ADVERTISEMENT

വീട്ടിൽ ടിവിയും മൊബൈലുമില്ലാത്തവർക്കു ക്ലാസ് ലഭ്യമാക്കാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കകം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അതുവരെ ക്ലാസുകൾ ആവർത്തിക്കും. ആദ്യ രണ്ടാഴ്ച ഓൺലൈൻ ക്ലാസ് സംവിധാനത്തിന്റെ പോരായ്മകൾ സർക്കാരിനു പഠിക്കാനുള്ള സമയമാണെന്നും പറഞ്ഞു. മലയാള മനോരമയുടെ ഫോൺ ഇൻ പരിപാടിയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.

ഒരു വിദ്യാർഥിക്കും ഒരു പാഠഭാഗവും നഷ്ടപ്പെടില്ല. ക്ലാസ് കാണാൻ കഴിയാത്തവർ ആ വിവരം സ്കൂളിൽ അറിയിക്കണം. ക്ലാസ് കാണാൻ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കു വായനശാലകൾ, ക്ലബ്ബുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗകര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും ജനകീയ കൂട്ടായ്മകളും സഹകരണ സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾക്കും ഇക്കാര്യത്തിൽ‍ സഹായിക്കാനാകും.

വായനക്കാരുടെ സംശയങ്ങളും മന്ത്രിയുടെ മറുപടിയും:

? ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായിരിക്കുമെന്ന് ഉറപ്പുണ്ടോ ? വിദ്യാർഥികൾ ഇത് എങ്ങനെ ഉൾക്കൊള്ളും?

– റഫീഖ് കുറ്റ്യാടി, മുജീബ് റഹ്മാൻ, മിഥുൻ പുനലൂർ, സി.എൽ‌.തോമസ് പറപ്പൂർ, ഇബ്രാഹിം തളിപ്പറമ്പ്

 നമുക്കു പരിചിതമല്ല എന്നതിനാൽ ഓൺലൈൻ ക്ലാസിനെ ആശങ്കയോടെ കാണരുത്. കുട്ടികൾ മുതിർന്നവരെക്കാൾ ഈ സംവിധാനങ്ങളെ അടുത്തറിഞ്ഞവരാണ്. നമ്മളോളം ആശങ്ക അവർക്കില്ല. ഇതാണു നല്ലതെന്നു വഴിയേ നമുക്കും മനസ്സിലാവും. സ്കൂൾ വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായം

? ഓൺലൈൻ ക്ലാസുകൾ മലയാളത്തിൽ മാത്രമാണല്ലോ. ഇംഗ്ലിഷ് മീഡിയം കുട്ടികൾ എന്തു ചെയ്യും?

– ജയന്തി തളിപ്പറമ്പ്.

 എല്ലാവർക്കും മനസ്സിലാവും എന്നതിനാലാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ മലയാളത്തിലാക്കിയത്. ഇംഗ്ലിഷിലുള്ള ക്ലാസുകളും ലഭ്യമാക്കാനാണു ശ്രമം.

? പല കേബിൾ നെറ്റ്‌വർക്കുകളിലും വിക്ടേഴ്സ് ചാനൽ ലഭ്യമല്ല.

– ശ്രീലക്ഷ്മി കുട്ടനാട്, രാഗേഷ് പന്ന്യന്നൂർ, കുരുവിള മാത്യൂസ് എറണാകുളം, സുരേഷ് കുത്തന്നൂർ, ആശ മലപ്പുറം, ശങ്കരൻ ഇരിങ്ങാലക്കുട, ഷാജഹാൻ മണക്കാട്, ശരണ്യ കൊല്ലം, ഐറിൻ എൽസ കോരുത്തോട്, പൂജ ആലപ്പുഴ

 എല്ലാ കേബിൾ നെറ്റ്‌വർക്കിലും ലഭ്യമാക്കും. കേന്ദ്ര അനുവാദത്തിനായി കത്തെഴുതിയിട്ടുണ്ട്. ഉടൻ തന്നെ അനുവാദം ലഭ്യമാകും.

? എത്ര കാലത്തേക്കാണ് ഓൺലൈൻ ക്ലാസ്?

– ജയപ്രകാശ് ഗുരുവായൂർ.

 കുട്ടികൾ ക്ലാസിൽ വരുന്നത് അനുവദിക്കാനാവാത്ത സാഹചര്യമാണല്ലോ ഓൺലൈൻ ക്ലാസുകളിലേക്കു മാറാൻ കാരണം. ആ സാഹചര്യം മാറുന്നതു വരെ തുടരും.

? ദിവസം ഒരു മണിക്കൂർ വച്ച് മാത്രം ക്ലാസെടുത്താൽ ക്ലാസുകൾ തീരുമോ ? പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കുമോ ?

–മനു പാലക്കാട്.

  ഓരോ ക്ലാസിലേക്ക് ഓരോ ചാനൽ എന്ന തരത്തിൽ വിഭജിച്ചെങ്കിൽ മാത്രമേ കൂടുതൽ സമയം ഓരോരുത്തർക്കും ക്ലാസ് നൽകാൻ കഴിയൂ. അതിനു കേന്ദ്ര ഇടപെടൽ ആവശ്യമുണ്ട്. ഇപ്പോഴത്തെ ക്ലാസ് ട്രയൽ‌ റൺ ആണ്. എല്ലാ പോരായ്മകളും പഠിക്കും. പാഠഭാഗങ്ങൾ ചുരുക്കില്ല.

