ഫസ്റ്റ്ബെല്ലിന് യുട്യൂബിൽ നിന്ന് പ്രതിമാസ വരുമാനം 15 ലക്ഷം
Mail This Article
വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി ‘ഫസ്റ്റ്ബെൽ’ ഹിറ്റ് ആയതോടെ യുട്യൂബിൽ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ വരുമാനം. പരസ്യങ്ങൾക്കു നിയന്ത്രണമുള്ളപ്പോഴാണ് ഈ വരുമാനം. നിയന്ത്രണം മാറ്റിയാൽ പ്രതിമാസവരുമാനം 30 ലക്ഷം വരെയാകും.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള സംപ്രേഷണത്തിനു പുറമേയാണ് ഫെയ്സ്ബുക്, യുട്യൂബ് എന്നിവ വഴി ലക്ഷക്കണക്കിനു കുട്ടികൾ അധ്യയനം നടത്തുന്നത്. ഫസ്റ്റ്ബെൽ ഇതുവരെ 1000 ക്ലാസുകൾ പൂർത്തിയാക്കി.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി 604 ക്ലാസുകൾക്കു പുറമേ പ്രാദേശിക കേബിൾ ശൃംഖലകളിൽ 274 കന്നഡ ക്ലാസുകളും, 163 തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.141 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചക്കാരുണ്ട്.
പ്രതിമാസം 15 കോടിയിലധികം യുട്യൂബ് കാഴ്ചകൾ. പ്രതിദിനം 5 ലക്ഷം മണിക്കൂർ യുട്യൂബ് കാഴ്ചകൾ. ഒരു ദിവസത്തെ ക്ലാസുകൾക്ക് യുട്യൂബിൽ മാത്രം ശരാശരി 54 ലക്ഷം പ്രേക്ഷകരുണ്ട്. യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്.
ഉല്ലാസ പരിപാടികൾ അടുത്തമാസം
കുട്ടികൾക്ക് മാനസിക സമ്മർദം ഒഴിവാക്കാനും പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകാനുമുള്ള പ്രത്യേക പരിപാടി അടുത്ത മാസം തുടങ്ങുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. യോഗ, കായിക വിഷയങ്ങൾ, പ്രചോദനാത്മക പരിപാടികൾ എന്നിവ ഉൾപ്പെടുത്തുമെന്നും ഇതിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary : Kerala's First Bell classes garner 15 cr views, ad revenue in lakhs