ADVERTISEMENT

പുതുതലമുറയിലെ ആണ്‍കുട്ടികള്‍ക്ക് സ്‌ത്രൈണത കൂടുന്നു എന്ന് നിരീക്ഷിച്ച ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ആണ്‍കുട്ടികളുടെ പൗരുഷം വർധിപ്പിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. യുദ്ധ വീരന്മാരെ പോലെ ശക്തരും കായികബലവുമുള്ളവരുമായി യുവാക്കളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ രാജ്യത്ത് വിവാദത്തിന് തിരി കൊളുത്തി. അങ്ങേയറ്റം 'സെക്‌സിസ്റ്റ്' പരാമര്‍ശമാണ് സര്‍ക്കുലറിലൂടെ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയിരിക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്. 

 

ആണ്‍കുട്ടികളുടെ പൗരുഷം വർധിപ്പിക്കാന്‍ കായിക വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെ നിയമനം ശക്തിപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കായിക പശ്ചാത്തലമുള്ളവരെയും വിരമിച്ച അത്‌ലറ്റുകളെയും അധ്യാപകരായി നിയമിക്കണമെന്നും ഫുട്‌ബോള്‍ പോലുള്ള കായിക ഇനങ്ങളോടുള്ള തീവ്രമായ അഭിരുചി കുട്ടികള്‍ക്കിടയില്‍ വളര്‍ത്തണമെന്നും സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

ഇത്തരമൊരു നീക്കം സംബന്ധിച്ച സൂചനകള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മെയില്‍ ചൈനയിലെ ഉന്നതാധികാര ഉപദേശക സമിതിയംഗമായ സി സെഫു ചൈനയിലെ യുവാക്കള്‍ ദുര്‍ബലരും ഭീരുക്കളുമായി മാറുകയാണെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയിലെ യുവാക്കളില്‍ സ്‌ത്രൈണത വർധിച്ചു വരികയാണെന്നും ഇത് ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെയും വികസനത്തെയും ബാധിക്കുമെന്നും സി സെഫു പറഞ്ഞു. 

 

വീട്ടിലെ ചുറ്റുപാടുകളാണ് ഇതിന് കാരണമെന്നും അമ്മമാരും അമ്മൂമ്മമാരും വളര്‍ത്തുന്ന ചൈനീസ് ആണ്‍കുട്ടികള്‍ക്ക് സ്‌ത്രൈണത കൂടുതലാണെന്നും സി സെഫു കുറപ്പെടുത്തുന്നു. യുവാക്കളുടെ റോള്‍ മോഡലുകളും ഇത്തരക്കാരാണെന്ന് ചൈനീസ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ചൈനയില്‍ വന്‍ പിന്തുണയുള്ള ടിഎഫ് ബോയ്‌സ് ബാന്‍ഡും ചൈനീസ് ഗായകന്‍ ലു ഹാനുമെല്ലാം യുദ്ധ വീരനായ പുരുഷന്‍ എന്ന ചൈനക്കാരുടെ പരമ്പരാഗത ആണ്‍ സങ്കല്‍പങ്ങളോട് ചേര്‍ന്നു പോകുന്നവരല്ല. 

 

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സ്‌ത്രൈണത എന്താ അത്ര മോശം കാര്യമാണോ എന്നും ആണ്‍കുട്ടികളും വികാരങ്ങളും ഭയവും സൗമ്യതയുമെല്ലാമുള്ള മനുഷ്യ ജീവികളാണെന്നും സാമൂഹിക മാധ്യമായ വൈബോയില്‍ നിരവധി പേര്‍ 

കുറിച്ചു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ പുതിയ പൗരുഷവത്ക്കരണ നീക്കം ചര്‍ച്ചയാകുന്നത്. 

English Summary: China promotes education drive to make boys more 'manly'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com