എൽപി അധ്യാപക പരീക്ഷ സുവർണാവസരം; സിലബസിൽ ഒതുങ്ങി റിവിഷൻ ചെയ്താൽ മികച്ച മാർക്ക് ഉറപ്പ്
Mail This Article
യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ കഴിഞ്ഞു. അധ്യാപക ജോലി സ്വപ്നം കാണുന്നവരുടെ അടുത്ത ലക്ഷ്യം എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ ആണ്. ഉദ്യോഗാർഥികൾക്ക് എൽപി പരീക്ഷ സുവർണാവസരമാണ്. കാരണം ഇതിനു മുൻപത്തെ യുപി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 64 മാർക്ക് കിട്ടിയവർ പോലും നിയമനം ആകാതെ പുറത്തുനിൽക്കുമ്പോൾ കഴിഞ്ഞ എൽപി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 62 മാർക്ക് നേടിയവർ സർവീസിൽ കയറി ഒരു വർഷം പിന്നിട്ടു.
യുപി സ്കൂൾ അസിസ്റ്റൻറ് പരീക്ഷ നല്ല നിലവാരമുള്ളതായിരുന്നു. സമാന സിലബസ് ഉള്ള എൽപി സ്കൂൾ അധ്യാപക പരീക്ഷയും ഇതേ നിലവാരം പുലർത്തുമോ എന്ന ആശങ്ക ഉണ്ട്. എല്ലായ്പ്പോഴും യുപി പരീക്ഷയെക്കാൾ താഴ്ന്ന കട്ട് ഓഫ് മാർക്ക് ആണ് എൽപി പരീക്ഷയ്ക്ക് ഉണ്ടാകാറുള്ളത്. കട്ട് ഓഫ് മാർക്ക് താഴുക എന്ന് പറഞ്ഞാൽ പരീക്ഷ കടുപ്പം ആവുക എന്നാണ് അർഥം.
യുപി സ്കൂൾ പരീക്ഷയ്ക്കും എൽപി സ്കൂൾ പരീക്ഷയ്ക്കും ഒരേ സിലബസ് ആണ്. ഇനിയുള്ള ദിവസം ഈ സിലബസിനുള്ളിൽ മാത്രം ഒതുങ്ങി റിവിഷൻ പൂർത്തിയാക്കുന്നവർക്കാണ് നിയമനം ലഭിക്കാനുള്ള സാധ്യത. അടിസ്ഥാന യോഗ്യത പ്ലസ് ടു, ടിടിസി ആയതിനാൽ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കണം.
കട്ട് ഓഫ് മാർക്ക് കുറയ്ക്കാനായി ഏതെങ്കിലും 2 ഏരിയകളിൽ വളരെ കടുപ്പത്തിൽ ആണ് പിഎസ്‍സി ചോദ്യം തയാറാക്കാറുള്ളത്. അതു മലയാളമോ ഇംഗ്ലിഷോ കണക്കോ ആവാം. അങ്ങനെയുള്ള ഭാഗങ്ങളിൽ നിന്ന് നന്നായി അറിയുന്ന നാലോ അഞ്ചോ ചോദ്യത്തിനു മാത്രം ഉത്തരം എഴുതി ബാക്കിയുള്ളവ ഉപേക്ഷിക്കുകയാണ് വേണ്ടത്. ഒരേ സിലബസായതിനാൽ യുപി പരീക്ഷയ്ക്ക് പഠിച്ചവർ അതേ സിലബസിൽ ഒതുങ്ങി ബാക്കി ഒന്നു കൂടി റിവൈസ് ചെയ്താൽ മതിയാവും. സൈക്കോളജി പരീക്ഷയ്ക്ക് പിഎസ്‍സി നിലവാരത്തിലുള്ള ചോദ്യങ്ങൾ മാത്രമേ യുപി പരീക്ഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് യുപിക്ക് പഠിച്ച അതേ നോട്ടുകൾ തന്നെ റിവിഷൻ നടത്തിയാൽ മതി.