നോ പറയാൻ പഠിക്കാം, മൾട്ടിടാസ്ക്കിങ്ങ് വലിച്ച് തലയിൽ വയ്ക്കരുത്! ജോലിയിൽ സ്മാർട്ടാകാൻ 15 വഴികൾ
Mail This Article
കഠിനാധ്വാനം എന്നത് പലർക്കുമൊരു ജീവിതചര്യയാണ്. ദിവസംതോറും ആവർത്തിക്കുന്ന പതിവ്. പരാതികളും പരിഭവങ്ങളും പറഞ്ഞതിനു ശേഷവും ഇത് ആവർത്തിക്കുന്നു. ശരീരത്തിനൊപ്പം മനസ്സിനെയും ഇതു പ്രതികൂലമായി ബാധിക്കുമ്പോഴേക്കും ആരോഗ്യം തിരിച്ചുപിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും പലരും. നേരത്തേ നന്നായി ചെയ്തിരുന്ന ജോലികൾ പോലും ചെയ്യാൻ കഴിയാതെ, കഴിവുകൾ ഒന്നൊന്നായി നശിച്ച അവസ്ഥയിൽ ഇനിയൊന്നിനും വയ്യ എന്ന അവസ്ഥയിൽ പോലും എത്തുന്നവരുണ്ട്. ഓരോ ജോലിക്കും വ്യത്യസ്ത സ്വഭാവമുണ്ട്. എന്നാൽ ജോലി ചെയ്യുന്നത് ഒഴിവാക്കാനാവില്ല. ആകെയുള്ള പരിഹാരം സ്മാർട്ടായി ജോലി ചെയ്ത് ശരീരത്തെയും മനസ്സിനെയും മോശമായി ബാധിക്കുന്നത് ഒഴിവാക്കുക എന്നതാണ്. ഇത് അസാധ്യമല്ല. പക്ഷേ, സ്മാർട്ടായി ജോലി ചെയ്യാൻ അറിഞ്ഞിരിക്കണമെന്നു മാത്രം. ജോലി സ്മാർട്ട് ആകുന്നതോടെ ഫലം കൂടുന്നു. ക്ഷീണം കുറയുന്നു. കൂടുതൽ നാൾ ആരോഗ്യത്തോടെ ജോലി ചെയ്യാൻ കഴിയുന്നു. വ്യക്തിജീവിതത്തിൽ കൂടുതൽ സമയം നേടുന്നതോടൊപ്പം ആസ്വാദ്യമായി ജീവിക്കാനും കഴിയും. സ്മാർട്ടായി ജീവിക്കാൻ 15 ഫലപ്രദമായ മാർഗങ്ങൾ പരിചയപ്പെടാം.
1. മൾട്ടിടാസ്കിങ് വേണ്ട
ഒരു സമയം തന്നെ പല കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കുന്നതായി ആർക്കും തോന്നാം. എന്നാൽ, ഇത് ബുദ്ധിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും എന്നുകൂടി അറിയുക. ഒരു സമയം ഒരു കാര്യത്തിൽ മാത്രം മനസ്സിരുത്തുന്ന രീതിയിലാണ് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ. പെട്ടെന്ന് ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കു മാറുന്നത് മസ്തിഷ്കത്തെ ക്ഷീണിപ്പിക്കും. പല ജോലികൾ ചെയ്യുന്നത് ഗുണനിലവാരത്തെയും ബാധിക്കും. എല്ലാ ജോലിയും ഏറ്റവും നന്നായി ചെയ്യുക എന്നത് അസാധ്യമാണ്. കുറച്ചുകാലം മൾട്ടിടാസ്കിങ് വിജയകരമായി മുന്നോട്ടുകൊണ്ടുപോയാലും വൈകാതെ തിരിച്ചടിയുണ്ടാകാം. ഒരു പ്രവൃത്തിയിൽ മാത്രം മനസ്സർപ്പിക്കുമ്പോൾ കൂടുതൽ നന്നായി ജോലി ചെയ്യാനാവുമെന്നുള്ളതും അനുഭവപാഠം തന്നെയാണ്.
