ജോലിയിൽ സ്മാർട്ട് ആകാൻ ചെയ്യാം 20 കാര്യങ്ങൾ; മടുപ്പു തോന്നില്ല, ഉൽപ്പാദനക്ഷമതയും കൂടും
Mail This Article
കൂടുതൽ ‘റിസൾട്ട്’ ആണ് ജീവനക്കാരിൽ നിന്ന് സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. ഉയർന്ന ഉൽപാദന ക്ഷമത എന്ന വാൾ ഓരോ ജീവനക്കാരന്റെ കഴുത്തിനും മുകളിലും തൂങ്ങിക്കിടക്കുന്ന അവസ്ഥ. ഇതിനെ ഫലപ്രദമായി നേരിടുന്നത് അത്ര എളുപ്പമല്ല. എന്നാൽ, കൂടുതൽ ഫലത്തിനു വേണ്ടിയുള്ള നിരന്തര സമ്മർദത്തെ വലിയ വെല്ലുവിളിയായി കരുതേണ്ടതില്ല. അതിജീവിക്കാനും മികച്ച ജീവനക്കാരായി പേരെടുക്കാനും ചില വഴികളുണ്ട്. ഓരോ കാലത്തും ഇവ വ്യത്യാസപ്പെട്ടിരിക്കും. ഇന്നലെകളിലെ മാർഗങ്ങളിലൂടെ ഇന്ന് വിജയിക്കാനാവില്ല. പുതിയ കാലത്തെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജോലി മെച്ചപ്പെടുത്താനും സ്ഥാപനത്തിൽ മികച്ച പേരുണ്ടാക്കാനും സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടാം.
1. വൃത്തിയുള്ള തൊഴിലിടം
ഓരോ ദിവസവും ജോലി തുടങ്ങുന്നതിനു മുമ്പ് തൊഴിലിടം വൃത്തിയാക്കണം. മനസ്സ് ഏകാഗ്രമാക്കാൻ ഇതു സഹായിക്കും. ആവശ്യമില്ലാത്തതും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതുമായ വസ്തുക്കൾ ഒഴിവാക്കിയാൽ തന്നെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വ്യക്തമായ മനസ്സും തെളിഞ്ഞ ചിന്തകളുമാണ് ഓരോരുത്തരെയും നയിക്കേണ്ടത്. എന്നാൽ, കാലാഹരണപ്പെട്ടതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ കുന്നുകൂടിക്കിടക്കുന്ന സ്ഥലത്താണു ജോലി ചെയ്യുന്നതെങ്കിൽ മനസ്സ് പഴയ കാര്യങ്ങളുടെ പിടിയിലായിരിക്കും. ഇത് ജോലി ചെയ്യുന്നതിന് തടസ്സമാണ്.
2. നിറം പകരൂ
മനസ്സ് ശാന്തമാക്കുന്നതിൽ നിറങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രശസ്ത ഇന്റീരിയർ ഡിസൈനറായ ജെന്നി ഗോൾഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീല നിറം മനസ്സിന് ആശ്വാസം പകരും. ഏകാഗ്രമായിരിക്കാനും ഈ നിറം സഹായിക്കും. കൂടുതൽ കൃത്യതയും സൂക്ഷ്മതയും ആവശ്യമുള്ള ജോലി അന്തരീക്ഷമാണ് ആവശ്യമെങ്കിൽ ചുവപ്പ് നല്ലൊരു ചോയ്സ് ആണ്. ചെടികളും മനസ്സിന് കുളിർമ പകരുമെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ജോലി ചെയ്യുന്ന ടേബിളിലോ തൊട്ടടുത്തോ ചെടികളുണ്ടെങ്കിൽ മാനസിക സംഘർഷം കുറയുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
3. പുരസ്കാരങ്ങൾ മറക്കരുത്
നിറങ്ങളും ചെടികളും പോലെ ചില വസ്തുക്കൾക്കും തൊഴിലിടത്തെ മികച്ചതാക്കാൻ കഴിയും. ഒരിക്കൽ ലഭിച്ച പുരസ്കാരം, മൊമെന്റോ, പ്രശംസാപത്രം എന്നിവ ടേബിളിലുണ്ടെങ്കിൽ ഉത്തേജനം ലഭിക്കും. ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്ന ചിത്രങ്ങൾ, രസകരമായ കൗതുക വസ്തുക്കൾ, ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വാചകങ്ങൾ എന്നിവയും മാനസികാരോഗ്യം മെച്ചപ്പെടുത്തും.
