മെഡിക്കൽ പിജി കോഴ്സ് കാലാവധി പുതിയ ബാച്ച് വരുന്നതു വരെ നീട്ടി
Mail This Article
കോവിഡ് പശ്ചാത്തലത്തിൽ വിവിധ മെഡിക്കൽ കോളജുകളിൽ അവസാന വർഷ പിജി ക്ക് പഠിക്കുന്നവരുടെ കോഴ്സ് കാലാവധി പുതിയ ബാച്ച് വരുന്നതു വരെ നീട്ടിയതായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആരോഗ്യ സർവകലാശാലയെയും സർക്കാരിനെയും അറിയിച്ചു.
കോഴ്സ് ദീർഘിപ്പിച്ച കാലയളവിൽ ഇവർക്കുള്ള സ്റ്റൈപ്പൻഡ് തുകയും താമസ സൗകര്യവും നൽകണം. മെഡിക്കൽ പിജി കോഴ്സുകൾ അവസാനിക്കേണ്ടത് ഈ മാസം 30 ന് ആണ്. മേയ് 2 ന് പുതിയ പിജി കോഴ്സ് തുടങ്ങണം. എന്നാൽ കോവിഡ് മൂലം പുതിയ ബാച്ചിന്റെ പ്രവേശന നടപടികൾ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ കോവിഡ് നേരിടുന്നതിനുള്ള ഡോക്ടർമാർ ആവശ്യത്തിന് ഇല്ലാതെ വരുന്നത് ഒഴിവാക്കാനാണു നിലവിലുള്ളവരുടെ കാലാവധി നീട്ടാൻ മെഡിക്കൽ കൗൺസിൽ തീരുമാനിച്ചത്.
മൂന്നു വർഷത്തെ പിജി കോഴ്സിന്റെ കാലാവധി ഇതു മൂലം നീളും. ഇവരുടെ പരീക്ഷ 29 ന് തുടങ്ങാനാണു നേരത്തെ ആരോഗ്യ സർവകലാശാല തീരുമാനിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് എന്നു സാധിക്കുമെന്ന് അറിയില്ല. ജോലിക്കിടെ അവസാന വർഷ പരീക്ഷയ്ക്കും പിജി വിദ്യാർഥികൾ തയാറെടുക്കുന്നു. സ്ഥിതി മെച്ചപ്പെടുമ്പോൾ പരീക്ഷ നടത്തണമെന്നു മെഡിക്കൽ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.
English Summary : Medical PG Courses extended