ADVERTISEMENT

ലോകരാജ്യങ്ങളെ വലച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിലെ പഠനസമ്പ്രദായവും അടിമുടി മാറി. ഇ-ലേണിങ് വ്യാപകമായി. ഇതിനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവരും കാലത്തിനു യോജിച്ച കോലങ്ങൾ എടുത്തുകെട്ടി. ഇത്തരത്തിൽ ജൂണിൽ തുടങ്ങിയ ഓൺലൈൻ അധ്യാപനം വലിയ കുഴപ്പങ്ങളില്ലാതെ ഒരു സെമസ്റ്റർകാലം പൂർത്തിയാക്കിക്കഴിഞ്ഞു. സിലബസിലുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർത്തു. വിദ്യാർഥികളും മുറപ്രകാരമുള്ള അസൈൻമെന്റുകൾ ഉത്തരവാദിത്തബോധത്തോടെ സമർപ്പിച്ചു. ഇനി പരീക്ഷ കഴിയാൻ കാത്തു നിൽക്കുന്നില്ല, അടുത്ത സെമസ്റ്റർ തുടങ്ങുകയായി. ഇവിടെ പുതിയ പഠനരീതിയുടെ ഗുണദോഷഫലങ്ങൾ വിലയിരുത്താനുള്ള ഒരു സന്ദർഭം കാണുന്നുണ്ടെങ്കിലും ഞാനതിനു മുതിരുന്നില്ല. അതിനുള്ള അർഹതയും അവകാശവും പ്രിയ വിദ്യാർഥികൾക്കു വിട്ടുനൽകി സ്വയം മാറിനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനോടൊപ്പം ഈ നൂതന വിദ്യാഭ്യാസപദ്ധതിയുടെ സാമൂഹികവിശകലനം നടന്നുകാണാനും ഞാൻ കാത്തിരിക്കുന്നുണ്ട്. കാരണം, അറിവുകൾ നേടുന്നതു മാത്രമല്ല, നേടിയ അറിവുകളുടെ മൂല്യനിർണയവും നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിൽ പ്രധാനമാണല്ലോ !

 

dr-madhu-vasudevan-online-class-second-image

സത്യത്തിൽ, മേൽപറഞ്ഞ വിഷയങ്ങളെയൊന്നും ഒരു പരിധിക്കപ്പുറം ഞാൻ മനസ്സിൽ എടുക്കാറില്ല. അതിലേറെയായി, അധ്യാപനത്തിലെ സർഗാത്മകതലങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ സാങ്കേതികഘടകങ്ങൾ പലപ്പോഴും രണ്ടാം സ്ഥാനത്തേക്കു പോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം അധ്യാപക പരിശീലന പരിപാടികൾ പുതിയ പരിചയബന്ധങ്ങളും ദീർഘസൗഹൃദങ്ങളും വളർത്തുന്നതിനുള്ള നല്ല അവസരങ്ങളാണ്. അങ്ങനെ, പല നാടുകളിൽനിന്നും പലപ്പോഴായി കിട്ടിയ ചങ്ങാതിമാരിലൂടെ അക്കാദമികജീവിതം നിറപ്പകിട്ടുള്ളതായി, അനുഭവങ്ങൾ സമൃദ്ധമായി. ഇതുതന്നെ വിദ്യാർഥികളുമായുള്ള ബന്ധത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ‘ഗൂഗിൾ മീറ്റി’ൽ വന്നിരുന്ന ഓരോ വിദ്യാർഥിയെയും ഓരോ ജീവിതമായി ഞാൻ മനസ്സിലാക്കി. എനിക്കറിയാം, ദീനതയുടെയും നിരാശയുടെയും ഏകാന്തതയുടെയും നിലനില്പിനുവേണ്ടിയുള്ള സഹനസമരങ്ങളുടെയും കഥകൾ അവർക്കും പറയാനുണ്ടാകും. അതൊന്നു കേൾക്കാനോ അൽപമെങ്കിലും ആശ്വാസവാക്കുകൾ നൽകാനോ ഇ-ലേണിങ്ങിൽ സാഹചര്യമില്ല. മുൻപൊക്കെ അങ്ങനെയായിരുന്നില്ല. ഉചിത സമയങ്ങളിൽ ഇടപെടാനും സങ്കടങ്ങൾ ക്ഷമയോടെ കേൾക്കാനും ചിലരുടെയെങ്കിലും ജീവിതത്തെ ഈ ദുർബലമായ വിരൽ കൊടുത്തു രക്ഷിച്ചെടുക്കാനും സാധിച്ചിരുന്നു. അതിനു പകരമായി കിട്ടിയ കൃതാർഥത നിറഞ്ഞ നോട്ടങ്ങൾ ഇന്നും ഹൃദയത്തിലുണ്ട്. 

