ADVERTISEMENT

കോവിഡ്-19 വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളും 2020 മാര്‍ച്ച് 10ന് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. മാര്‍ച്ച് 11 മുതല്‍ ഹോസ്റ്റലുകളും അടയ്ക്കാന്‍ തുടങ്ങിയതോടെ വിദ്യാർഥികളെയെല്ലാം വീടുകളിലേക്കു തിരിച്ചയച്ചു. പിന്നാലെ ലോക്ഡൗണും വന്നതോടെ വിദ്യാർഥികൾ ആശങ്കയിലായി. 

rcet-initiative-during-lock-down-image-class-room

 

ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ ഒരു പുതിയ വഴിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയും (ആര്‍എസ്ഇടി) അവിടുത്തെ പൂര്‍വ വിദ്യാർഥി സംഘടനയായ ആര്‍എസ്ഇടി അലംമ്നി അസോസിയേഷനും. അധ്യാപനവും അസൈന്‍മെന്റുകളും സെമിനാറും ഉള്‍പ്പെടെയുള്ള എല്ലാ പഠന പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റുന്ന പദ്ധതിയാണിത്. കോളജ് അധികൃതരും അലംമ്നി എക്‌സിക്യൂട്ടീവുകളും കോണ്‍ഫറന്‍സ് കോളിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്. 

 

‘നിലവിലെ സാഹചര്യത്തില്‍ കോളജുകളിലെ ഓഫ്‌ലൈന്‍ പഠനം എന്ന് പുനരാരംഭിക്കുമെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ ഈ ലോക്ഡൗണ്‍ സമയത്ത് കഴിയുന്നത്ര തിയറി സെഷനുകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാണ് ശ്രമം. വിദ്യാർഥികള്‍ കോളജിലേക്ക് മടങ്ങി എത്തുമ്പോഴേക്കും പ്രാക്ടിക്കല്‍ സെഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം’– ആര്‍എസ്ഇടി ഓണ്‍ലൈന്‍ കോഓര്‍ഡിനേറ്ററായ ഫാ. ജോയല്‍ ജോര്‍ജ് പുലോളില്‍ സിഎംഐ പറഞ്ഞു. 

 

വിവിധ എന്‍ജിനീയറിങ് ശാഖകളിലും മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് വിഷയങ്ങളിലുമായി 200ലധികം വിഡിയോകള്‍ ആര്‍എസ്ഇടി വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ഫാക്കല്‍റ്റി അംഗങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവസാന മൊഡ്യൂളിലെ കൂടുതല്‍ വിഡിയോ ലെക്ചറുകള്‍ അടുത്ത ആഴ്ച അപ്‌ലോഡ് ചെയ്യും. ഇത് രാജഗിരിയിലെ വിദ്യാർഥികള്‍ക്ക് മാത്രമല്ല കെടിയു സിലബസില്‍ പഠിക്കുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഉപകാരപ്രദമാകുമെന്ന് ആര്‍എസ്ഇടി പ്രിന്‍സിപ്പല്‍ പ്രഫ. പി.എസ്. ശ്രീജിത്ത് പറയുന്നു. 

 

വിദ്യാർഥികള്‍ ഈ വിഡിയോ സെഷനുകള്‍ ഈ അവധിക്കാലത്ത് ഉപയോഗപ്പെടുത്തണമെന്നും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും കോളജിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആര്‍എസ്ഇടി ഡയറക്ടര്‍ ഫാ. മാത്യു വട്ടത്തറ സിഎംഐ പറഞ്ഞു. 

 

കുറഞ്ഞ സമയത്തിലും കുറഞ്ഞ ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്തിലും കാണാവുന്ന രീതിയിലാണ് വിഡിയോകള്‍ തയാറാക്കിയിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും തങ്ങളുടെ പഠനവിഷയങ്ങളുമായി ബന്ധം നിലനിര്‍ത്തണമെന്ന് ആര്‍സിഇടി അലംമ്നി അസോസിയേഷന്‍ പ്രസിഡന്റ് റിജിന്‍ ജോണ്‍ ആവശ്യപ്പെട്ടു. ‘ഈ ഓണ്‍ലൈന്‍ മോഡലിന് വന്‍ പ്രതികരണമാണ് വിദ്യാർഥികളില്‍നിന്ന് ലഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ 15,000 കാഴ്ചക്കാര്‍ ഉണ്ടായി. ഇതൊരു പരീക്ഷണ ഡോസാണ്. കൂടുതല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും’ – റിജിന്‍ പറഞ്ഞു. 

 

കേരളത്തില്‍ മാത്രം 140ലധികം കോളജുകളിലായി 30,000ല്‍ അധികം എന്‍ജിനീയറിങ് വിദ്യാർഥികളുണ്ട്. ഇന്ത്യയിലെ ആകെ കണക്ക് 29 ലക്ഷത്തോളമാണ്. ഇവരെല്ലാം ഇപ്പോള്‍ പഠിക്കാനാകാതെ വെറുതേയിരിക്കുകയാണ്.

 

‘ഈ പ്രതിസന്ധി കോഴ്‌സ് ദൈര്‍ഘ്യം വർധിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പ്ലേസ്‌മെന്റ് ഓഫറുകള്‍ ലഭിച്ച വിദ്യാർഥികള്‍ ജോലിക്കു പ്രവേശിക്കാനുള്ള തീയതിയും നീളും. വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരത്തിലുള്ള നൂതന മാതൃകകള്‍ വിദ്യാർഥികളെയും കമ്പനികളെയും സഹായിക്കും"- HiFX ടെക്നോളജീസിന്റെ പ്രസിഡന്റ് ഓഫ് ടെക്‌നോളജി മോഹന്‍ തോമസ് പറയുന്നു. 

 

ഓരോ എന്‍ജിനീയറിങ് ശാഖയ്ക്കും പ്രത്യേകം ഫോള്‍ഡറുകളിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെമസ്റ്റര്‍, കോഴ്‌സ് വിവരങ്ങള്‍ അടങ്ങിയ ഹ്രസ്വമായ കുറിപ്പും ഇവയോടൊപ്പമുണ്ട്. കെടിയു നിര്‍ദ്ദേശിച്ചിരിക്കുന്ന സിലബസാണ് ആര്‍സിഇടി ഓണ്‍ലൈന്‍ പിന്തുടരുന്നത്. പ്രഥമ പരിഗണന നല്‍കിയത് അഞ്ചും ആറും മോഡ്യൂളുകളിലെ വിഷയങ്ങള്‍ക്കാണ്. പല സ്ഥാപനങ്ങളും മാര്‍ച്ചോടെ തന്നെ ആദ്യ മൂന്നു വിഷയങ്ങളും തീര്‍ത്തിരുന്നു. തങ്ങളുടെ കോളജിലെയും കേരളത്തിലെയും എന്‍ജിനീയറിങ് വിദ്യാർഥികള്‍ക്കായി കൂടുതല്‍ വിഡിയോകള്‍ വീട്ടിലിരുന്ന് തയാറാക്കുന്ന തിരക്കിലാണ് രാജഗിരിയിലെ അധ്യാപക സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com