ഇന്ന് ലോകത്തെ മികച്ച സർവകലാശാല, പക്ഷേ അറിയപ്പെടുന്നത് ഒരു കള്ളന്റെ പേരിൽ!
Mail This Article
കള്ളനു കഞ്ഞി വച്ചവനായിരുന്നു എലീഹു യേൽ. മദ്രാസ് പ്രവിശ്യയെ പിഴിഞ്ഞൂറ്റാനാണ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യേലിനെ നിയോഗിച്ചത്. അയാൾ അതു ഭംഗിയായി ചെയ്തു. കൂട്ടത്തിൽ കമ്പനിയെയും ഊറ്റിയെന്നു മാത്രം.
കേരളം അടങ്ങുന്ന മദ്രാസ് പ്രവിശ്യയിൽ നിന്നു വാരിക്കൂട്ടിയ അളവറ്റ ധനവുമായി കപ്പൽ കയറിയ യേൽ അധികമാർക്കും പിടികൊടുക്കാതെ ജീവിച്ചു. കടം കയറിയ ഒരു സ്കൂളിനു സംഭാവന നൽകുമ്പോൾ അയാൾ ഒരു നിബന്ധന വച്ചു: ‘സ്ഥാപനത്തിന് എന്റെ പേരിടണം’.
പൂട്ടുന്നതിനേക്കാൾ നല്ലതു പേരുമാറ്റുന്നതാണെന്ന കാര്യത്തിൽ അവർക്കു സംശയമില്ലായിരുന്നു. ആ സ്ഥാപനം പിന്നീടു കോളജായപ്പോൾ പേര് യേൽ കോളജ് എന്നായി. പിൽക്കാലത്തു യേൽ സർവകലാശാലയായി.
അതെ! ലോകപ്രശസ്തമായ യേൽ സർവകലാശാല കെട്ടിപ്പൊക്കിയത് നമ്മുടെ പൂർവികരെ അടിമകളായി വിദേശത്തേക്കു കപ്പൽ കയറ്റിയയച്ചും കുരുമുളകു വിറ്റും കിട്ടിയ പണം കൊണ്ടാണ്.
20 വർഷം
ബ്രിട്ടിഷ് അമേരിക്കയിലെ ബോസ്റ്റണിൽ 1649 ഏപ്രിൽ 5നാണ് എലീഹു ജനിച്ചത്. അവനു 3 വയസ്സുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിലെ സ്കൂളുകളിൽ പഠിച്ച എലീഹു ഇംഗ്ലിഷ് ഈസ് ഇന്ത്യ കമ്പനിയിൽ 20 വർഷത്തോളം പണിയെടുത്തു.
1684ൽ മദ്രാസിലെ സെന്റ് ജോർജ് കോട്ടയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. മദ്രാസ് പ്രസിഡൻസിയിലെ കമ്പനിയുടെ വ്യാപാരത്തിൽ മുഴുവൻ കൈവയ്ക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത്. കമ്പനി ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴും വളഞ്ഞവഴിയിലൂടെ പണം ഉണ്ടാക്കുന്നതിലായിരുന്നു എലീഹുവിനു ഹരം.
ആദ്യമൊന്നും കമ്പനിക്കു പോലും ഇതു മനസ്സിലായില്ല. അവർ കാര്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. കമ്പനി നിയമങ്ങൾ ലംഘിച്ച് മദ്രാസിലെ വ്യാപാരികളുമായി അയാൾ രഹസ്യ കരാറുകളുണ്ടാക്കി. കുരുമുളകിനു വിദേശത്തു തീ വിലയുണ്ടായിരുന്ന കാലത്ത് അനധികൃത കടത്തിലൂടെ എലീഹു വൻതുക സമ്പാദിച്ചു.
സുഹൃത്തും മുൻഗാമിയുമായിരുന്ന ജോസഫ് ഹൈൻമർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാതറിനെ ഭാര്യയാക്കി. അവർക്കു ഡേവിഡ് എന്ന മകൻ പിറന്നെങ്കിലും നാലാം വയസ്സിൽ മരിച്ചു. ഡേവിഡിനെ അടക്കിയ കല്ലറ ഇന്നും ചെന്നൈയിലുണ്ട്.