 

dr-madhu-vasudevan-online-class-third-image

അധ്യാപനം ക്ലാസ്മുറിയുടെ വിശാലതയിൽനിന്നു മൊബൈൽ ആപ്ലിക്കേഷനിലേക്കു ചുരുങ്ങിയപ്പോൾ എന്നിൽ കാര്യമായ സംഘർഷങ്ങളൊന്നും ഉണ്ടായില്ല. ഒരിക്കൽ ചാരായഷാപ്പായിരുന്ന കുടുസു മുറിയിൽ പ്രവർത്തിച്ചിരുന്ന പാരലൽ കോളജിൽ തുടങ്ങിയ അധ്യാപനജീവിതത്തിൽ ക്ലാസ് മുറികളുടെ അന്തരീക്ഷവും വലിപ്പച്ചെറുപ്പങ്ങളും പ്രധാനമാകുന്നതെങ്ങനെ? ചേന്നൻകരിയിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ചപ്പോൾ കഞ്ഞിപ്പുരയും മരച്ചുവടും ക്ലാസ് മുറിയായി. മഹാരാജാസിലെ രാജദർബാറുകളെ ഓർമിപ്പിക്കുന്ന വിശാലമായ ഹാളിൽ വെറും നാലും അഞ്ചും കുട്ടികളെ മുന്നിലിരുത്തി പഠിപ്പിച്ചിട്ടുണ്ട്. താനൂർ കോളജിൽ ക്ലാസ് മുറികളേ ഉണ്ടായിരുന്നില്ല. കോണിച്ചുവട്ടിലും ലൈബ്രറിയുടെ മുന്നിലെ ഇടുങ്ങിയ വരാന്തയിലും അധ്യാപനം പൊടിപൊടിച്ചു. ഈ ബഹുവിധ അനുഭവങ്ങൾ ഉള്ളിൽ കിടന്നതിനാൽ വെർച്വൽ ക്ലാസുകളുടെ പരിമിതികളിൽനിന്നു കുറച്ചൊക്കെ രക്ഷപ്പെടാൻ സാധിച്ചു. വീട്ടിൽ വിപരീത സാഹചര്യമായിരുന്നിട്ടും ഉള്ളതുകൊണ്ടുള്ള ഓണാഘോഷത്തിൽ ഞാൻ സന്തോഷം കണ്ടു. ഒരോഹരി കുട്ടികൾക്കും പങ്കിട്ടുകൊടുത്തു.

dr-madhu-vasudevan-online-class-fourth-image

 

dr-madhu-vasudevan-online-class-fifth-image

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ ഞാൻ ജോലിചെയ്യുന്ന ഹിന്ദിവിഭാഗത്തിൽ മൂന്നാംവർഷ ബിരുദവിദ്യാർഥികളായി മുപ്പത്തൊൻപതു പേരുണ്ട്. ഓൺലൈൻ ക്ലാസിൽ വന്നിരിക്കുംവരെ അവരെയാരെയും ഞാൻ അറിയുമായിരുന്നില്ല. ഏതെങ്കിലും അപേക്ഷ തരാനോ ഒപ്പുവാങ്ങാനോ വന്നപ്പോൾ സംസാരിച്ചിട്ടുള്ളതല്ലാതെ അവരാരും എന്നെയും പരിചയപ്പെട്ടിട്ടില്ല. അതിനുള്ള അവസരങ്ങൾ ഒന്നും ഉണ്ടായില്ല. ബ്രണ്ണനിൽ രണ്ടാമത്തെ വർഷമാണെങ്കിലും ഞാൻ ഈ കുട്ടികളുമായി മുൻവർഷങ്ങളിലൊന്നും ഇടപഴകിയിരുന്നില്ല. ഇത്രയും അപരിചിതരായ കുട്ടികളെ പഠിപ്പിക്കാനായി ഓൺലൈനിൽ വന്നിരുന്ന എന്നിൽ രൂപംകൊണ്ട മനോഭാവത്തിൽ ഇപ്പോൾ തീർച്ചയായും വലിയ വ്യത്യാസങ്ങൾ വന്നുകഴിഞ്ഞു. സെമസ്റ്റർ അവസാനിക്കുന്ന കാര്യം കഴിഞ്ഞദിവസം അവരെ ഞാൻ അറിയിച്ചപ്പോൾ പലരും അദ്ഭുതംകൊണ്ടു. ഈ അഞ്ചരമാസക്കാലം എത്രവേഗത്തിൽ കടന്നുപോയി എന്നുള്ള വിചാരങ്ങൾ വിവിധതരം ഇമോജികളിലൂടെ തീവ്രമായി അവതരിപ്പിക്കപ്പെട്ടു. വരാന്തയിൽ ഒരു നിഴൽപോലെയെങ്ങാനും കണ്ടിട്ടുള്ള ഈ കുട്ടികളുമായി കുറഞ്ഞ നാളുകൾക്കുള്ളിൽ കൈവന്ന ഹൃദയബന്ധം എന്നെയും സന്തോഷിപ്പിച്ചു. അനുശ്രീ, അഭിനന്ദേ, അമ്പിളീ, ശിശിരേ, ആദിത്യേ, ആതിരേ, ശ്രദ്ധേ, ഋതുനന്ദേ, ജ്യോതികേ, സറൂറത്തേ, നയനേ, ഫർഹാനേ എന്നൊക്കെ നീട്ടിവിളിക്കുമ്പോൾ അതിൽ അധ്യാപക - വിദ്യാർഥി ബന്ധത്തിനപ്പുറമുള്ള സൗഹൃദവും ഊഷ്മളതയും ഞാനും അനുഭവിച്ചുകൊണ്ടിരുന്നു.

