ADVERTISEMENT

എടുത്താൽ പൊങ്ങാത്തത്ര ജോലിഭാരം, അതിന്റെ കൂടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കിടുന്ന സഹപ്രവർത്തകർ. ജോലിസ്ഥലം ദുസ്സഹമാകാൻ ഇങ്ങനെ കാരണങ്ങൾ പലതാണ്. ചിലർ എല്ലാം കണ്ടില്ല കേട്ടില്ല എന്നു വച്ച് മുന്നോട്ടു പോകും. മറ്റു ചിലരാകട്ടെ, സമാധാനത്തിനു വേണ്ടി ജോലി തന്നെ ഉപേക്ഷിച്ചാലോ എന്നു വരെ ചിന്തിക്കും. എന്നാൽ ജോലിസ്ഥലം ദുസ്സഹമാക്കുന്ന വ്യക്തികളെ ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ സുന്ദരമായി ജോലിയും ജീവിതവും മുന്നോട്ടു കൊണ്ടുപോകാം. 

എനിക്കു മാത്രമെന്താ ഇങ്ങനെ?
ജോലിസ്ഥലത്ത് ഞാനൊഴികെ മറ്റുള്ളവരെല്ലാം സന്തോഷത്തിലാണ് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. അത് തീർത്തും തെറ്റാണ്. ഏതു സ്ഥലത്തും അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകളുണ്ടാകും. അത്തരക്കാരെ ഡിഫിക്കൽറ്റ് കൊളീഗ്സ് (difficult colleague) എന്നാണ് പറയുന്നത്. ജോലി ചെയ്യുന്ന അന്തരീക്ഷത്തിനു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ജോലിയിൽ ഉയർച്ചയുണ്ടാകാനും ഇത്തരക്കാരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പഠിക്കണം.

01. നമുക്ക് ഇഷ്ടമില്ലാത്ത, നമ്മുടെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിൽ ആളുകൾ പെരുമാറാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുകയും അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ ശാന്തമായിരിക്കാനും ശ്രമിക്കണം. നമ്മൾ വൈകാരികമായി പ്രതികരിച്ചാൽ അപ്പുറത്തു നിൽക്കുന്നയാൾ അതിന്റെ ഇരട്ടി വൈകാരികതയോടെ പെരുമാറുകയും ആ സംഭവം വേറൊരു തലത്തിലേക്ക് എത്തുകയും ചെയ്യാം.

02. ടോക്സിക് ആളുകൾ പലവിധം
ടോക്സിക് ആളുകൾ പലതരത്തിലുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട്  മോശമായി പെരുമാറുന്നവരുണ്ടാകാം. മറ്റു ചിലർ ശീലങ്ങളുടെ ഭാഗമായാകാം അങ്ങനെ പെരുമാറുന്നത്. മനപൂർവം തീരുമാനിച്ചുറപ്പിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നവരാണ് മറ്റൊരു കൂട്ടർ. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് ചിലർ ടോക്സിക് ആകുന്നതെന്നു മനസ്സിലായാൽ അത്തരക്കാരോട് വിരോധം കാട്ടരുത്. ശീലങ്ങളുടെ ഭാഗമായി ടോക്സിസിറ്റി പരത്തുന്നവരോട് കാര്യങ്ങൾ തുറന്നു സംസാരിക്കുകയും മുന്നറിയിപ്പു കൊടുക്കുകയും വേണം. ശേഷം ആ സ്വഭാവം മാറ്റാൻ പരിശീലനവും കൗൺസലിങ്ങും നൽകണം. ജോലിസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് അവരെ കൃത്യമായി ബോധ്യപ്പെടുത്തണം. മനപൂർവം ടോക്സിസിറ്റി ഉണ്ടാക്കുന്നവരെ തിരിച്ചറിയുകയും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്കെതിരെ  നടപടിയെടുക്കുകയും വേണം. കാരണം അവർ അത്യധികം അപകടകാരികളാണ്. അവർ നെഗറ്റിവിറ്റി വ്യാപിപ്പിക്കുകയും അത്തരം പ്രവൃത്തികൾ ടീമിന്റെ പ്രകടനത്തെ മുഴുവൻ മോശമായി ബാധിക്കുകയും ചെയ്യും.