? പാഠപുസ്തകങ്ങൾ ലഭിക്കാതെ എങ്ങനെ ക്ലാസ് മനസ്സിലാക്കാനാവും.

– സുമി അനിൽകുമാർ ചാലാട്

  പാഠപുസ്തകങ്ങൾ ഉടൻ സ്കൂളുകളിലെത്തും. അറിയിപ്പു കിട്ടുന്ന മുറയ്ക്കു രക്ഷിതാക്കളിൽ ഒരാൾ സ്കൂളിലെത്തി വാങ്ങണം. കുട്ടിയെ കൂടെ കൊണ്ടുപോകേണ്ടതില്ല. സ്കൂളിൽ എത്തി വാങ്ങാൻ കഴിയാത്തവർക്കു പാഠപുസ്തകം വീട്ടിൽ എത്തിച്ചു നൽകും.

? കുട്ടികൾക്കു സംശയങ്ങൾ ദൂരീകരിക്കാൻ ഓൺലൈൻ ക്ലാസിൽ സംവിധാനമില്ലല്ലോ.

– വിമൽ അന്ധകാരനഴി, ഫാത്തിമ നഹ്നാസ് അരിമ്പ്ര

  സംശയങ്ങൾ അവരുടെ അധ്യാപകരോടു ചോദിച്ചു മനസ്സിലാക്കാം. പൊതുവായുള്ള സംശയങ്ങൾക്കു മറുപടിയുമായി ഓൺലൈനിൽ തന്നെ പ്രത്യേക സെഷൻ പിന്നീട് അവതരിപ്പിക്കും. കുട്ടികളുടെ അധികവായനയ്ക്കു രക്ഷിതാക്കളും അധ്യാപകരും സഹായിക്കണം.

? ക്ലാസുകൾ പെൻഡ്രൈവിൽ നൽകിക്കൂടേ ? വാട്സാപ് വിഡിയോകളായി അയയ്ക്കും എന്നും പറഞ്ഞിരുന്നല്ലോ?

–തോമസ് അങ്കമാലി, തോമസ് ജേക്കബ് കോട്ടയം.

  പെൻഡ്രൈവിലൂടെ നൽകുന്ന കാര്യം പരിഗണിക്കാം. വാട്സാപ് വിഡിയോകൾ ഉപയോഗിക്കുന്നത് തുടർപരിപാടി എന്ന നിലയ്ക്കാണ്. ക്ലാസ് കഴിയുമ്പോൾ വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾ കേട്ട് അവർക്ക് എളുപ്പം മനസ്സിലാക്കാവുന്ന ഉദാഹരണങ്ങളുടെ വിഡിയോകൾ തയാറാക്കി അയയ്ക്കുകയാകും ചെയ്യുക.

? ഐസിഎസ്ഇ, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനിരിക്കുന്ന കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കുമോ ? അവരുടെ ബാക്കി പത്താം ക്ലാസ് പരീക്ഷകൾ ജൂലൈയിലാണ്.

– സിബി നെടുങ്കുന്നം, ബിൻസി പെരുമ്പാവൂർ, നാസർ കണ്ണൂർ, മരിയ വാഴൂർ.

   ആശങ്ക വേണ്ട. മാർക്കിനനുസരിച്ച് അവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം കിട്ടും.

? പുതിയ അധ്യാപകരുടെ നിയമനം എപ്പോഴായിരിക്കും.?

പി.എസ്.സൗമ്യ മലപ്പുറം

  കുട്ടികൾ ക്ലാസിൽ വരാൻ തുടങ്ങിയ ശേഷമേ അധ്യാപക തസ്തിക നിർണയം പോലുള്ള കാര്യങ്ങൾ നടക്കൂ.

? അൺ എയ്ഡഡ് സ്കൂളുകൾ അധ്യാപകരോട് സ്കൂളിൽ വരണമെന്നു നിർബന്ധം പിടിക്കുന്നുണ്ട്.

– അധ്യാപിക, കോഴിക്കോട്

  പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ അധ്യാപകർ വരണമെന്നില്ല എന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സർക്കുലറും ഇറക്കിയിട്ടുണ്ട്. അത് എല്ലാവർക്കും ബാധകമാണ്.

? അൺ എയ്ഡഡ് സ്കൂളുകൾ ഭീമമായി ഫീസ് വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശം വരും മുൻപേ പലയിടത്തും പ്രവേശനം തന്നെ പൂർത്തിയായി കഴിഞ്ഞിരുന്നു.

സി.കെ.ശങ്കരൻ, കഴക്കൂട്ടം.

  ഏതെങ്കിലും സ്കൂളിൽ ഫീസ് വർധിപ്പിച്ചതായി പരാതി ലഭിക്കുകയാണെങ്കിൽ തീർച്ചയായും നടപടി ഉണ്ടാവും. പ്രവേശനം നേരത്തെ നടത്തി എന്നതുകൊണ്ട് ആരെയും നടപടിയിൽനിന്ന് ഒഴിവാക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com