4. മാറ്റിവയ്ക്കരുത് ബുദ്ധിമുട്ടുള്ള ജോലി
ഓരോ ദിവസത്തെയും ജോലികളിൽ ഏറ്റവും ഭയപ്പെടുന്ന ഒന്നിനെക്കുറിച്ചുള്ള ആശങ്ക എല്ലാ ജീവനക്കാർക്കു മുണ്ടായിരിക്കും. ഏറ്റവും പ്രയാസമുള്ള കാര്യം ആദ്യം തന്നെ ചെയ്യുകയാണ് ഏറ്റവും നല്ല വഴി. ബുദ്ധിമുട്ടേറിയ പ്രവൃത്തി അവസാന നിമിഷത്തേക്ക് മറ്റിവയ്ക്കുന്നതിലൂടെ ഒരു ദിവസത്തെ ആകെ സന്തോഷത്തെക്കൂടിയാണ് ഇല്ലാതാക്കുന്നത്. ആദ്യം പ്രയാസമുള്ള ജോലി, പിന്നീട് എളുപ്പമുള്ള ജോലി എന്ന ക്രമമാണ് പിന്തുടരേണ്ടത്.
5. വേണം മുൻഗണന
ഒന്നിലധികം ജോലികൾ ചെയ്യാനുള്ളപ്പോൾ മുൻഗണന തീർച്ചയായും വേണം. എല്ലാ ജോലികളും സ്വയം ചെയ്യണമെന്നില്ലെങ്കിൽ പ്രാധാന്യം കുറഞ്ഞവ, തുടക്കക്കാരെ ഏൽപിച്ച് പ്രധാനപ്പെട്ടവയിൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് പുതിയ ആളുകൾക്ക് അവസരം നൽകുന്നതിനൊപ്പം, നന്നായി ജോലി ചെയ്ത് ഉൽപാദന ക്ഷമത കൂട്ടാനും ഉപകരിക്കും. ജീവനക്കാർക്കെന്നപോലെ സ്ഥാപനത്തിനും ഇഷ്ടപ്പെടുന്ന വർക് അറേഞ്ച്മെന്റ് ആയിരിക്കും ഇത്
6. നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക
മൊബൈൽ ഫോണിൽ വരുന്ന എല്ലാ അറിയിപ്പുകളും ജോലിക്കിടെ നോക്കുന്നത് ആരോഗ്യകരമായ ശീലമല്ല. ഓരോ മെയിലും വരുമ്പോൾ തന്നെ വായിച്ച് തിരിച്ചെത്തുമ്പോഴേക്കും 64 സെക്കൻഡ് നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഏകാഗ്രത നഷ്ടപ്പെടുത്തും. നോട്ടിഫിക്കേഷൻ വരാൻ വേണ്ടി കാത്തിരിക്കാതെ, ഇടവേളകളിൽ മാത്രം സമയം കണ്ടെത്തിയാൽ സമയത്തിനൊപ്പം ശ്രദ്ധ നിലനിർത്താനും കഴിയും.
7. ഏറ്റവും മികച്ച സമയം
ദിവസത്തിന്റെ എല്ലാ മണിക്കൂറുകളിലും എല്ലാവർക്കും ഒരേ ഉൻമേഷത്തോടെ ജോലി ചെയ്യാനാവണമെന്നില്ല. എപ്പോഴൊക്കെയാണ് നന്നായി ജോലി ചെയ്യാനാവുന്നതെന്ന് കണ്ടെത്തണം. ചിലർക്ക് ഇത് രാവിലെ ആണെങ്കിൽ മറ്റുചിലർക്ക് ഉച്ചയ്ക്കോ വൈകിട്ടോ ആകാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരിൽ ചിലർക്ക് പകലേക്കാൾ രാത്രി നന്നായി ജോലി ചെയ്യാൻ കഴിഞ്ഞേക്കാം. പ്രധാന ജോലി ഏറ്റവും ഉൻമേഷമുള്ള സമയത്തുതന്നെ ചെയ്യുന്നതിലൂടെ പരാതി കുറയ്ക്കാനും ഉൽപാദനക്ഷമത കൂട്ടാനും കഴിയും.
8. വേണം; ഇടവേളകൾ
തുടർച്ചയായി മുഴുവൻ സമയവും ജോലി ചെയ്യുന്നത് നന്നല്ല. ഇടവേളകൾ വിരസത അകറ്റുകയും കൂടുതൽ ഉൻമേഷത്തോടെ ജോലി ചെയ്യാനും സഹായിക്കും. ചെറിയ ദൂരത്തിലുള്ള നടപ്പ്, പ്രിയപ്പെട്ട കോഫിഷോപ്പിലേക്കുള്ള യാത്ര, മാഗസിൻ വായന, സൗഹൃദ സംസാരം എന്നിങ്ങനെ ജോലിയെ ബാധിക്കാത്ത രീതിയിലാണ് ഇടവേള എടുക്കേണ്ടത്.
