ADVERTISEMENT

ഞാൻ ബിസിഎ കഴിഞ്ഞ വിദ്യാർഥിയാണ്. മെഡിക്കൽ സ്ക്രൈബിങ്, മെഡിക്കൽ കോഡിങ് കോഴ്സുകളെപ്പറ്റിയും അവയുടെ ജോലി സാധ്യതകളെക്കുറിച്ചും ആ കോഴ്സ് ചെയ്യാൻ പറ്റിയ സ്ഥാപനങ്ങളെക്കുറിച്ചും അറിയാൻ താൽപര്യമുണ്ട്.

ഋഷി ശങ്കർ 

മെഡിക്കൽ സ്ക്രൈബിങ്: ഫിസിഷ്യന്റെ സഹായിയാണു മെ‍ഡിക്കൽ സ്ക്രൈബ്. രോഗിയെയും ചികിത്സയെയും സംബന്ധിച്ച പ്രസക്ത വിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ച് സാങ്കേതികകൃത്യതയോടെ രേഖപ്പെടുത്തി, ആവശ്യാനുസരണം ഫിസിഷ്യനു ലഭ്യമാക്കുന്ന പഴ്സനൽ അസിസ്റ്റന്റ്. ഇഎച്ച്ആർ (ഇലക്ട്രോണിക് ഹെൽത്ത് റിക്കോർഡ്) രീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. രേഖകൾ തയാറാക്കി സൂക്ഷിക്കാൻ ചെലവിടേണ്ട നേരം ലാഭിക്കാനും അതുവഴി ചികിത്സയ്ക്കു കൂടുതൽ നേരം വകയിരുത്താനും ഫിസിഷ്യന് ഇതുവഴി കഴിയും. സാധാരണ ഗതിയിൽ പ്ലസ് ടു കഴിഞ്ഞ് 9 മാസത്തോളം പരിശീലനം മതി.

െമഡിക്കൽ കോഡിങ്: രോഗനിർണയവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ ശാസ്ത്രീയ കോഡുകളായി പരിവർത്തനം ചെയ്യുന്നു. ഫിസിഷ്യന്റെ പരിശോധനാ റിപ്പോർട്ട്, ലാബ് ടെസ്റ്റുകളുടെ ഫലം മുതലായവ സ്റ്റാൻഡേഡ് രീതിയിലാക്കുന്നതു വഴി ബില്ലിങ്ങിനും ഇൻഷുറൻസിനും ദേശീയതലത്തിലടക്കമുള്ള പഠനങ്ങൾക്കും ഉപകരിക്കുന്നു. സങ്കീർണ രോഗങ്ങളാകുമ്പോൾ വിലയിരുത്തലിനു കോഡിങ് സഹായകമാകും. 

ICD-10-CM (International Classification of Diseases–10–Clinical Modification), HCPCS (Healthcare Common Procedure Coding System), CPT (Current Procedure Terminology) തുടങ്ങി അംഗീകൃത കോഡുകളുണ്ട്. ജൈവശാസ്ത്രമോ ആരോഗ്യരംഗമോ ആയി ബന്ധപ്പെട്ട ബാച്‍ലർ ബിരുദധാരികൾക്കു 3 മാസത്തോളം പരിശീലിച്ചു യോഗ്യത നേടാം. ചില സ്ഥാപനങ്ങൾ ഏതു ബിരുദധാരികളെയും പ്രവേശിപ്പിക്കുന്നു. 

മേൽപ്പറഞ്ഞ രണ്ടു സമ്പ്രദായങ്ങളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്. ഇന്ത്യയിലും ഈ യോഗ്യതകൾ നേടിയവർക്ക് അവസരങ്ങൾ ലഭിക്കും. ഈ മേഖലയിലെ കോഴ്സുകൾ കേരളത്തിലെ ചെറിയ സ്വകാര്യ സ്ഥാപനങ്ങളും നടത്തിവരുന്നു. ഇന്റർനെറ്റിലൂടെ ഇവയെപ്പറ്റി വിവരങ്ങൾ കണ്ടെത്താം. സ്ഥാപനത്തിലെത്തി പൂർവവിദ്യാർത്ഥികൾക്കു ലഭിച്ച ജോലിവിവരങ്ങളടക്കം മനസ്സിലാക്കിയിട്ടു വേണം ചേരുന്നത്.

നാലു വർഷം ദൈർഘ്യമുള്ള വിപുലമായ ‘ഫിസിഷ്യൻ അസിസ്റ്റന്റ്’ ബിഎസ്‌സി പ്രോഗ്രാമും നിവവിലുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കാണു പ്രവേശനം. എംഎസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് (ഫിസിഷ്യൻ അസിസ്റ്റ്ന്റ്) എന്ന പേരിലുമുണ്ട് പ്രോഗ്രാം.

English Summary : Medical Scribing and Medical Coding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com