മൂടിപ്പുതച്ചുറങ്ങി നേടാം ലക്ഷങ്ങൾ ശമ്പളം; അതത്ര എളുപ്പമാണെന്നു കരുതേണ്ട
Mail This Article
കൊച്ചുവെളുപ്പാൻകാലത്ത് അലാം ഓഫ് ചെയ്ത് മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? രാവിലെ ജോലിസ്ഥലത്തേക്കോ കോളജിലോ പോകുന്ന കാര്യം ആലോചിക്കുമ്പോഴേ മനസ്സ് മടുക്കാറുണ്ടോ?.എങ്കിൽ ഇനി പറയാൻ പോകുന്ന ജോലി നിങ്ങൾക്കുള്ളതാണ്–പ്രഫഷനൽ സ്ലീപ്പർ!. അതെ, ഇങ്ങനെയുമൊരു ജോലിയുണ്ട്.ഉറങ്ങുക എന്നതാണു പ്രഫഷനൽ സ്ലീപ്പറുടെ തൊഴിൽ. കൈനിറയെ ശമ്പളവും ലഭിക്കും! അടുത്തിടെ ഫിൻലൻഡിലെ ഒരു ഹോട്ടൽ ഈ തസ്തികയിലേക്ക് ആളെ എടുത്തതോടെയാണു പ്രഫഷനൽ സ്ലീപ്പർമാർ ശ്രദ്ധിക്കപ്പെടുന്നത്. വൻ ഹോട്ടലുകളിലെ മുറികളിൽ കിടന്നുറങ്ങുക എന്നതാണു പ്രഫഷനൽ സ്ലീപ്പർമാർ ചെയ്യേണ്ടത്. ഹോട്ടൽ മുറികളിൽ എത്രമാത്രം സുഖകരമായി ഉറങ്ങാൻ സാധിക്കുന്നു എന്നു മനസ്സിലാക്കുകയാണു ലക്ഷ്യം.
ഉറക്കത്തിന്റെ താളവും ആഴവുമൊക്കെ ശാസ്ത്രീയമായി പരിശോധിക്കും. മിക്കവാറും ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും മുൻപാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്. പ്രഫഷനൽ സ്ലീപ്പർമാർ ഓരോ ദിവസവും ഓരോ മുറികളിൽ ഉറങ്ങേണ്ടിവരും. സംഗതി കേൾക്കാൻ രസമുണ്ടെങ്കിലും ഉറങ്ങുന്ന ജോലി അത്രയെളുപ്പമാണെന്നു കരുതേണ്ട. ദിവസേന ദീർഘനേരം ഉറങ്ങേണ്ടിവരും. ചുറ്റുപാടും ആളുകളുണ്ടെന്ന ബോധ്യത്തിൽ ഉറങ്ങണം. ശരീരത്തിൽ ഒരുപക്ഷേ, വയറുകൾ ഘടിപ്പിച്ചിട്ടുണ്ടാകാം. ചുറ്റുപാടുകളെ നന്നായി നിരീക്ഷിക്കാനുള്ള കഴിവുണ്ടാകണം. മനസ്സിലാക്കിയ കാര്യങ്ങൾ നന്നായി എഴുതാനും അവതരിപ്പിക്കാനുമുള്ള കഴിവുമുണ്ടാകണം. ചുരുക്കത്തിൽ നിങ്ങളുടെ ‘ഉറക്കം’ ശരിയല്ലെങ്കിൽ കമ്പനി നിങ്ങളെ പിരിച്ചുവിട്ടേക്കാം!
ശാസ്ത്രപരീക്ഷണങ്ങൾക്കായും സ്ലീപ്പർമാരെ ആവശ്യമുണ്ടാകും. കുറച്ചു വർഷം മുൻപു നാസ ഇത്തരത്തിൽ ഉറങ്ങാൻ തയാറായ വൊളന്റിയർമാരെ ക്ഷണിച്ചിരുന്നു. 70 ദിവസം ഒരു കട്ടിലിൽ കഴിച്ചുകൂട്ടാൻ 18,000 ഡോളറാണ് (ഇപ്പോഴത്തെ കണക്കിൽ 12.5 ലക്ഷത്തോളം രൂപ) അന്നു വാഗ്ദാനം ചെയ്തത്. നാസയിൽ ജോലി ചെയ്യണമെന്ന ജീവിതാഭിഷമുള്ളവർക്ക് ഇങ്ങനെയും അവസരങ്ങളുണ്ടെന്നു മനസ്സിലാക്കിക്കോളൂ. അമേരിക്കയിലെ കൊളറാഡോ സർവകലാശാലയും പരീക്ഷണങ്ങൾക്കായി പ്രഫഷനൽ സ്ലീപ്പർമാരെ ജോലിക്കെടുത്തിരുന്നു. നമ്മുടെ പിഎസ്സി പ്രഫഷനൽ സ്ലീപ്പർ തസ്തികയിലേക്കു പരീക്ഷ നടത്തുന്ന കാലം എത്ര സുന്ദരമായിരിക്കുമല്ലേ?!!