ADVERTISEMENT

എന്തിലും ഏതിലും കുറ്റം മാത്രം കാണുന്നവർക്ക് സുഹൃത്തുക്കൾ കുറവായിരിക്കും. ഓഫിസിൽ സഹപ്രവർത്തകരായി അത്തരക്കാരെ കിട്ടിയാലോ?. തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയാകും. ജീവിതത്തിലെന്ന പോലെ തൊഴിലിടത്തിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. ജോലിയെക്കുറിച്ച് നിരന്തരം നെഗറ്റീവ് പറയുന്നവരുടെ സഹവാസം ജോലിയോടുള്ള വിരക്തിക്കു പോലും കാരണമായേക്കാം. ഒന്നിലേറെപ്പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഒരുപോലെയുള്ളവരെയായിരിക്കില്ല ജോലിക്ക് നിയമിക്കുന്നത്. കഴിവിലും കരുത്തിലും സ്വഭാവ സവിശേഷതകളിലും ഒരോരുത്തരും വ്യത്യസ്തരായിരിക്കും. ചിലർ നല്ല സഹപ്രവർത്തകരായി ജോലിയിലും ജീവിതത്തിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. അവരുടെ പോസിറ്റീവ് മനോഭാവം ജോലിസ്ഥലത്ത് എല്ലാവർക്കും പ്രചോദനം പകരും. എന്നാൽ, നിഷേധ മനോഭാവമുള്ള ചിലരെങ്കിലും ജോലിസ്ഥലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. തെറ്റായ പ്രവണതകളിലേക്ക് ഇവർ നയിക്കാം. ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞാൽ മാത്രമേ ജോലിയിൽ ശ്രദ്ധിക്കാനും കരിയറിൽ മുന്നേറാനും കഴിയൂ. നിഷേധ ചിന്തകൾ പുലർത്തുന്നവർ തന്നെ പല തരക്കാരായിരിക്കും. ജന്മനാ ആരും നിഷേധചിന്തയുള്ളവരായിരിക്കില്ല. കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ പരിഹാരവും സാധ്യമാവൂ.

നിഷേധ ചിന്താഗതിക്കാർ രണ്ടു തരം
ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്. ജോലിയെക്കുറിച്ച് സ്ഥിരം പരാതി പറയുന്നവർ എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്നവരായിരിക്കും. സ്ഥാപനത്തിലെ പദവി, മേലധികാരി, സ്ഥാപനം എന്നിവയോടെല്ലാം ഇവർക്ക് അനിഷ്ടമുണ്ടായിരിക്കും. സ്ഥാപനത്തിനു പുറത്തുള്ള പ്രശ്നങ്ങളും ഇവരുടെ അസന്തുഷ്ടിക്ക് കാരണമാകാം. ഇത്തരക്കാരുടെ സഹവാസം മറ്റുള്ളവരിലും അസംതൃപ്തിയും നിഷേധ ചിന്തകളും വളർത്തും. കരിയറിൽ ഇതു തിരിച്ചടിക്കു കാരണവുമാകാം.

∙ജോലിസ്ഥലത്തെ സമ്മർദം കൊണ്ടുമാത്രം നെഗറ്റീവായി പെരുമാറുന്നവർ 
മികച്ച രീതിയിൽ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ നിന്ന് കാര്യമായി  ഒന്നും ചെയ്യാൻ സാധ്യതയില്ലാത്ത മേഖലയിലേക്ക് ജോലി മാറുമ്പോൾ, കുടുംബത്തിലോ വ്യക്തിജീവിതത്തിലോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒക്കെ ചിലയാളുകൾ നെഗറ്റീവായി പെരുമാറാറുണ്ട്. പൊതുവെ പോസിറ്റീവ് മനോഭാവമുള്ളവരാ ണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദത്താൽ മാത്രം നെഗറ്റീവായി പെരുമാറുന്നവരായിരിക്കും ഇവർ. 
ജോലിയെക്കുറിച്ച് നിരന്തരം പരാതി പറയുന്ന സഹപ്രവർത്തകരോട് താഴെ പറയുന്ന രീതികളിൽ പ്രതികരിക്കാം

