ADVERTISEMENT

ഓഫീസിലെ പ്രമോഷന്റെ ആവശ്യത്തിനാണു പുതുച്ചേരിയിൽ സർക്കാർ ജീവനക്കാരനായ സുബ്രഹ്മണ്യൻ വർഷങ്ങൾക്കു മുൻപു മുടങ്ങി പോയ പഠനം പുനരാരംഭിച്ചത്. ഒടുവിൽ പഠിച്ചു മുന്നേറി എസ്എസ്എൽസി പാസ്സായപ്പോൾ ഒപ്പം വിജയ മധുരം പങ്കിട്ട് അതേ ബാച്ചിലെ വിജയിയായി എത്തിയത് മകൾ തിരിഗുണയും. കർണ്ണാടക വിദ്യാഭ്യാസ വകുപ്പിന്റെ എസ്എസ്എൽസി പരീക്ഷയ്ക്കാണ് അച്ഛനും മകളും ഒരുമിച്ചു വിജയതീരമണഞ്ഞത്. 

നാൽപത്തിയാറാം വയസ്സിലാണു സുബ്രഹ്മണ്യൻ എസ്എസ്എൽസിയുടെ കടമ്പ കടക്കുന്നത്. പൊതുമരാമത്തു വകുപ്പിൽ ഫീൽഡ് ഇൻസ്പെക്ടറായ സുബ്രഹ്മണ്യന്റെ വിദ്യാഭ്യാസ യോഗ്യത ജോലിക്കു കയറുമ്പോൾ ഏഴാം ക്ലാസ് ആയിരുന്നു. സർക്കാർ സേവനത്തിലിരിക്കേ പിതാവു മരിച്ചതിനെ തുടർന്നു ഗ്യാങ്മാനായിട്ടാണു ജോലി ലഭിക്കുന്നത്. ഒപ്പം ജോലിക്കു കയറിയവർക്കെല്ലാം പ്രമോഷനായപ്പോഴും ആവശ്യത്തിനു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാൽ 20 വർഷത്തോളം സുബ്രഹ്മണ്യനു പ്രമോഷൻ നിഷേധിക്കപ്പെട്ടു.

അങ്ങനെ 2017ൽ പ്രൈവറ്റായി എട്ടാം ക്ലാസു പരീക്ഷയെഴുതി പാസ്സായി. തുടർന്നു സുബ്രഹ്മണ്യന് ഫീൽഡ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. അതിനു ശേഷമാണ്  എസ്എസ്എൽസി പരീക്ഷയെഴുതാൻ തീരുമാനിച്ചത്. ഒരു മാസത്തോളം ഇതിനായി ഒരു ട്യൂട്ടോറിയലിൽ പോയി പഠിച്ചു. തുടർന്നു തിരിഗുണയും മൂത്ത സഹോദരി സുബ്ബുലക്ഷ്മിയും ചേർന്ന് അച്ഛന്റെ പഠനക്കാര്യം ഏറ്റെടുത്തു. ദിവസവും ഒരു മണിക്കൂർ വീതം മക്കൾ അച്ഛനെ പഠിപ്പിച്ചു.

2018 മാർച്ചിൽ പരീക്ഷ എഴുതിയെങ്കിലും കണക്ക് അടക്കം മൂന്നു വിഷയങ്ങൾക്കു പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിൽ തന്നെ സപ്ലിമെന്ററി പരീക്ഷ എഴുതി. പക്ഷേ അത്തവണയും കടമ്പ കടക്കാനായില്ല. ഒടുവിൽ മാർച്ചിലെഴുതിയ പരീക്ഷയിൽ സ്വന്തം മകളോടൊപ്പം വിജയ മധുരം നുണയാനായിരുന്നു സുബ്രഹ്മണ്യന്റെ യോഗം. അച്ഛൻ മൂന്നു തവണ എഴുതി കഷ്ടപ്പെട്ടാണു കടന്നു കൂടിയതെങ്കിലും മകൾ എസ്എസ്എൽസിക്ക് കൈവരിച്ചതു മിന്നുന്ന വിജയം തന്നെയായിരുന്നു. 500 ൽ 471 മാർക്കു നേടിയാണ് തിരിഗുണ വിജയിച്ചത്. എസ്എസ്എൽസിയും പാസ്സായതോടെ അടുത്ത പ്രമോഷനു തയാറെടുക്കുകയാണു സുബ്രഹ്മണ്യൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com