Representative image. Photo Credit : Antonio Guillem/Shutterstock
Representative image. Photo Credit : Antonio Guillem/Shutterstock

03. കൃത്യമായ ആശയവിനിമയം
സഹപ്രവർത്തകരിൽ ഒരാൾ മോശം ഭാഷയിൽ നമ്മളോടു സംസാരിക്കുമ്പോൾ അതേ ഭാഷയിൽ നമ്മളും തിരിച്ചു പറഞ്ഞാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കും. ആദ്യം പ്രശ്നം എന്താണെന്നു കേൾക്കാൻ ശ്രമിക്കുക. ഇങ്ങനെയുള്ള പെരുമാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മാന്യമായി അവരോടു പറയുക. കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ശ്രമിക്കുക. എന്നിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവായ സമീപനം ഉണ്ടാകുന്നില്ലെങ്കിൽ മാത്രം അത് മേലധികാരികളിലേക്കെത്തിക്കാം.

04. നല്ല ശ്രോതാവാകാം
ചിലയാളുകൾ മറ്റുള്ളവർ പറയുന്നതു കേൾക്കാൻ തയാറാവുകയേയില്ല. ‘ഇതൊക്കെ എനിക്കറിയാം. കൂടുതൽ സംസാരിക്കാൻ വരണ്ട’ എന്ന മട്ടിലാകും അവരുടെ സംസാരം. മറ്റുള്ളവരെ കേൾക്കാൻ തയാറുള്ള ആളുകൾ കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടവരാണ്. ആരു പറഞ്ഞാലും കേൾക്കാൻ തയാറല്ലാത്തയാളുകളെ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ സ്ഥാപനമേധാവികൾ തയാറായാൽത്തന്നെ ഒരുവിധം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും. മറ്റുള്ളവരെ കേൾക്കാൻ വിമുഖതയുള്ള മാനേജർമാരാണ് പല ജോലി അന്തരീക്ഷവും ദുസ്സഹമാക്കുന്നത്. പരാതിയും സങ്കടവുമായി മേലധികാരികൾക്കു മുന്നിലെത്തുന്ന ജീവനക്കാരെ കേൾക്കാനെങ്കിലും തയാറായാൽ അവർക്കതൊരു വലിയ ആശ്വാസമാകും

05. പരദൂഷണക്കമ്മിറ്റിക്കാർ
ചിലയാളുകൾ കണ്ടതും കേട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു പരത്തും. അത്തരം കൂട്ടുകെട്ടിൽച്ചെന്നു പെടാതിരിക്കുക എന്നതും പ്രധാനമാണ്. അത്തരക്കാരോട് അധികം സംസാരിക്കാതിരിക്കുന്നതാകും ഉചിതം. കാരണം കഥകൾ കറങ്ങിത്തിരിഞ്ഞു വരുമ്പോൾ അത് പടച്ചുവിട്ടത് നിങ്ങളാണെന്ന അപവാദകഥയും പിന്നാലെയുണ്ടാകും.

07.  പരിഹാരം താൽക്കാലികമല്ല, ശാശ്വതമാവട്ടെ
നിങ്ങളും പ്രശ്നക്കാരനായ സഹപ്രവർത്തകനും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സാധിക്കുന്നില്ലെങ്കിൽ അവിടെ ഒരു മീഡിയേഷന് ശ്രമിക്കുന്നത് നന്നായിരിക്കും. ഈ രണ്ട് ആളുകൾക്കും സ്വീകാര്യനായ ഒരാളായിരിക്കണം മീഡിയേറ്റർ.  പ്രശ്നങ്ങളുണ്ടാകാതെ സ്വസ്ഥമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമെന്ന ലക്ഷ്യത്തോടെ വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാൻ.

difficult-co-worker
Representative image. Photo Credit : AntonioGuillem/Shutterstock