2. ഏകീകൃത തീരുമാനം
അര മണിക്കൂറിൽ അല്ലെങ്കിൽ ഒരു മണിക്കൂറിൽ ഒന്നെന്ന രീതിയിൽ ഇൻബോക്സിൽ മെയിൽ വരുന്നുണ്ടാകും. ഓരോ മെയിലിനും അപ്പപ്പോൾ തന്നെ മറുപടി അയയ്ക്കുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തും. സജീവമായി ചെയ്യുന്ന ജോലിയിൽ മനസ്സർപ്പിക്കാൻ കഴിയാതെവരികയും ചെയ്യും. ഇതിനു പകരമായി മെയിൽ നോക്കാനും മറുപടി അയയ്ക്കാനും വേണ്ടി നിശ്ചിത സമയം മാറ്റിവയ്ക്കുക. ഇത്തരത്തിൽ, ഓരോ പ്രവൃത്തിയുടെയും പ്രാധാന്യം അനുസരിച്ച് സമയം മാറ്റിവയ്ക്കുന്ന ഏകീകൃത ദിനചര്യ രൂപപ്പെടുത്തിയാൽ വിരസതയില്ലാതെ ജോലി ചെയ്യാൻ കഴിയും.
3. ഇടവേളകൾ അനിവാര്യം
ദിവസം മുഴുവൻ ഒരേ ആരോഗ്യത്തോടെ ജോലി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ഇടവേള എടുക്കാൻ മറക്കരുത്. 25 മിനിറ്റ് ജോലി ചെയ്താൽ 5 മിനിറ്റ് ഇടവേള എന്നത് ലോകമാകെ അംഗീകരിച്ച തൊഴിൽവ്യവസ്ഥയാണ്. ഈ ഇടവേളയിൽ വെള്ളം കുടിക്കുകയോ ലഘുഭക്ഷണം കഴിക്കുകയോ ചെറിയ വ്യായാമങ്ങൾ ചെയ്യുകയോ ആവാം. ഇത് ആരോഗ്യം നിലനിർത്തുന്നതിനൊപ്പം ഉൻമേഷവും ഉഷാറും കൂട്ടുന്നു.
4. വ്യതിയാനങ്ങൾ ഒഴിവാക്കുക
ഓരോ ദിവസവും ചെയ്യേണ്ട ജോലികളെക്കുറിച്ചും കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായ ബോധം വേണം. ജോലിക്കിടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന സംഭവങ്ങളുണ്ടെങ്കിൽ അവ ഒഴിവാക്കണം. സംശയങ്ങളുമായി സഹപ്രവർത്തകർ നിരന്തരം സമീപിക്കുന്നുണ്ടോ ? ഇടയ്ക്കിടെയുള്ള മീറ്റിങ്ങുകൾ ജോലി ചെയ്യാൻ തടസ്സമാകുന്നുണ്ടോ ? എന്നൊക്കെ പരിശോധിക്കുക. വർക് ഷെഡ്യൂൾ കൃത്യമായി പാലിച്ചും ഒഴിവാക്കേണ്ടവ അകറ്റിനിർത്താനും കഴിഞ്ഞാൽ അധികം ആയാസമില്ലാതെ ദിവസേനയുള്ള ജോലി പൂർത്തിയാക്കാൻ കഴിയും.
5. പുനഃപരിശോധന
ഓരോ ദിവസത്തെയും കലണ്ടർ പാലിക്കാനായിട്ടുണ്ടോ എന്നതിൽ കൃത്യമായ പുനഃപരിശോധനയും വിലയിരുത്തലും ആവശ്യമാണ്. ടൈം ഡോക്ടർ, റിപ്പോർട്ടർ തുടങ്ങിയ ആപ്പുകൾ ഇക്കാര്യത്തിൽ സഹായിക്കാനുണ്ട്. എങ്ങനെയൊക്കെയാണ് വ്യതിയാനങ്ങൾ സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയാൽ അടുത്ത ദിവസങ്ങളിൽ തന്നെ പരിഹാര മാർഗങ്ങളും കണ്ടെത്താനും കഴിയും.