9. വ്യായാമം; ശരീരത്തിനും മനസ്സിനും
ശാരീരിക വ്യായാമങ്ങൾ ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണകരമാണെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഓടുകയോ നടക്കുകയോ ചെയ്താൽ ദിവസം മുഴുവൻ ഉൻമേഷം നിലനിർത്താൻ കഴിയും. ജോലിക്കിടെയുള്ള ഇടവേളകളിലും ചെറിയ തോതിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. മികച്ച ശാരീരികാ വസ്ഥയുണ്ടെങ്കിൽ മാത്രമേ മാനസിക ആരോഗ്യവും നിലനിർത്താൻ കഴിയൂ.
10. പാട്ട് കേൾക്കൂ....
ചെവിയിൽ ഹെഡ് ഫോണുമായി ജോലി ചെയ്യുന്നത് നല്ല ശീലമായി ആരും പറയാറില്ല. എന്നാൽ, പാട്ട് കേൾക്കുന്നത് സംഘർഷം കുറയ്ക്കുമെന്നതിൽ സംശയം വേണ്ട. പ്രിയപ്പെട്ട പാട്ടുകൾ വീണ്ടും കേൾക്കുന്നതിലൂടെ മനസ്സിൽ ശാന്തിയും സമാധാനവും നിറയ്ക്കാൻ കഴിയും. എപ്പോൾ, എങ്ങനെ കേൾക്കണം എന്നത് സമയവും സാഹചര്യവും അനുസരിച്ചുമാത്രം തീരുമാനിക്കേണ്ടതാണ്.
11. സ്ഥലം മാറ്റം
വിദൂര ജോലി എന്ന അവസ്ഥ വന്നതിന് പല ജീവനക്കാരും കോവിഡിന് നന്ദി പറയുന്നുണ്ടാകും. എന്നും ഓഫിസിൽ തന്നെയിരുന്ന് ജോലി ചെയ്യുന്ന രീതി മാറിയത് കൊറോണ വൈറസിന്റെ ആക്രമണത്തോടെയാണ്. തൊഴിലുടമ അനുവദിക്കുമെങ്കിൽ, ആഴ്ചയിലോ മാസത്തിലോ ചില ദിവസമെങ്കിലും ഓഫിസിൽ നിന്നു മാറി ജോലി ചെയ്യാൻ മറ്റൊരു സ്ഥലം കണ്ടെത്താവുന്നതാണ്. ലൈബ്രറി, പാർക്ക് എന്നിങ്ങനെ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ഇത് ഉൽപാദന ക്ഷമത കൂട്ടുമെന്നതിൽ തർക്കം വേണ്ട.
12. എഴുതാൻ മറക്കരുത്; മുൻഗണന
പൂർത്തിയാക്കേണ്ട ജോലികളെക്കുറിച്ചുള്ള പൂർണ ലിസ്റ്റ് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നത് എളുപ്പമുള്ള ജോലിയല്ല. പകരം, മുൻഗണനാ ക്രമത്തിൽ ലിസ്റ്റ് ഉണ്ടാക്കി കാണാവുന്ന സ്ഥലത്തുതന്നെ വയ്ക്കുന്നത് നല്ലതാണ്. ചെയ്ത ജോലികൾ ഏതൊക്കെ, ഇനി ചെയ്യാനുള്ളവ, പ്രധാനപ്പെട്ടവ എന്നിങ്ങനെ തരം തിരിക്കുന്നതോടെ ജോലി പെട്ടെന്നു പൂർത്തിയാക്കാനാവും.
13. ഒരു സമയം ഒരു ജോലി മാത്രം
ഒരേസമയം ഒന്നിലധികം ചെയ്താൽ എല്ലാ ദിവസത്തെയും എല്ലാ ജോലികളും ചെയ്യാമെന്ന് വിചാരിക്കുന്നവരുണ്ടാകും. എന്നാൽ, ഒരു സമയം ഒരു ജോലി എന്നതാണ് അനുകരണീയ മാതൃക. ഒരേ സമയം പല ജോലികൾ ചെയ്യുന്നതിലൂടെ മാനസികമായി ക്ഷീണിക്കുകയായിരിക്കും ഫലം.
14. രണ്ടു മിനിറ്റ്; ധാരാളം
ഗെറ്റിങ് തിങ്സ് ഡൺ എന്ന പുസ്തകത്തിലൂടെ ഡേവിഡ് എല്ലൻ എന്ന എഴുത്തുകാരനാണ് ‘ടൂ മിനിറ്റ് റൂൾ’ എന്ന സിദ്ധാന്തം അവതരിപ്പിച്ചത്. വേഗം ചെയ്യാനാവുമെന്ന് ഉറപ്പുള്ള കാര്യം രണ്ടു മിനിറ്റിനുള്ളിൽ ചെയ്യാമെന്ന് മനസ്സിൽ ഉറപ്പിച്ച് പൂർത്തിയാക്കുക. ഓരോ ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കാൻ ഇതു സഹായിക്കും.