08. ഒന്നും മനസ്സിലേക്കെടുക്കരുത്
ജോലി സ്ഥലത്തെ പ്രശ്നങ്ങളെ മനസ്സിലേക്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവനവന് സ്വയം ഒരു കരുതൽ നൽകാൻ സമയം കണ്ടെത്തണം. ഫീൽ ആൻഡ് ഡീൽ എന്നാണ് അതിനു പറയുന്നത്. ഓരോ വ്യക്തിയും ഓരോ രീതിയിലാകും ജോലി ചെയ്യുന്നത്. ചിലർ ജോലി ചെയ്യാൻ തുടങ്ങിയാൽപ്പിന്നെ ചുറ്റും നടക്കുന്നതൊന്നും അറിയാറില്ല. മറ്റു ചിലർക്ക് ജോലി ചെയ്യുമ്പോൾ  കേൾക്കുന്ന ചെറിയ ശബ്ദം പോലും ജോലിയുടെ ഏകാഗ്രതയെ ബാധിക്കും. മറ്റുള്ളവരുടെ ചെയ്തികൾ നിങ്ങളുടെ ജോലിയെ ബാധിക്കുന്നുണ്ടെങ്കിൽ ആദ്യം തന്നെ അതു തുറന്നു പറയാൻ ശ്രമിക്കണം. ആദ്യമൊക്കെ അഹിതമായ പ്രവൃത്തികളുണ്ടാകുമ്പോൾ സഹിച്ചിട്ട് ഒടുവിൽ സഹികെടുമ്പോൾ പൊട്ടിത്തെറിക്കുന്നത് നന്നല്ല. അപ്പുറത്തെയാളുടെ അസഹനീയ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നുമ്പോൾത്തന്നെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കാം.

08. പരാതികൾ പരിഹരിക്കാൻ മേലുദ്യോഗസ്ഥരും ശ്രമിക്കണം
ഇത്രയൊക്കെ ശ്രമിച്ചിട്ടും പ്രശ്നക്കാരായ സഹപ്രവർത്തകർ സഹകരിച്ചില്ലെങ്കിൽ നിങ്ങളുടെ മേധാവിയോട് ഇതേക്കുറിച്ച് പരാതി പറയുക. അവർ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി പ്രശ്നക്കാരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. പക്ഷേ കാര്യങ്ങൾ കേൾക്കാനോ കേട്ടാൽത്തന്നെ നടപടി സ്വീകരിക്കാനോ മേലധികാരികൾ തയാറാകാതെ വരുമ്പോഴാണ് പ്രശ്നക്കാരായ ജീവനക്കാരുടെ ശല്യം സഹിക്കാൻ വയ്യാതെ നല്ല ജീവനക്കാരൻ സ്ഥാപനം വിട്ടുപോകാൻ നിർബന്ധിതനാകുന്നതെന്ന സത്യം ഉൾക്കൊള്ളാൻ മേലധികാരികളും ശ്രമിക്കണം.

09. പഴികേട്ടാലും തളരരുത്
പ്രശ്നക്കാർക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുന്ന ചില സാഹചര്യങ്ങളിൽ ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ട അവസ്ഥ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ജോലിസ്ഥലത്തെ ആശയവിനിമയം റെക്കോർഡിക്കൽ ആക്കണമെന്ന് പറയുന്നത്. നിർദേശങ്ങൾ കത്തായോ ഇമെയിൽ ആയോ മെസേജ് ആയോ വാങ്ങുക. അത് രേഖപ്പെടുത്തി വയ്ക്കുക. വാക്കാൽ നിർദേശങ്ങൾ ലഭിക്കുന്ന പക്ഷം. താങ്കളുടെ നിർദേശമനുസരിച്ച് ഞാൻ ഇതുപോലെ ചെയ്യാൻ പോവുകയാണെന്നും വേണ്ട മാർഗനിർദേശം വേണമെന്നുമുള്ള മെയിൽ മാന്യമായ ഭാഷയിൽ ബോസിനെ അഡ്രസ്സ് ചെയ്ത് തയാറാക്കി വയ്ക്കാം. നിർദേശങ്ങൾ മറന്നു പോകാൻ ഇടയാകുന്ന പക്ഷം ഇത്തരം മെയിലുകൾ ജോലി കൃത്യമായിച്ചെയ്യാൻ സഹായിക്കും. ഡിഫിക്കൽറ്റ് കൊളീഗ്സിനെ ഡീൽ ചെയ്യാനുളള പ്രധാന ആയുധമാണ് റിട്ടൺ കമ്യൂണിക്കേഷൻ.

Content Summary:

Transforming Tension: Pro Tips to Handle Difficult Colleagues and Promote Positive Work Environments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com