ADVERTISEMENT

മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ നല്ലപാഠത്തിന്റെ പുതിയ അധ്യയനവർഷത്തിന് വായനാദിനമായ ഇന്നു തുടക്കം. 

മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവർ നൽകിയ സ്നേഹസന്ദേശങ്ങളുമായി  മനോരമ ഓൺലൈൻ എഫ്ബി പേജിൽ ലൈവിലൂടെയാണ് നല്ലപാഠം പുതുവർഷത്തിനു തുടക്കം കുറിച്ചത്. എഴുത്തുകാരനും എംപിയുമായ ശശി തരൂർ വായനാനുഭവങ്ങൾ പങ്കിടാനെത്തി. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യ അവതാരകൻ. 

nallapadam-logo

കോവിഡ് കാലത്ത് പഠനവീടിന്റെ പുതുസാധ്യതകളാണ് നല്ലപാഠം ആരായുന്നത്.‘അകലെയെങ്കിലും കൂട്ടായിരിക്കാം’എന്നതാണ് ഈ സവിശേഷ കാലത്തെ മറികടക്കാനുള്ള നല്ലപാഠത്തിന്റെ താക്കോൽവാക്യം. 

ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം ഒൻപതാം വർഷത്തിലേക്കു താൾ മറിക്കുമ്പോൾ എണ്ണായിരത്തോളം വിദ്യാലയങ്ങൾ ഈ  ജനകീയ വിദ്യാർഥി മുന്നേറ്റത്തിന്റെ ഭാഗമാണ്. 

സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളും ലക്ഷക്കണക്കിനു വിദ്യാർഥികളുമാണ് നല്ലപാഠത്തിന്റെ കരുത്ത്. 

പിന്നിട്ട 8 വർഷങ്ങളിൽ  നല്ലപാഠം വിദ്യാർഥികൾ സൃഷ്ടിച്ചതു ചെറുതല്ലാത്ത സ്നേഹമാതൃകകളാണ്. അവയിൽ ഏറിയ പങ്കും കുട്ടികൾതന്നെ രൂപപ്പെടുത്തിയ ആശയങ്ങളിൽനിന്നാണു യാഥാർഥ്യമായത്. അധ്യാപകരും രക്ഷാകർത്താക്കളും സന്നദ്ധപ്രസ്ഥാനങ്ങളും അവർക്കു തുണയേകിയപ്പോൾ വലിയ ജനകീയ ഇടപെടലുകളായി അതൊക്കെയും മാറി.

ഹൃദയപൂർവം, പലതുള്ളി, സുകൃതകേരളം, എന്റെ മലയാളം, വഴിക്കണ്ണ്, ഞങ്ങളുണ്ടു കൂടെ, നേർവഴി എന്നിങ്ങനെ മനോരമ നടപ്പാക്കിയ ജനകീയദൗത്യങ്ങളുടെ നല്ല തുടർച്ചയാണിത്.

എൻഡോസൾഫാൻ സന്താപങ്ങളിൽ മനസ്സു നീറിയ കുരുന്നുകളിൽ തെളിഞ്ഞ ചിരി നിറയ്ക്കാൻ കാസർകോട് പെരിയയിൽ സ്നേഹക്കൂട് ഒരുക്കിയും പ്രളയകാലങ്ങളിൽ കൈത്താങ്ങായും സഹപാഠികൾക്ക് വീടു പണിതും ചികിത്സാ സഹായമേകിയും കൃഷിമുറ്റം ഒരുക്കിയും കാർബൺ ന്യൂട്രൽ നാടിനായി യത്നിച്ചും നല്ലപാഠം സൃഷ്ടിച്ചത് പുതിയ മാതൃകകൾ. 

ഭിന്നശേഷിയുള്ള കുരുന്നുകളെ ആത്മവിശ്വാസത്തിന്റെ വഴിയേ നടത്താനുള്ള നല്ലപാഠം ശ്രമമായ ആർദ്രകേരളം പദ്ധതിക്കു രാജ്യാന്തര മാധ്യമ കൂട്ടായ്മ വാൻ ഇഫ്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

English Summary: Malayala Manorama  Corporate Social Responsibility Project Nallapadam Inaugural Function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com