∙സംഭാഷണങ്ങളിൽ പങ്കു ചേരാതിരിക്കാം
സഹപ്രവർത്തകൻ സ്ഥിരമായി ജോലിയെക്കുറിച്ച് പരാതി പറയുകയാണെങ്കിൽ ആ സംഭാഷണത്തിൽ പങ്കുചേരാതെ അവഗണിക്കുക. പരാതികളിൽ താൽപര്യമില്ലെന്ന് മനസ്സിലാക്കുന്നതോടെ അവർ വിട്ടുപോകും. ഒരു പരിധി കഴിയുമ്പോൾ പരാതിപ്പെടുന്നത് അവസാനിപ്പിക്കുകയും ചെയ്യും.

∙ ആശയവിനിമയത്തിനുള്ള അവസരം മനപൂർവം സൃഷ്ടിക്കാതിരിക്കാം
നെഗറ്റീവ് ചിന്തയുള്ളവരിൽ നിന്ന് കഴിയുന്നത്ര അകലം പാലിക്കാൻ നിരന്തരം ശ്രമിക്കണം. തങ്ങൾക്ക് അനുയോജ്യ ഇരകളെ കിട്ടുന്നില്ലെന്ന് ബോധ്യമാകുന്നതോടെ പലരും മറ്റുള്ളവരെ അന്വേഷിച്ച് പോയ്ക്കോളും.

∙ അതിർവരമ്പുകൾ നിർണയിക്കാം
നിഷേധ ചിന്ത പടർത്തുന്നവർ നിരന്തരമായി  നെഗറ്റീവായി സംസാരിച്ചാൽ, അത്തരം സൗഹൃദങ്ങളിൽ താൽപര്യമില്ലെന്നു തുറന്നുപറയുക. പുതിയൊരു പ്രോജക്റ്റ്, ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ തയാറാണെങ്കിലും ജോലി ചെയ്യാതിരിക്കുന്നതിനെക്കുറിച്ചോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ദോഷം വരുന്ന കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാൻ താൽപര്യമില്ലെന്ന് തുറന്നുപറയണം. നെഗറ്റീവ് സഹപ്രവർത്തകർക്ക് അതിർത്തി നിർണയിക്കുന്നതുകൂടിയാണ് കരിയറിലെ വിജയത്തിന്റെ മാനദണ്ഡം. 

∙ ഔപചാരിക ബന്ധം മാത്രം സൂക്ഷിക്കാം
നെഗറ്റീവ് ചിന്തയുള്ളവരെ എല്ലായ്‌പ്പോഴും പൂർണമായി ഒഴിവാക്കാനാകണമെന്നില്ല. സഹപ്രവർത്തകരെ പൂർണമായി ഒഴിവാക്കി ആർക്കും പ്രവർത്തിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുമായി ഔപചാരിക ബന്ധം മാത്രം നിലനിർത്തി സൗഹൃദം ഒഴിവാക്കുക. 

5. പ്രതികരണം പോസിറ്റീവാക്കാം
നെഗറ്റീവ് ചിന്തയുള്ളവർ വിട്ടുപോകാൻ കൂട്ടാക്കുന്നില്ലെങ്കിൽ ജോലിയിലെ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. ലക്ഷ്യങ്ങളെക്കുറിച്ചും സ്ഥാപനത്തിനോടുള്ള സ്നേഹത്തെക്കുറിച്ചും കടപ്പാടിനെക്കുറിച്ചും സംസാരിക്കുക. 

വിദഗ്ധ സഹായം തേടാം
ജോലി സ്ഥലത്ത് ചിലരെയെങ്കിലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും നെഗറ്റീവ് സ്വാധീനം കൂടുകയും ചെയ്യുകയാണെങ്കിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ സഹായം തേടുന്നതും ആലോചിക്കാം. ജോലി സ്ഥലത്തെ പ്രവർത്തനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും എച്ച് ആർ വകുപ്പ് മീറ്റിങ്ങുകൾ നടത്തുന്നുണ്ടായിരിക്കും. ഇല്ലെങ്കിൽ അത്തരം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കാനും നെഗറ്റീവ് ആളുകളിൽ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഉപദേശം നൽകാനും ആവശ്യപ്പെടുക. 

