എ പ്ലസ് എണ്ണി അഭിമാനിക്കുന്ന മാതാപിതാക്കള്‍ അറിയാന്‍ ഒരമ്മയുടെ വൈറല്‍ പോസ്റ്റ്
Mail This Article
മെയ് ആറിന് ന്യൂഡല്‍ഹി സ്വദേശി വന്ദന സുഫിയ കടോച്ച് തന്റെ മകനെ കുറിച്ചു ഫെയ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതെഴുതുന്ന സമയം വരെ ആ പോസ്റ്റിന് ലഭിച്ചത് 15,000 ലൈക്കുകള്‍, 2300 കമന്റ്, 8000 ഷെയറുകള്‍. ഇത്രയ്ക്ക് വൈറലാകാന്‍ ആ പോസ്റ്റില്‍ എന്താണുള്ളതെന്നു ചോദിച്ചാല്‍ അതൊരു പരീക്ഷാ വിജയത്തെ കുറിച്ചുള്ള വ്യത്യസ്തമായ പോസ്റ്റായിരുന്നു.
ഓ, ദേ വരുന്നു മറ്റൊരു എ പ്ലസ് വിജയകഥയെന്നു പറഞ്ഞ് മുഖം തിരിക്കാന്‍ വരട്ടെ. വന്ദന ആഘോഷിച്ചതു മകന്റെ 100 ശതമാനത്തിന്റെയോ 90 ശതമാനത്തിന്റെയോ ഫുള്‍ എ പ്ലസിന്റെയോ ഗ്ലാമറുള്ള വിജയശതമാനമായിരുന്നില്ല. 60 ശതമാനം മാര്‍ക്കു നേടിയാണ് വന്ദനയുടെ മകന്‍ പത്താം ക്ലാസ് പരീക്ഷ പാസ്സായത്. പക്ഷേ, അവന്റെ മാര്‍ക്കിന്റെ ശതമാനക്കണക്ക് തന്റെ സന്തോഷത്തിന്റെ മാറ്റു തെല്ലും കുറയ്ക്കുന്നില്ല എന്നു പറഞ്ഞാണ് ആ അമ്മ മകന്റെ വിജയം ആഘോഷമാക്കിയത്.
മകനെ പോലെ 'മരം കയറി കഴിവ് തെളിയിക്കാന്‍ നിയോഗിക്കപ്പെട്ട മീനുകളായ' മറ്റു കുട്ടികള്‍ക്കും വന്ദന പോസ്റ്റിലൂടെ അഭിനന്ദനം നേരുന്നു. ലോകമാകുന്ന ഈ വലിയ സമുദ്രത്തില്‍ സ്വന്തമായ വഴി കണ്ടെത്തി മുന്നേറാനാണ് മകൻ അടക്കമുള്ളവരോടുള്ള വന്ദനയുടെ ഉപദേശം. ഇതിനിടയില്‍ നിങ്ങളുടെ നന്മയും കൗതുകവും വിവേകവും നര്‍മ്മ ബോധവും കൈവിടാതെ സജീവമാക്കി നിര്‍ത്താനും വന്ദന പറയുന്നു.
മകന്‍ നേടിയത് 90 ശതമാനമല്ല, 60 ശതമാനമാണെന്നും പക്ഷേ, താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും വന്ദന ഫെയ്സ്ബുക്കില്‍ കുറിച്ചു. മകൻ ചില വിഷയങ്ങളില്‍ വല്ലാതെ കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അവസാന ഒന്നര മാസം അവന്റെ സകല കഴിവുകളും പുറത്തെടുത്താണ് പരീക്ഷാ വിജയം കൈവരിച്ചതെന്നും വന്ദന പറയുന്നു. ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നും അവരുടെ മാര്‍ക്കിന്റെ വലുപ്പമല്ല മറിച്ചു പരിശ്രമമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും ഓര്‍മ്മിക്കുകയാണ് വന്ദന.
വന്‍ കയ്യടികളോടെയാണ് സമൂഹ മാധ്യമങ്ങള്‍ വന്ദനയുടെ പോസ്റ്റിനെ തോളിലേറ്റിയത്. എല്ലാ മാതാപിതാക്കളും ഈ അമ്മയെ കണ്ടു പഠിക്കണമെന്ന് കമന്റിട്ടവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. വലിയ പ്രചോദമാണ് വന്ദനയുടെ പോസ്റ്റ് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നല്‍കുന്നതും പലരും അഭിപ്രായപ്പെട്ടു. ക്ലേഗ്രൗണ്ട് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യകമ്പനിയുടെ സ്ഥാപകയാണ് ഈ കിടുകാച്ചി അമ്മ.