15. ലിസ്റ്റ് നിസ്സാരമല്ല
മുൻഗണനകളെക്കുറിച്ചുള്ള ലിസ്റ്റ് പല രീതിയിൽ തയാറാക്കാവുന്നതാണ്. സ്മാർട് ഫോൺ ആപ്പ്, ഡയറി, പേപ്പറുകൾ എന്നിങ്ങനെ ഏതു മാർഗം പ്രയോഗിച്ചാലും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പ്രധാനമാണ്. കൃത്യ സമയത്തുതന്നെ ഓരോന്നും ചെയ്തുവെന്നും ഉറപ്പാക്കണം.
16. സ്വയം നിയന്ത്രണം
സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാൻ സംഭവങ്ങൾക്കോ വ്യക്തികൾക്കോ അനുവാദം കൊടുക്കരുത്. തനിച്ചു ചെയ്യുന്ന ജോലികളും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ജോലികളുടെ മേൽനോട്ട ചുമതലയുള്ളവരും ഉണ്ടാകും. രണ്ടായാലും നിയന്ത്രണം നഷ്ടപ്പെടുത്താതിരിക്കുക പ്രധാനമാണ്. സ്വന്തം നിയന്ത്രണം നഷ്ടപ്പെടുന്നതു ജോലികളെ പ്രതികൂലമായി ബാധിക്കും.
17. സമൂഹ മാധ്യമ ഉപയോഗം
പല സ്ഥാപനങ്ങളും ജോലി സമയത്തെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമാണെങ്കിലും അല്ലെങ്കിലും നിരന്തരം സമൂഹ മാധ്യമങ്ങൾ നോക്കുന്നത് ഒട്ടേറെ സമയം പാഴാക്കും. അവസാനം കണ്ട മൂവിയെക്കുറിച്ചുള്ള അഭിപ്രായം, രാത്രി അത്താഴത്തിനുള്ള വിഭവങ്ങൾ എന്നിങ്ങനെ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്നവ അപ്പപ്പോൾ തന്നെ നോക്കാനും അഭിപ്രായം എഴുതാനും മുതിർന്നാൽ ഒരു ജോലിയും വൃത്തിയായി ചെയ്യാനാവാത്ത അവസ്ഥ വരും. സമൂഹ മാധ്യമങ്ങൾ നോക്കാൻ നിശ്ചിത സമയം മാത്രം മാറ്റിവയ്ക്കുന്നതാകും ഉചിതം.
18. ഭക്ഷണം നല്ലതു മാത്രം
ഭക്ഷണമാണ് മനുഷ്യരെ നിലനിർത്തുന്നത്. എന്നാൽ നേരം നോക്കാതെ കഴിക്കുന്നതും മണിക്കൂറുകൾ തുടർച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്നതും നല്ല ശീലങ്ങളല്ല. സ്നാക്സ് കഴിക്കണമെങ്കിൽ അതിനു വൈകുന്നേരം മാത്രം തിരഞ്ഞെടുക്കാം. ജങ്ക് ഫുഡ് എപ്പോഴും കഴിച്ചാൽ ശരിയായി ജോലി ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും എന്നു മറക്കരുത്.
19. ഒരുമിച്ചു കഴിക്കൂ; ഒത്തൊരുമയോടെ
സമയം ലാഭിക്കാൻ വെജിറ്റബിൾ സാലഡ് മാത്രം ഓഫിസ് കസേരയിലിരുന്ന് ചിലരെങ്കിലും കഴിക്കാറുണ്ട്. എന്നാൽ, സഹപ്രവർത്തകർക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കാനും നല്ലതാണ്.
20. ധ്യാനിക്കാം, നിയന്ത്രിക്കാം
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധ്യാനം മികച്ച മാർഗങ്ങളിൽ ഒന്നാണ്. ഇതിലൂടെ ശ്വസനം നിയന്ത്രിക്കുകയും മനസ്സിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്യാം. ജോലി ചെയ്യാൻ അറിയാത്തതായിരിക്കില്ല പലരുടെയും പ്രശ്നം. മറിച്ച് കൃത്യ സമയത്ത് ശരിയായി ജോലി പൂർത്തിയാക്കാനാവാതെ വരുന്നതാണ്. ധ്യാനത്തിലൂടെ മനസ്സിന്റെ നിയന്ത്രണം വീണ്ടെടുത്താൽ, ഏകാഗ്രമായി ജോലി ചെയ്യാനാവും.