ചതിക്കുഴിയിൽ വീഴാതെ സമയബന്ധിതമായി മൽസരപരീക്ഷകളിൽ ഉത്തരമെഴുതാൻ പഠിക്കാം
Mail This Article
ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ രണ്ടാംഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിലെ പോലെ തന്നെ ടൈം മാനേജ്മെന്റ് കൃത്യമായി പാലിച്ചവർക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. എളുപ്പത്തിൽ ചെയ്യാവുന്ന ചോദ്യങ്ങൾ കണ്ടെത്തി അവയ്ക്ക് ആദ്യം ഉത്തരമെഴുതുക എന്നതായിരുന്നു ഈ പരീക്ഷയ്ക്കു പറ്റിയ സ്ട്രാറ്റജി. വലിയ ചോദ്യങ്ങൾ ഒരുപാടു തവണ വായിച്ച് ഉത്തരത്തിലെത്താൻ ശ്രമിച്ചവർക്കാണ് സമയം നഷ്ടമായത്.
പൊതുവിജ്ഞാന ഭാഗത്തുനിന്ന് 30– 35 ചോദ്യങ്ങളും മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗത്തുനിന്ന് 10–15 ചോദ്യങ്ങളും മലയാളം ഇംഗ്ലിഷ് എന്നിവയിൽനിന്നു 16 ചോദ്യങ്ങളും എളുപ്പത്തിൽ ചെയ്യാവുന്നവയായിരുന്നു. ഇവയ്ക്കു മുൻഗണന നൽകിയവർക്കു മികച്ച സ്കോറിലെത്താൻ സാധിച്ചിട്ടുണ്ട്.
ടൈം മാനേജ്മെന്റ് കൃത്യമായി പാലിച്ചവർക്കു കട്ട്ഓഫ് മാർക്ക് നേടാൻ സാധിക്കും. പരീക്ഷാ ഹാളിലെ വെപ്രാളവും ധൃതിയും മൂലം ചില ചോദ്യങ്ങൾ അബദ്ധത്തിൽ തെറ്റിപ്പോയിട്ടുണ്ടെങ്കിൽപോലും കുറഞ്ഞത് 50 മാർക്ക് നേടാനാകും. കുറഞ്ഞ പോസ്റ്റുകൾ ഉള്ള തദ്ദേശസ്ഥാപന സെക്രട്ടറി (എൽഎസ്ജിഎസ്) തസ്തികയിലേക്കുള്ള കട്ട്ഓഫ് മാർക്ക് ഉയർന്നതായിരിക്കും. എങ്കിലും എസ്ഐ അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിച്ചവർക്ക് 40–50 മാർക്ക് നേടിയാൽ കട്ട്ഓഫ് മറികടക്കാൻ സാധിക്കും.
അടുത്തഘട്ടത്തിൽ പരീക്ഷയെഴുതാൻ തയാറെടുക്കുന്നവർക്ക് ഇതൊരു സൂചനയാണ്. അറിയാത്ത ചോദ്യങ്ങൾ തീർച്ചയായും ചോദ്യപ്പേപ്പറിലുണ്ടാകും. അവ നിങ്ങളുടെ സമയം കളയുകയെന്ന ഉദ്ദേശ്യത്തോടെ തന്നെ രൂപപ്പെടുത്തുന്നതാണ്. ആ ചതിക്കുഴിയിൽ വീഴാതെ ഒന്നേകാൽ മണിക്കൂറിനുള്ളിൽ തന്നെ പരീക്ഷയെഴുതി നല്ല സ്കോർ നേടാനാണു ശ്രമിക്കേണ്ടത്. ടൈം മാനേജ്മെന്റ് ശീലിച്ച് വേഗത്തിൽ പരീക്ഷ എഴുതേണ്ടത് എങ്ങനെയെന്നറിയാൻ ഈ പരീക്ഷപ്പേപ്പർ ചെയ്തു പരിശീലിക്കണം.