ADVERTISEMENT

ചീപ്പ് നിർമാണ കമ്പനിയുടെ ഉടമയായിരുന്നു അയാൾ. തന്റെ കാലശേഷം ഏറ്റവും മിടുക്കനായ മകനു ബിസിനസ് കൈമാറാനാണ് അയാൾക്കിഷ്ടം. മക്കൾ മൂന്നു പേരെയും വിളിച്ച് ആയിരം ചീപ്പുകൾ വീതം നൽകിയിട്ടു പറഞ്ഞു: ഇവ ഞാൻ പറയുന്ന ആശ്രമങ്ങളിൽ  വിൽക്കണം. തങ്ങളോടു നിർദേശിച്ച ആശ്രമത്തിലെത്തിയ മൂവരും ഞെട്ടി. അവിടുത്തെ അന്തേവാസികളെല്ലാം തല മുണ്ഡനം ചെയ്തവരായിരുന്നു. 

ആദ്യം തിരിച്ചെത്തിയ മൂത്തമകൻ  പറഞ്ഞു: ഞാൻ പത്തു ചീപ്പുകൾ വിറ്റു. എങ്ങനെ വിറ്റു എന്ന പിതാവിന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു: ഞാൻ നമ്മുടെ മത്സരത്തെക്കുറിച്ചു വിശദീകരിച്ചു. അതിൽ ജയിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. രണ്ടാമൻ പറഞ്ഞു: പുറംചൊറിയാൻ ഉപകരിക്കുമെന്നു പറഞ്ഞ് ഞാൻ ഇരുപതു ചീപ്പുകൾ വിറ്റു. ആയിരം ചീപ്പുകളും വിറ്റാണ് മൂന്നാമനെത്തിയത്. ഇതെങ്ങനെ സാധിച്ചെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ആശ്രമാധിപന്റെ മഹദ്‌വചനങ്ങൾ ചീപ്പുകളിൽ കൊത്തി സന്ദർശകർക്കു കൊടുത്താൽ അവർ എല്ലാ ദിവസവും തല ചീകുമ്പോൾ ആ വാക്കുകൾ വായിക്കും. ഇതു കേട്ടയുടനെ അവർ മുഴുവൻ ചീപ്പുകളും വാങ്ങി.

പരിദേവനങ്ങൾ പട്ടിണി മാറ്റിയേക്കാം; പക്ഷേ, അവർക്കെന്നും പരാജിതരുടെ വേഷമാകും. സഹതാപത്തിനു മിനിമം ഗാരന്റി മാത്രമേയുള്ളൂ. അത് ഒരാളെയും അയാളുടെ പാരമ്യതയിലേക്കെത്തിക്കില്ല. നിസ്സഹായതയുടെ ഭാണ്ഡവും പേറി വരുന്നവരെ സഹായിക്കാൻ ആളുകൾ തയാറായേക്കും. അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ല. മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കുന്നവരുടെയെല്ലാം അടിസ്ഥാനഭാവം ദയനീയതയായിരിക്കും. അലിവു പിടിച്ചുപറ്റാനുതകുന്ന അഭിനയത്തിന് അടിമയായി ആരുമാകാതെ അവർ ആയുസ്സ് പൂർത്തിയാക്കും.

സ്ഥിരം ഉപയോഗിക്കുന്നവയുടെ സാധാരണ പ്രയോജനങ്ങൾ മാത്രമേ എല്ലാവർക്കുമറിയൂ. ആരെങ്കിലുമൊന്നു മാറിച്ചിന്തിച്ചാൽ ആരോ കണ്ടുപിടിച്ച ഗുണങ്ങൾക്കപ്പുറത്തേക്ക് എല്ലാ വസ്തുക്കളും സഞ്ചരിക്കും. ഒരുപയോഗത്തിനു മാത്രമായി രൂപകൽപന ചെയ്യപ്പെട്ട ഒരു വസ്തുവുമുണ്ടാകില്ല. ഉപയോഗിക്കുന്നവരാരും അതിനപ്പുറത്തേക്കു സഞ്ചരി ക്കാൻ തയാറായിട്ടില്ല എന്നതാണ് ആ വസ്തുവിന്റെ യഥാർഥ പരിമിതി. ഒരു ശേഷിയുമില്ലാതെ ജന്മമെടുക്കുന്നവരാരും ഉണ്ടാകില്ല. ന്യൂനതകളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് പ്രശ്നം.

English Summary:

Beyond the Goddesses of Compassion: Embracing Self-Reliance to Unlock True Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com