 

1994 -ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച നാൾമുതൽ വിദ്യാർഥിസമൂഹവുമായി നല്ല അടുപ്പത്തിലിരിക്കാൻ എന്നും ശ്രദ്ധിച്ചു. ഭാഗ്യം, അതിനുവേണ്ടി വളഞ്ഞ മാർഗങ്ങളൊന്നും ഇതുവരെ സ്വീകരിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടു പല ബന്ധങ്ങളും ഇന്നും ഉലയാതെ നിൽക്കുന്നുണ്ട്. ഞാൻ ഓർക്കുന്നു, മഹാരാജാസിൽ അധ്യാപകനായി വന്ന നാളിൽ അന്നത്തെ സീനിയർ വിദ്യാർഥികളുമായി തലമുറകളുടെയൊന്നും വ്യത്യാസം ഉണ്ടായിരുന്നില്ല. അധ്യാപനത്തിൽ പതിനഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ എന്റെ മക്കളേക്കാൾ പ്രായം കുറഞ്ഞവരായി മാറിക്കഴിഞ്ഞു. പടിഞ്ഞാറൻ സംസ്കാരവുമായുള്ള വിനിമയങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയും വിവരവും വിജ്ഞാനവും നൽകാൻ അധ്യാപകരേക്കാൾ നൂറിരട്ടി പ്രാപ്തിയുള്ള ഡിജിറ്റൽ ബദലുകളും ക്യാംപസുകളിൽ വ്യാപകമായി. ന്യൂജെൻ തരംഗം എല്ലാ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവന്നു. പൊതുവേ പരമ്പരാഗത വ്യവസ്ഥകളും മൂല്യങ്ങളും തുടരുന്ന സർക്കാർ കോളജുകളിൽപോലും ഇവയുടെ ശക്തമായ പ്രതിഫലനങ്ങൾ കാണാൻ സാധിക്കുന്നു. എന്നിട്ടും ഈ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലും മികച്ച അധ്യാപക - വിദ്യാർഥി ബന്ധങ്ങൾ എങ്ങനെ സാധ്യമാകുന്നു എന്ന ചോദ്യം ഞാനും സ്വയം ചോദിച്ചുനോക്കാറുണ്ട്. ഉത്തരങ്ങൾ പലതും ലഭിക്കുന്നു. അവയിൽ ഭേദപ്പെട്ടതെന്നു തോന്നിയ ഒരെണ്ണം പറയാം. ഉപരിതലത്തിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നുണ്ടെന്നാലും നമ്മുടെ ചില സാമൂഹികമൂല്യങ്ങൾ ഇന്നും ക്യാംപസുകളിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്; അവയെല്ലാംതന്നെ മാറ്റംകൂടാതെ നിലനിൽക്കേണ്ടതായി ഞാൻ കരുതുന്നില്ലെങ്കിൽപോലും. സ്വാതന്ത്ര്യത്തെ സംബന്ധിച്ച പരമ്പരാഗത സങ്കൽപങ്ങളെ അമ്പേ കടപുഴക്കുന്ന ചുറുചുക്കുള്ള പെൺകുട്ടികൾ വിലസുന്ന ക്യാംപസുകളിലും കടുത്ത പാരമ്പര്യവാദികൾ ഇല്ലാതില്ല. വർണപ്പകിട്ടുകളുടെ നടുവിൽ മറഞ്ഞിരിക്കുന്ന ഈ ശ്യാമസൗമ്യതകളുടെയും ഒച്ചപ്പാടുകൾക്കുള്ളിൽ മുങ്ങിക്കിടക്കുന്ന നിശബ്ദഭംഗികളുടെയും സാന്നിധ്യം ഓൺലൈൻ ക്ലാസുകളിലും ഞാൻ തിരിച്ചറിയുന്നു. തീർച്ചയായും ഈ ഉൾവലിവുകളിൽനിന്നും അവരെ എത്രയും വേഗം പുറത്തു കൊണ്ടുവരേണ്ടതുണ്ട്. കാരണം അവർ ജീവിക്കുന്ന കാലം അത്രയും ഭയങ്കരമാണ്. പക്ഷേ, അതിനെതിരെ സർഗാത്മകമായി ഉണരാനും സാമൂഹികബോധത്തോടെ ചിന്തിക്കാനും പ്രതികരിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ ഇ - ലേണിങ്ങിൽ ഏറെ പരിമിതികളുണ്ട്. ക്യാംപസ് ജീവിതം നിലച്ചുപോയതോടെ വിദ്യാർഥികളുടെ പ്രധാന ഊർജസ്രോതസ്സും അടഞ്ഞുകഴിഞ്ഞു.

