ജയമോ പരാജയമോ, ഓൺലൈൻ ക്ലാസുകൾ?; മധു വാസുദേവന് എഴുതുന്നു
Mail This Article
കഴിഞ്ഞ ഒരു മാസമായി ബ്രണ്ണൻ കോളേജിലെ ഡിഗ്രി, പി.ജി. വിദ്യാർഥികളെ ഞാൻ ഓൺലൈനിൽ പഠിപ്പിക്കുന്നു. ഒരു ദിവസംപോലും മുടക്കം വന്നിട്ടില്ല. തുടക്കത്തിൽ അല്പം പ്രയാസങ്ങളുണ്ടായി. പരിചയമില്ലാത്ത മാധ്യമം. അതിനും പുറമേ, ദീർഘനേരം ഫോൺസ്‌ക്രീനിൽ നോക്കി ഇരിക്കേണ്ടതിനാൽ രൂക്ഷമാകുന്ന കണ്ണുവേദനയും തലവേദനയും! ബാലാരിഷ്ടിതകളെ രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ മറികടന്നു. ‘സൂം വേണ്ട’ എന്ന പൊതുതാല്പര്യം പരിഗണിച്ചുകൊണ്ട് ക്ലാസുകൾ ‘ഗൂഗിൾ മീറ്റി’ൽ ക്രമീകരിച്ചു. സാഹിത്യവിഷയങ്ങൾ ഓൺലൈനിലൂടെ പഠിപ്പിക്കാൻ സാധിക്കുമോ എന്ന ചിന്ത തുടക്കത്തിൽ മറ്റുള്ളവരെപ്പോലെ എന്നെയും അലട്ടി. വിശാലമായ ക്ലാസ് മുറിയുടെ സ്വാതന്ത്ര്യം ‘ഗൂഗിൾ മീറ്റി’ൽ തരപ്പെടുമോ എന്നും പേടിച്ചു. കുട്ടികളുടെ മുഖം നേരിട്ടു കാണാതെ, അവരുടെ ഭാവവ്യത്യാസങ്ങൾ മനസ്സിലാക്കാതെ, ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന വിജ്ഞാനം എന്റെ ജനാധിപത്യചിന്തകൾക്കു ചേരുന്നതും ആയിരുന്നില്ല. ആശങ്കകൾ പിന്നെയും ഉണ്ടായിരുന്നു. അധ്യാപനത്തിൽ വർഷങ്ങളായി ഞാൻ തുടർന്നുവരുന്ന ഒരു രീതിശാസ്ത്രമുണ്ട്. പഠനവിഷയത്തിനു സമഗ്രത നൽകുന്നതിനായി, അതിനെ ചരിത്രം, കലകൾ, തത്ത്വചിന്ത, ശാസ്ത്രം, സമകാലീന ചുറ്റുപാടുകൾ എന്നിവയുമായി കഴിയുന്നത്ര ബന്ധിപ്പിക്കുക. ഞാൻ വായിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങൾ എന്റെ വിദ്യാർഥികൾക്കുകൂടി പ്രയോജനപ്പെടണം എന്ന ചിന്തയോടെ വിഷയത്തെ വിപുലപ്പെടുത്തുക. പക്ഷേ ഈ ശാഠ്യങ്ങൾ ഓൺലൈനിൽ എങ്ങനെ സാധ്യമാകും? ഒടുവിൽ മറ്റു മാർഗങ്ങളില്ല എന്നു ബോധ്യംവന്നപ്പോൾ ഞാനും തുനിഞ്ഞിറങ്ങി.