കണ്ണീരിന്റെ വില
അടിമക്കച്ചവടത്തിന്റെ കാര്യത്തിൽ എലീഹു നിയമത്തിന്റെ എല്ലാ സീമകളും കാറ്റിൽപ്പറത്തി. മദ്രാസിൽ നിന്നു വിദേശത്തേക്കു പോകുന്ന ഓരോ കപ്പലിലും പത്ത് അടിമകളെങ്കിലും വേണമെന്ന് അയാൾക്കു നിർബന്ധമുണ്ടായിരുന്നു. എലീഹുവിന്റെ കാലത്തു മാത്രം മദ്രാസ് പ്രവിശ്യയിൽ നിന്നു പതിനായിരക്കണക്കിനു മനുഷ്യർ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കപ്പെട്ടു. അതിൽ തീർച്ചയായും മലയാളികളും ഉണ്ടായിരുന്നിരിക്കണം. വിദേശച്ചന്തകളിൽ വിലപേശി വിൽക്കപ്പെട്ട ആ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും വിലയിലാണ് പിൽക്കാലത്ത് യേൽ സർവകലാശാല കെട്ടിപ്പടുക്കപ്പെട്ടത്.
അടിമക്കച്ചവടത്തിന്റെ ഇരുണ്ട ഭൂത കാലത്തെ ആർക്കും നിഷേധിക്കാനാവില്ല. ചരിത്രരേഖകൾ ഇന്നും അതിനു സാക്ഷ്യം. കമ്പനിയുടെ പണം ഉപയോഗിച്ച് യേൽ ഭൂമി വാങ്ങിക്കൂട്ടി. തമിഴ്നാട്ടിൽ ഒരു കോട്ട പോലും യേൽ സ്വന്തമാക്കി. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുമായിരുന്നു യേൽ. ‘കറുത്ത ക്രിമിനലുകളെ’ അടിമകളാക്കി വിൽക്കാൻ പോലും അയാൾ ഉത്തരവിട്ടു. 1692ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി എലീഹുവിനെ സ്ഥാനത്തു നിന്ന് തെറിപ്പിച്ചു. 10 തലമുറകൾക്ക് ഇരുന്നുണ്ണാനുള്ളത് അതിനകം സമ്പാദിച്ചിരുന്നു. 1699ൽ ലണ്ടനിലേക്കു മടങ്ങി. 1721ൽ മരിച്ചു.
യേൽ കോളജ്
കോട്ടൺ മേത്തർ എന്നയാൾ 1718ൽ എലീഹു യേലിനെ സമീപിച്ചു. അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള കൊളേജിയറ്റ് സ്കൂളിനു പുതിയ കെട്ടിടം നിർമിക്കാനുള്ള സഹായമാണ് അയാൾ തേടിയത്. എലീഹു അയാൾക്ക് 417 പുസ്തകങ്ങളും ജോർജ് ഒന്നാമൻ രാജാവിന്റെ ഛായാചിത്രവും മറ്റു ചില സാധനങ്ങളും നൽകി. ഇവ വിറ്റപ്പോൾ 800 സ്റ്റെർലിങ് പൗണ്ട് ലഭിച്ചു. അന്ന് അതു വൻ തുകയായിരുന്നു. അതുകൊണ്ടു പണിത കെട്ടിടത്തിന് അവർ യേലിന്റെ പേരിട്ടു. പിന്നീട് അതു യേൽ കോളജും സർവകലാശാലയുമായി. അടിമക്കച്ചവടത്തിലൂടെയും അനധികൃത കുരുമുളകു വ്യാപാരത്തിലൂടെയും ധനികനായ എലീഹു യേലിന്റെ ഓർമ നിലനിർത്തുന്നത് ലോകത്തിലെ ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എന്നത് ചരിത്രത്തിന്റെ തമാശ. യേൽ സർവകലാശാലയെന്നു കേൾക്കുമ്പോൾ നാവിലെരിയണം, നമ്മുടെ കുരുമുളകിന്റെ വീര്യം; ഉള്ളിലെരിയണം, അടിമകളായി കപ്പൽ കയറേണ്ടി വന്ന നമ്മുടെ പൂർവികരുടെ ഓർമ.