 

ഇനി, ഒരു സെമസ്റ്റർ കാലത്തെ ടീച്ചിങ് അനുഭവത്തെ മുൻനിർത്തിക്കൊണ്ട് പൊതുവായ ചിലതുകൂടി പറയട്ടെ. ഏതെങ്കിലും തരത്തിലുള്ള താല്പര്യം നിർമിച്ചെടുക്കാതെ വെർച്വൽക്ലാസുകളിൽ വിദ്യാർഥികളെ പിടിച്ചിരുത്താൻ സാധിക്കുകയില്ല. മുതിർന്ന കുട്ടികളുടെ മുന്നിൽ എടുത്തു പ്രയോഗിക്കാൻ കഴിയുന്ന ചെപ്പടി വിദ്യകളല്ല, കഥകളും പാട്ടുകളും. ഈ കോവിഡ് കാലത്ത് വിദ്യാർഥികളുടെമേൽ അശാസ്ത്രീയമായ പരീക്ഷാഭാരവും സമ്മർദ്ദങ്ങളും ചുമത്തുന്ന അധ്യാപകരും കലാലയ അധികൃതരും ചെവിയിൽ നുള്ളി ഓർക്കുക, നിങ്ങളുടെ വകതിരിവില്ലാത്ത പ്രവൃത്തികൾ വിലപ്പെട്ട കുഞ്ഞുജീവനുകൾക്കു വലിയ ഭീഷണിയാകുന്നുണ്ട്. ഇതിനെ സാക്ഷ്യപ്പെടുത്തുന്ന പല മനഃശാസ്ത്ര പഠനങ്ങളും ഈയിടെ വന്നുകഴിഞ്ഞു. എന്റെ അനുഭവം പറഞ്ഞാൽ, പാഠ്യപ്രവർത്തനങ്ങൾക്കായി തുടങ്ങിയ വാട്സാപ് ഗ്രൂപ്പിലൂടെ വാരാന്ത്യങ്ങളിൽ നടത്തുന്ന പാഠ്യേതരസംവാദങ്ങൾ വിദ്യാർഥികളുടെ പിരിമുറുക്കം കുറയ്ക്കാൻ വളരെ സഹായിച്ചിട്ടുണ്ട്. അവരുമായി ഏറ്റവും കൃത്യതയോടെ സംവദിക്കാൻ കഴിയുന്ന മീമുകളും ട്രോളുകളും സ്റ്റിക്കറുകളും ലഘുവിഡിയോകളും ഉൾപ്പെടെയുള്ള പുത്തൻ സംവേദനോപാധികളുടെ വിനിയോഗം അടുപ്പത്തെ പിന്നെയും സാന്ദ്രമാക്കുന്നു.

