ബ്രിട്ടീഷ് റോയല്‍ നേവിയുടെ റിയര്‍ അഡ്‌മിറല്‍ സ്ഥാനത്തേക്ക് ആളെ വേണം; പരസ്യം ലിങ്ക്‌ഡ് ഇന്നില്‍
Mail This Article
പുതുകാലത്തിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളില്‍ പലതും ലിങ്ക്‌ഡ് ഇന്‍ പോലുള്ള സാമൂഹിക മാധ്യമ സൈറ്റുകള്‍ വഴിയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, യുകെയിലെ റോയല്‍ നേവി പോലൊരു എലീറ്റ് സായുധസേനയിലെ റിയര്‍ അഡ്‌മിറല്‍ സ്ഥാനത്തേക്കുള്ള റിക്രൂട്ട്‌മെന്റ് ലിങ്ക്‌ഡ് ഇന്‍ വഴി നടക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. നിലവിലെ റിയര്‍ അഡ്‌മിറല്‍ സൈമണ്‍ അസ്‌ക്വിത് വിരമിക്കുന്ന ഡയറക്ടര്‍ ഓഫ് സബ്‌മറൈന്‍സ് ഒഴിവിലേക്ക് പുതിയ ആളെ ആവശ്യമുണ്ടെന്ന പരസ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ക്ലാസിഫൈ ചെയ്യപ്പെട്ട സ്റ്റെല്‍ത്ത്, എലീറ്റ് ഓപ്പറേഷനുകളുടെയും ട്രൈഡന്റ് ന്യൂക്ലിയര്‍ പ്രോഗ്രാമിന്റെയും ചുമതലയുള്ള ഡയറക്ടര്‍ ഓഫ് സബ്‌മറൈന്‍സ് സ്ഥാനത്തേക്ക് റിസേര്‍വ് സേനയിലെ അംഗങ്ങള്‍ക്കും റെഗുലര്‍ സേനയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അപേക്ഷിക്കാമെന്ന് പരസ്യം പറയുന്നു.
യോഗ്യരായ ആളുകളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ലിങ്ക്‌ഡ് ഇന്നില്‍ പരസ്യം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന് സേന വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയിലെ സേന വിഭാഗങ്ങളിലെ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ നിയമനം.
പുതു തലമുറയ്‌ക്ക് സായുധ സേന ജോലികളില്‍ താത്‌പര്യമില്ലാതാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യുകെയുടെ മുന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് അഭിപ്രായപ്പെട്ടിരുന്നു. യുകെയില്‍ മാത്രമല്ല യൂറോപ്പിലും അമേരിക്കയിലും ഇത്തരത്തിലൊരു റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുണ്ടെന്ന് വാലസ് കൂട്ടിച്ചേര്‍ക്കുന്നു.
ആവശ്യത്തിന് സെയിലര്‍മാരില്ലാത്തതിനെ തുടര്‍ന്ന് യുകെ നാവിക സേന അടുത്തിടെയാണ് രണ്ട് യുദ്ധകപ്പലുകള്‍ ഡീകമ്മീഷന്‍ ചെയ്‌തത്. എന്നാല്‍ ഈ അസ്വാഭാവിക റിക്രൂട്ട്‌മെന്റിനെ വിമര്‍ശിച്ച് മുന്‍സൈനികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.