തയ്യാറെടുപ്പുകളുടെ ഭാഗമായി മേശമേൽ ഉറപ്പിക്കാൻ സാധിക്കുന്ന ഫോൺ ഹോൾഡർ വാങ്ങി. കയ്യിലുണ്ടായിരുന്ന കോളർ മൈക്ക് നല്ല വോയിസ് സപോർട് തന്നു. മുറിയിൽ ഒരു റിങ് ലൈറ്റ് സ്ഥാപിച്ചതോടെ വീഡിയോ മെച്ചപ്പെട്ടു. ഇനി ഇതര ഒരുക്കങ്ങളെപ്പറ്റി പറയാം. ക്ലാസ് മുറിയിൽ പൊതുവേ റഫറൻസ് ഗ്രന്ഥങ്ങൾ ഉപയോഗിക്കാൻ സൗകര്യമുണ്ടല്ലോ. ഓൺലൈൻ ക്ലാസുകളിൽ കൂടെക്കൂടെ പുസ്തകം മറിച്ചുനോക്കിയാൽ ഫോക്കസ് മാറിപ്പോകും. ശ്രദ്ധ പതറും. അതിനാൽ റഫറൻസുകൾ ഉൾപ്പെടെ, പാഠഭാഗങ്ങൾ ചിട്ടയോടെ മനസിൽ ഉറപ്പിച്ചശേഷമേ ക്യാമറയുടെ മുന്നിൽ ഇരിക്കാൻ സാധിക്കുകയുള്ളൂ. ഇതിലൂടെ ജോലിഭാരത്തിൽ നേരിയ വർധന വന്നെങ്കിലും ഞാൻ അതിൽ നല്ല രസം കണ്ടു. ഇതിങ്ങനെ ഒരു മാസം പിന്നിടുമ്പോൾ ഉറപ്പിച്ചു പറയട്ടെ, പഴയ അധ്യാപനസമ്പ്രദായത്തിന്റെ മുഴുവൻ സംതൃപ്തിയും ഓൺലൈൻ ക്ലാസുകളിലും ഞാൻ അനുഭവിക്കുന്നുണ്ട്. വിദ്യാർഥികളുടെ സക്രിയ പങ്കാളിത്തം, ഉത്സാഹം എന്നിവ എല്ലാ വ്യാകുലതകളെയും അപ്രസക്തമാകുന്നു. റെഗുലർ പഠനരീതിയിൽ പല കാരണങ്ങൾകൊണ്ടും ക്ലാസുകൾ മുടങ്ങിപ്പോകാറുണ്ട്. മീറ്റിങ്ങുകൾ, യൂണിയൻ പരിപാടികൾ, സമരം. ഹർത്താൽ. പൊതുഅവധികൾ തുടങ്ങിയവയൊന്നും ഓൺലൈൻ പഠനത്തെ തടസ്സപ്പെടുത്തുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്ലാസിൽ ശരാശരി 99 ശതമാനം കുട്ടികൾ ഹാജരാകുന്നുണ്ട്. ഇടയ്ക്കിടെ പേരെടുത്തു വിളിച്ചും ചോദ്യങ്ങൾ ചോദിച്ചും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിനാൽ 'മുങ്ങിമറയുന്ന' കലാവൈഭവം പുറത്തെടുക്കാൻ വിരുതന്മാർക്കും ലേശം പ്രയാസം.
പുതിയ കാലത്തിലൂടെ, പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് മുന്നോട്ടു പോകേണ്ടവരാണ് വിദ്യാർഥികൾ. ഉണ്ണിയുടെയും പാപ്പയുടെയും ഓൺലൈൻ പഠനങ്ങളെ നിരീക്ഷിച്ചുകൊണ്ടും പറയട്ടെ, ഈ നൂതനസമ്പ്രദായം വിദ്യാർഥികളുടെ ധൈഷണികശേഷിയെ വിപുലമാക്കും. സ്വയംപഠനത്തിനുള്ള വലിയ പ്രേരണയാകും. അധ്യാപനസമ്പ്രദായത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലോചിതമായ ചേർക്കലുകൾ വരുത്താൻ അധ്യാപകർക്കും അവസരമുണ്ടാകും. അതിലൂടെ അറിവുകൾ പുതുക്കാനും നിലവാരം മെച്ചപ്പെടുത്താനുമുള്ള സാഹചര്യങ്ങൾ രൂപപ്പെടും. ഓൺലൈൻ വിദ്യാഭ്യാസത്തെ ഇങ്ങനെ ഗുണപരമായി വിലയിരുത്തുമ്പോൾതന്നെ, ഒന്നുമില്ലാത്ത ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ഒരു വിഭാഗം പാവപ്പെട്ട വിദ്യാർഥികൾ ഇതിനു വെളിയിലാണെന്ന പരമസത്യവും വേദനയോടെ ഞാൻ മനസ്സിലാക്കുന്നു. ഇന്നത്തെ കൊടിയ വറുതിയിൽ പണിയും കൂലിയുമില്ലാതെ കഴിയുന്ന രക്ഷിതാക്കളുടെ നിസ്സഹായസ്ഥിതിയും ഹൃദയഭേദകമാണ്. അവരുടെ മക്കൾ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സഹപാഠികളുടെ നിരയിൽ എത്താനാകാതെ കടുത്ത മാനസികസമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനുള്ള സാമൂഹിക പരിഹാരം അടിയന്തിരമായി നമ്മൾ കണ്ടെത്തണം. അതിനോടൊപ്പം നമ്മുടെ സൈബർ വിദ്യാഭ്യാസരംഗത്തെ ആഗോള കഴുകന്മാർ റാഞ്ചിക്കൊണ്ടു പോകാതെ കാത്തുസൂക്ഷിക്കാനുള്ള ജാഗ്രതയും നമ്മളിൽ ഉണ്ടായിരിക്കണം.