 

ഇത്തരത്തിൽ ഈയിടെ ഇ- ലേണിങ്ങിനെപ്പറ്റി സംസാരിക്കുന്നതിനിടെ സർവീസിൽനിന്നു വിരമിച്ച അധ്യാപകമിത്രം ചോദിച്ചു- ‘ഓൺലൈൻ പഠനത്തിലൂടെ നിർമിക്കപ്പെടുന്ന ഗുരു - ശിഷ്യബന്ധങ്ങൾ നിലനിൽക്കുമോ?’ ഈ ചോദ്യത്തിനു ഞാൻ വ്യക്തതയുള്ള മറുപടി കൊടുത്തില്ല. അതിനുപോന്ന അനുഭവപരിചയം അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസുകൾ ഒരു സെമസ്റ്റർ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ പഴയ ചോദ്യം വീണ്ടും പ്രസക്തമാകുന്നു. പക്ഷേ അതിനുത്തരം നൽകണമെങ്കിൽ മുൻകാലത്തെ അധ്യാപകർ വിദ്യാർഥികളിൽനിന്നും എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചിരുന്നോ എന്ന കാര്യംകൂടി പരിശോധിക്കണം. ഞാൻ മനസ്സിലാക്കിയിടത്തോളം പഴയ തലമുറയിലെ ഗുരുനാഥന്മാർ ശിഷ്യരുടെമേൽ ചില പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. കലാലയ ജീവിതത്തിനപ്പുറവും ബന്ധങ്ങൾ പ്രഭ കെടാതിരിക്കണം, വിദ്യാർഥികളിലൂടെ അവരുടെ ഓർമ സമൂഹത്തിൽ നിലനിൽക്കണം, മികച്ച ഗുരു - ശിഷ്യ മാതൃക അവതരിപ്പിക്കണം, പരമ്പര തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നു തുടങ്ങി ഇന്നത്തെ നിലയിൽ സ്വാർഥപരം എന്നു വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള പല ആഗ്രഹങ്ങളും അവർക്കുണ്ടായിരുന്നു. അതൊക്കെ സാധിച്ചുകിട്ടിയ കുറേപ്പേരെങ്കിലും ഇവിടെ ഇപ്പോഴും ബാക്കി നിൽക്കുന്നു. ഗുരുനാഥനെ ചിതയിലേക്കെടുത്തു വയ്ക്കുംവരെ ആദരവോടെ അനുഗമിക്കാൻപോന്ന ഈശ്വരാനുഗ്രഹം ലഭിച്ച ശിഷ്യനാണ് ഞാനും. എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അധ്യാപക- വിദ്യാർഥി ബന്ധംക്ലാസ് മുറിയുടെ വെളിയിലേക്കു വളരേണ്ട സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ല. എവിടെ കിളിർത്തോ അതവിടെത്തന്നെ ദഹിക്കണം. പ്രകൃതിനിയമവും അതുതന്നെ പഠിപ്പിക്കുന്നു. കാരണം ഉപഭോഗത്തിനു വേണ്ടിമാത്രം നിർമാണങ്ങൾ നടക്കുന്ന നാട്ടിൽ ഒന്നും ശാശ്വതമായി വാഴുകയില്ല. പക്ഷേ പഴയ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു വിഭാഗം അധ്യാപകർ ഈ പുതിയ ലോകത്തെ സംബന്ധിച്ച ശരിയായ ധാരണയുള്ളവരല്ല. കുപ്പിച്ചില്ലിനെ വജ്രമായി തെറ്റിദ്ധരിച്ചാൽ സ്വാഭാവികമായും മുറിവുകളുണ്ടാകും. അവിടെയും മുറികൂടിപ്പച്ചയായി വന്നെത്തുന്ന പ്രിയ ശിഷ്യരെപ്പറ്റി എനിക്കു നന്നേ പ്രതീക്ഷയുണ്ട്. ജിദ്ദു കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഈ പ്രതീക്ഷയെ പിന്നെയും വളർത്തുന്നു - ‘മരം വേരുകളുടെ മാത്രമല്ല, ഇലകളുടെയും സഹായത്തോടുകൂടിയാണ് നിലനിൽക്കുന്നതെന്ന കാര്യം കേവലം ഒരു ശാസ്ത്രസത്യമല്ല, അതിനേക്കാൾ വലിയ ജീവിതസത്യമാണ്.’

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിലെ പ്രഫസറുമാണ്).

English Summary: Online Class And Teacher Student Relationship By Madhu Vasudevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com