6. എനർജി ലെവലിന്റെ പങ്ക്
ദിവസത്തിന്റെ എല്ലാ സമയവും എല്ലാവരും ഒരേ ആരോഗ്യാവസ്ഥയിൽ ആയിരിക്കില്ല. രാവിലെ, ഉച്ച, വൈകിട്ട് എന്നിങ്ങനെ ഏതു സമയത്താണ് ഏറ്റവും നന്നായി ജോലി ചെയ്യാൻ കഴിയാറുള്ളത് എന്നു കണ്ടുപിടിച്ചാൽ ആയാസമില്ലാതെ ജോലി ചെയ്യാൻ കഴിയും. മസ്തിഷ്കം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ കഠിനമായി ജോലി ചെയ്താൽ കൂടുതൽ ക്ഷീണിക്കും. ആരോഗ്യവും ആവേശവും കൂടി പരിഗണിച്ചു മാത്രം ജോലി തിരഞ്ഞെടുക്കുക. ഏറ്റവും ഉൻമേഷത്തോടെയിരിക്കുമ്പോൾ ഏറ്റവും കഠിനമായി ജോലി ചെയ്യുകയും അല്ലാത്തപ്പോൾ താരതമ്യേന പ്രയാസം കുറഞ്ഞ ജോലികൾ ചെയ്യുന്നതും അനുകരണീയ മാതൃകയാണ്.
7. നോട്ടിഫിക്കേഷൻ എന്ന വ്യതിയാനം
ജോലി ചെയ്യുന്നതിനിടെ ഫെയ്സ്ബുക്, ട്വിറ്റർ എന്നിങ്ങനെ സമൂഹ മാധ്യമങ്ങളിലെ നോട്ടിഫിക്കേഷനുകൾ ശ്രദ്ധ കളയാറുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന ജോലിയിൽ നിന്ന് ശ്രദ്ധ മാറ്റുന്നവയാണ് മിക്ക നോട്ടിഫിക്കേഷനുകളും. മെസേജ് അയച്ച് മറുപടിക്കുവേണ്ടി കാത്തിരിക്കുമ്പോഴും കൂടുതൽ സമയം പാഴാക്കുന്നതിനൊപ്പം മാനസിക സംഘർഷവും ഉണ്ടാവും. ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുകയാണ് ഏറ്റവും നല്ല മാർഗം. ഡു നോട്ട് ഡിസ്റ്റർബ്, ഡൗൺ ടൈം തുടങ്ങിയ ആപ്പുകളും മികച്ച മാർഗമാണ്.
8. പുറത്തേക്കിറങ്ങാൻ മടിക്കേണ്ട
നിരന്തരമായ ജോലിയിലും ഓഫിസ് അന്തരീക്ഷത്തിലും വിരസത അനുഭവപ്പെടുകയാണെങ്കിൽ ടൂറിന് മടിക്കേണ്ടതില്ല. പശ്ചാത്തലത്തിലെ വ്യത്യാസം ഊർജദായകമാണ്. പാർക്കിലോ തിരക്കില്ലാത്ത നടപ്പാതയിലോ വ്യായാമം, നടത്തം തുടങ്ങിയവ പോലും എനർജി ലെവൽ കൂട്ടും. സമയം അനുവദിക്കുകയാണെങ്കിൽ കുറച്ചു ദൂരെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും പരിഗണിക്കാവുന്നതാണ്. ശരീരത്തിനു പുറമേ മനസ്സിന്റെ സന്തോഷവും നിലനിർത്താൻ ഇത്തരം യാത്രകൾ സഹായിക്കും.
9. ആറ്റിറ്റ്യൂഡ് എന്ന വെല്ലുവിളി
എല്ലാ മനുഷ്യർക്കും അവരുടേതായ ചീത്ത സ്വഭാവങ്ങൾ ഉണ്ടായിരിക്കും. സ്വന്തം സ്വഭാവത്തിലെ നിഷേധാത്മക വശങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് നന്നായി ജോലി ചെയ്യാൻ തടസ്സമാകാം. സ്വഭാവത്തിലെ പോസിറ്റീവ് വശങ്ങൾ കണ്ടെത്തി അവയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മികച്ച അറ്റിറ്റ്യൂഡ് അഥവാ ആരോഗ്യകരമായ സമീപനം.
10. ദിനചര്യയിൽ ഉറച്ചുനിൽക്കുക
ദിവസം തുടങ്ങുമ്പോൾ മുതൽ ഓരോരുത്തർക്കം കൃത്യമായ ദിനചര്യ ഉണ്ടായിരിക്കും. രാവിലത്തെ ചായ, വ്യായാമം, പത്രം വായന എന്നിങ്ങനെ കൃത്യമായ ദിനചര്യയുണ്ടെങ്കിൽ അതു മുടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അപ്രതീക്ഷിത വ്യതിയാനങ്ങൾ പോലും ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ക്ഷീണത്തിനും മാനസിക പ്രശ്നങ്ങൾക്കും കാരണമാകാം.