∙ നല്ല സുഹൃത്തുക്കളെ തേടി കണ്ടു പിടിക്കാം 
നെഗറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, സമാന മനസ്കരായ ആളുകളെ കണ്ടുപിടിക്കാനും അവരുമായി സൗഹൃദമുണ്ടാക്കാനും പ്രേരിപ്പിക്കുക. പോസിറ്റീവ് മനോഭാവമുള്ളവരെപ്പോലെ തന്നെ നെഗറ്റീവ് ചിന്തയുള്ളവരും ഒന്നിലധികം പേർ എല്ലായിടത്തും കാണും. അവർ ഒരുമിച്ചു ചേരുന്നതോടെ ആ മനോഭാവം പങ്കുവയ്ക്കാത്തവർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. 



സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടുമാത്രം നെഗറ്റീവായ ആളുകളെ നേരിടാനും ചില മാർഗങ്ങളുണ്ട്.

∙ സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കാം 
സാധാരണയായി പോസിറ്റീവായി പെരുമാറുന്ന വ്യക്തി, നെഗറ്റീവായി കാണപ്പെട്ടാൽ അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കുക. ആരെങ്കിലും ഒരാൾ അവരുടെ പ്രശ്നങ്ങൾ മനസ്സു തുറന്നു കേട്ടാൽ തന്നെ സമ്മർദ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിഞ്ഞേക്കും. 

∙ പ്രശ്നങ്ങൾക്ക് പ്രതിവിധി നിർദേശിക്കാം
പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അവയുടെ പരിഹാരം കണ്ടുപിടിക്കുകയാണ് വെല്ലുവിളിയെന്നും സമ്മർദം നേരുടുന്നവരെ പറഞ്ഞുമനസ്സിലാക്കുക. ഒരുമിച്ചു നിൽക്കുന്നതിലൂടെ നെഗറ്റീവ് ചിന്തയുള്ളവരെ പോസിറ്റീവ് മനോഭാവത്തിലേക്ക് നയിക്കാൻ കഴിഞ്ഞേക്കും. 

∙ നല്ല വാക്കുകൾ പറയാം
പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കി സഹതപിക്കാനും ആശ്വസിപ്പിക്കാനും കഴിയണം. നല്ല വാക്കുകൾ നല്ല സൗഹൃദത്തിലേക്കുള്ള വാതിലുകളാണ്. 

∙ സഹായ സന്നദ്ധത അറിയിക്കാം
സഹായ വാഗ്ദാനം കൊണ്ടു മാത്രം ചിലപ്പോൾ പലരുടെയും പ്രശ്നങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞേക്കാം. ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചാണെന്നും ബോധ്യമാകുന്നതോടെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ലഭിക്കുന്നത്. 

∙ മാനസിക പിന്തുണ നൽകാം
സഹപ്രവർത്തകന് സഹായമാണ് ആവശ്യമെങ്കിൽ, അതു നൽകുക. പലപ്പോഴും മാനസികമായ പിന്തുണയായിരിക്കും പലർക്കും ആവശ്യം. നന്നായി കാര്യം മനസ്സിലാക്കി, അറിയാവുന്ന പരിഹാരങ്ങൾ നിർദേശിക്കുന്നതിലൂടെ പ്രശ്നങ്ങളെ അനായാസം അതിജീവിക്കാൻ കഴിഞ്ഞേക്കും. 

∙ വിദഗ്ധ സഹായം നേടാൻ സഹായിക്കാം
സഹപ്രവർ‌ത്തകന്റെ പ്രശ്നങ്ങൾക്ക് ഒന്നോ രണ്ടോ പേർക്കു മാത്രമായി പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ഓഫിസിൽ തന്നെയുള്ള ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെയോ പുറത്തുള്ള ഏജൻസികളുടെയോ സഹായം തേടുന്നതും ആലോചിക്കാം. 

English Summary:

How to Navigate Workplace Negativity: Strategies for Dealing with Critical Colleagues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com