ഇംഗ്ലിഷ് പഠിക്കാം, വിദേശത്തേക്ക് പറക്കാം
Mail This Article
വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനും നഴ്സിങ് ഉൾപ്പെടെയുള്ള ജോലിക്കും കുടിയേറ്റത്തിനും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള IELTSന് സമാനമായ പ്രമുഖ യോഗ്യതാപരീക്ഷയാണു ടോഫൽ (TOEFL: Test of English as a Foreign Language).
ഇന്റർനെറ്റ് ആധാരമാക്കിയുള്ള ഈ ടെസ്റ്റിനെ സൂചിപ്പിക്കാൻ TOEFL iBT എന്നു പറയുന്നു. 150 രാജ്യങ്ങളിലെ ഏകദേശം 11,000 സർവകലാശാലകൾ ടോഫൽ സ്കോർ സ്വീകരിക്കുന്നു. വെബ്: www.ets.org/toefl. യുഎസ്എ, യുകെ അടക്കം യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ ടോഫൽ സ്കോർ സഹായകമാണ്. നാലു കാര്യങ്ങളിലെ പ്രാവീണ്യം പരിശോധിക്കും: Reading, Listening, Speaking, Writing. മുന്നു മണിക്കൂറോളം വരുന്ന ടെസ്റ്റിന്റെ ഘടന ചുവടെ പട്ടികയിൽ നൽകിയിട്ടുണ്ട്:
∙റീഡിങ്ങിൽ യൂണിവേഴ്സിറ്റി പാഠപുസ്തകത്തിലെ 700 വാക്കോളമുള്ള മൂന്നോ നാലോ ആമുഖ പാസേജുകൾ കാണും. ഓരോന്നും ആസ്പദമാക്കി 10 ചോദ്യം.
∙അക്കാദമിക അന്തരീക്ഷത്തിലെ സംഭാഷണമോ ലെക്ചറോ കേട്ടു മനസ്സിലാക്കുക, പറയുന്നയാളുടെ മനോഭാവം തിരിച്ചറിയുക എന്നിവയിലെ പ്രാവീണ്യമാണു ലിസനിങ്ങിൽ പരിശോധിക്കുക.
∙അക്കാദമിക പശ്ചാത്തലത്തിലെ സാധാരണ രീതിയിൽ ഫലപ്രദമായി സംസാരിക്കാനുള്ള ശേഷി സ്പീക്കിങ്ങിൽ വിലയിരുത്തും. സ്വാഭിപ്രായം ബോധ്യപ്പെടുത്താനും കഴിയണം. വായിക്കുക, കേട്ടു മനസ്സിലാക്കുക, കൃത്യതയോടെ പറയുക എന്നിവ ചേർത്തും പരിശോധിക്കും. ഓരോ ചോദ്യത്തിനും ഉത്തരം തീരുമാനിച്ചുറയ്ക്കാൻ 15–30 സെക്കൻഡും പറയാൻ 45–60 സെക്കൻഡും കിട്ടും. ശബ്ദം റിക്കോർഡ് ചെയ്ത് പരീക്ഷകനു നൽകും.
∙അക്കാദമിക വിഷയം വ്യക്തതയോടെ എഴുതാനാണു റൈറ്റിങ്ങിൽ ആവശ്യപ്പെടുക. പാസേജ് വായിച്ചോ ലെക്ചർ കേട്ടോ മനസ്സിലാക്കി 20 മിനിറ്റിൽ എഴുതുന്നതാണ് ആദ്യ ടാസ്ക്. തന്നിരിക്കുന്ന വിഷയത്തെക്കുറിച്ചു 30 മിനിറ്റ് ഉപന്യാസമെഴുതുന്നതു രണ്ടാമത്തേതും.
പരിശീലനത്തിനുള്ള വിഭവങ്ങൾ വെബ്സൈറ്റിലുണ്ട്. എങ്കിലും ഗുരുമുഖത്തെ പരിശീലനം ഏറെ ഗുണകരമാകും. കേരളത്തിലും ടോഫൽ എഴുതാം. വർഷത്തിൽ 60 തവണയോളം ടെസ്റ്റ് നടത്തും. തീയതിയും കേന്ദ്രവും നോക്കി റജിസ്റ്റർ ചെയ്യാം. നാലു സ്ഥാപനങ്ങളിലേക്കു സ്കോർ റിപ്പോർട്ട് അയയ്ക്കും. കൂടുതൽ വേണമെങ്കിൽ ഫീ നൽകണം. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.
English Summary: TOEFL: Test of English as a Foreign Language