11. ആശയ വിനിമയ ശേഷിയും പ്രധാനം
സാധാരണ ജോലി ചെയ്യുന്നയാൾ ആണെങ്കിലും കമ്പനി സിഇഒ ആണെങ്കിലും ആശയ വിനിമയ ശേഷി പ്രധാനമാണ്. ആശയങ്ങൾ മതിയായ രീതിയിൽ മറ്റുള്ളവരിൽ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശീലനത്തിലൂടെ കഴിവ് മെച്ചപ്പെടുത്തുക. ടീം ലീഡർ നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ ടീമിന്റെ മൊത്തം സമയം ലാഭിക്കാനാവും. ആശയ വിനിമയം ശരിയായി നടക്കുന്നില്ലെങ്കിൽ സമയം പാഴാകുന്നതിനൊപ്പം ജോലികൾ കൃത്യമായി ചെയ്യുന്നതിലും പാളിച്ച സംഭവിക്കാം.
12. കഴിയുന്ന പ്രവൃത്തികൾ മാത്രം ഏറ്റെടുക്കുക
ഓരോ ദിവസവും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ ഒരു സാധാരണ മനുഷ്യന് ചെയ്യാൻ പറ്റുന്നതായിരിക്കണം. പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികൾ കൂടി ഉൾപ്പെടുത്തി അതിനുവേണ്ടി അധിക സമയം ചെലവാക്കുന്നത് നിരാശ ക്ഷണിച്ചുവരുത്തും. ഒരു ദിവസം 5 പ്രവൃത്തികൾ എന്ന നിഷ്കർഷയിൽ ഉറച്ചുനിൽക്കുക. അതിൽക്കൂടുതൽ ചെയ്യാൻ കഴിഞ്ഞാൽ അത് ബോണസ് മാത്രമായി കണക്കാക്കുക. ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുന്നേ തന്നെ തന്നെ പ്രവൃത്തികൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ഇത് സഹായിക്കുന്നു.
13. ആസ്വദിച്ച് ജോലി ചെയ്യുക
ഇഷ്ടപ്പെടുന്ന ജോലികൾ എന്നത് പഴഞ്ചൊല്ലല്ല, എന്നും പ്രസക്തമായ യാഥാർഥ്യമാണ്. പ്രചോദിപ്പിക്കുന്ന, ഒരിക്കലും മടുക്കാത്ത പ്രവൃത്തികൾ കൂടുതലായി ഏറ്റെടുക്കുക. ഇത് ജോലിയിലെ ആയാസവും കുറയ്ക്കും. എല്ലാ ജോലികളും ആർക്കും ഇഷ്ടപ്പെട്ടു ചെയ്യാൻ കഴിയില്ല. എന്നാൽ, ഇഷ്ടപ്പെട്ട ജോലികൾ കൂടുതലായി ചെയ്യുന്നത് ഇഷ്ടമല്ലാത്ത ജോലികൾ പൂർത്തിയാക്കാനും സഹായിക്കും.
14. നോ പറയാൻ പഠിക്കുക
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണോ എന്ന് ആത്മപരിശോധന നടത്തുക. എല്ലാവരോടും എല്ലാറ്റിനും യെസ് എന്നു പറയുന്ന ആളാണെങ്കിൽ നിങ്ങളുടെ സമയം കൂടുതലായി നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. നോ അല്ലെങ്കിൽ ഇപ്പോൾ കഴിയില്ല എന്നു പറയാൻ കൂടി പഠിക്കണം. കൃത്യ സമയപരിധിക്കുള്ളിൽ തീർക്കേണ്ട ഒരു ജോലിയുണ്ടെങ്കിൽ അതിനിടയ്ക്ക് മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകുന്നത് ശരിയായ രീതിയല്ല.
15. നേരത്തേ ചോദിച്ച് വ്യക്തത വരുത്തുക
ഏറ്റെടുത്ത ജോലികളിൽ വ്യക്തതക്കുറവോ സംശയമോ ഉണ്ടെങ്കിൽ കഴിയുന്നത്ര നേരത്തേ ചോദ്യങ്ങൾ ചോദിച്ച് വ്യക്തത വരുത്തുക. അവസാന നിമിഷത്തിനു വേണ്ടി ഒരിക്കലും കാത്തിരിക്കരുത്. എത്രയും നേരത്തേ സംശയം തീർത്താൽ, അത്രയും മുന്നേ ജോലി ഭംഗിയായി തീർക്കാൻ കഴിയും.