ADVERTISEMENT

ചെറിയ അമളികൾ ചിലരെ വലിയ കുഴപ്പങ്ങളിൽ ചെന്നു ചാടിക്കാറുണ്ട്. ചിലർ ഭാഗ്യം കൊണ്ട് പഴി കേൾക്കാതെ തലനാരിഴയ്ക്കു രക്ഷപെടാറുമുണ്ട്. സഹപ്രവർത്തകർക്കു പറ്റിയ അത്തരമൊരു അമളിയുടെ കഥയാണ്   ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ പൗളിൻ മൈക്കിൾ വർക്ക് എക്സ്പീരിയൻസ് എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. 

‘‘പണ്ട് പാലാ സെന്റ് മേരീസ് സ്കൂളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക സിസ്റ്റർ പൗളിനോസ് മരിയ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുമ്പോൾ കുത്തും കോമയും ഒക്കെ ശരിയായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് രസകരമായ ഒരു ഉദാഹരണം പറഞ്ഞു. ‘‘കോമ മാറി പോയപ്പോൾ തോമയെ അവർ കൊന്നല്ലോ’’ എന്ന് പാടിക്കൊണ്ടാണ് ടീച്ചർ പറഞ്ഞു തുടങ്ങിയത്. തോമ എന്നൊരാളെ ഒരു കൊള്ള സംഘം തട്ടി കൊണ്ട് പോയി. പിന്നീട് സംഘത്തലവൻ അയാളെ വിട്ടയക്കാൻ തീരുമാനിച്ച് കാവൽ നിൽക്കുന്ന ആൾക്ക് ഒരു കത്ത് കൊടുത്തുവിട്ടു. അതിൽ ഇങ്ങനെ എഴുതി ഇരുന്നു: ‘‘Kill him, not let him go’’. കത്തു കിട്ടിയ ഉടനെ തന്നെ തോമയുടെ കഥ കഴിഞ്ഞു എന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ കോമ ഇടേണ്ടിയിരുന്നത് ഇങ്ങനെ ആയിരുന്നു: ‘‘Kill him not, let him go’’. ഇതാണ് ‘‘കോമ മാറി പോയപ്പോൾ തോമയെ അവർ കൊന്നല്ലോ’’ എന്ന് പറയാൻ കാര്യം.

പഠനം ഒക്കെ പൂർത്തി ആക്കി ‘‘നമ്മ ബെംഗളൂരുവിൽ’’ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്തു കൊണ്ടിരുന്ന കാലത്ത് നടന്ന ഒരു സംഭവം വീണ്ടും ആ പഴയ സ്കൂൾ കാലം ഓർമിപ്പിച്ചു. ബെംഗളൂരുവിനെക്കുറിച്ച് പറയുമ്പോൾ നമുക്ക് എല്ലാവർക്കും ഓർമ വരുന്ന കാര്യമാണ് അവിടുത്തെ ട്രാഫിക് ബ്ലോക്ക്. ഈ ബ്ലോക്കിൽ പെട്ട് വെറുതെ സമയം കളയണ്ട എന്നുള്ളതു കൊണ്ട് ഞാൻ കുറച്ചു നേരത്തെ തന്നെ ഓഫീസിലേക്ക് പുറപ്പെടും. 

അങ്ങനെ ഒരിക്കൽ രാവിലെ ഓഫീസിൽ എത്തി ലാപ്ടോപ്പ് തുറക്കുമ്പോഴുണ്ട് ഞങ്ങളുടെ ഓഫീസ് സർവീസസ് ടീമിന്റെ ഒരു ഇമെയിൽ ഇൻബോക്സിൽ. അതിന്റെ സബ്ജക്ട് ലൈൻ ഇതായിരുന്നു: Pastry & Snakes Counter in 6th floor! ങേ! ഞാൻ വീണ്ടും വായിച്ചു നോക്കി. കിലുക്കം സിനിമയിൽ  ഇന്നസെന്റ് പറയും പോലെ, ‘‘ശരിയാണ്, ഇത് വരെ വളരെ ശരിയാണ്’’, Snakes എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ഇമെയിലിന്റെ സബ്ജെക്ടിൽ മാത്രമല്ല കണ്ടന്റി ലും അങ്ങനെ തന്നെ.

ഓട്ടോ കറക്റ്റ് സോഫ്റ്റ്‌വെയർ കൊടുത്ത പണിയാണെന്ന് ഒരു നിമിഷത്തിനു ശേഷം മനസ്സിലായി. ഉടൻ തന്നെ ഇമെയിൽ അയച്ച ആൾക്ക് ഞാൻ മെസ്സേജ് ചെയ്തു. അദ്ദേഹം അപ്പോൾ തന്നെ ആ ഇമെയിൽ കറക്റ്റ് ചെയ്ത്‌ അയയ്ക്കുകയും ചെയ്‌തു. എന്തായാലും സോഫ്റ്റ്‌വെയർ എൻജിനീയർമാർ മിക്കവരും പതിവു പോലെ ട്രാഫിക് ബ്ലോക്കിൽ പെട്ട് ഓഫീസിലേക്ക് ഉള്ള യാത്ര മധ്യേ ആയിരുന്നത് കൊണ്ട് സംഭവം അധികമാരും അറിയാതെ ഓഫീസ് സർവീസസ് ടീം രക്ഷപെട്ടു’’.

English Summary:

Pastry & Snakes? The Hilarious Office Email Error That Left Everyone Laughing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com