരത്തേ അറിയാനും ആ ജോലി കിട്ടാനുമുള്ള സാധ്യത വർധിക്കും.

stress-interview
Representative image. Photo Credit : fizkes/Shutterstock

06. വോക്ക് ഇൻ ഇന്റർവ്യൂ
സ്ഥാപനത്തിൽ ചെന്ന് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാനും അതുവഴി ജോലി നേടാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ചിലപ്പോൾ റെസ്യൂമെയുമായി ചെല്ലുമ്പോഴായിരിക്കും അവിടെയൊരു ജോലി സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നതും ആ ജോലി ലഭിക്കുകയും ചെയ്യുക.

07. പ്രഫഷനൽ അസോസിയേഷനുകൾ
കൊമേഴ്സ് അസോസിയേഷൻ, മാനേജ്മെന്റ് അസോസിയേഷൻ, മാത്തമാറ്റിക്കൽ അസോസിയേഷൻ പോലെയുള്ള പ്രഫഷനൽ അസോസിയേഷനുകൾ വഴിയും ജോലി സാധ്യതയെക്കുറിച്ചറിയാം. അത്തരം സംഘടനകളിലെ അംഗങ്ങൾക്ക് റെസ്യൂമെ നൽകുന്നതു വഴിയും ആഗ്രഹിച്ച ജോലിയിലേക്ക് ചിലപ്പോൾ എത്താൻ സാധിക്കും.

Representative Image. Photo Credit : ChristianChan/iStock
Representative Image. Photo Credit : ChristianChan/iStock

08. ജോബ് ഫെയർ
പഠിക്കുന്ന സ്ഥാപനത്തിലെ കുട്ടികളെയും മറ്റു സ്ഥാപനങ്ങളിലെ കുട്ടികളെയുമൊക്കെ കൂട്ടി കമ്പനികളെ സമീപിച്ച് ജോബ്ഫെയർ സംഘടിപ്പിച്ചാൽ അതു വഴിയും മികച്ച ജോലിയിലേക്കെത്താൻ സാധിക്കും.

Representative image. Photo Credit : Marisa9/iStock
Representative image. Photo Credit : Marisa9/iStock

പരസ്യങ്ങളിലൂടെയോ ക്യാംപസ് പ്ലേസ്മെന്റുകളിലൂടെയോ മാത്രമല്ല, ഉദ്യോഗാർഥികൾ തന്നെ മുൻകൈയെടുത്ത് മേൽപറഞ്ഞ മാർഗങ്ങളിലൂടെ ശ്രമിച്ചാൽ മനസ്സിനിണങ്ങുന്ന ജോലി എത്രയും വേഗം കണ്ടെത്താം. ആദ്യമായി പങ്കെടുക്കുന്ന അഭിമുഖത്തിലൂടെ ജോലി കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. മേൽ പറഞ്ഞ സ്രോതസ്സുകളിലൂടെ പരമാവധി ശ്രമിച്ചാൽ അവനവന്റെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച് ജോലി കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

English Summary:

Unlock Job Opportunities: 8 Proven Sources to Land Your Dream Role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com