സിവിൽ സർവീസ്: കോവിഡിൽ എഴുതാനാകാതെ പോയവർക്ക് ഒരവസരം കൂടിയെന്ന് കേന്ദ്രം
Mail This Article
കോവിഡ് പ്രതിസന്ധിക്കിടെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പരീക്ഷ അവസാന അവസരമായിരുന്നവരെ മാത്രം അനുവദിക്കാമെന്നാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രസർക്കാർ അറിയിച്ചത്.
പരീക്ഷയെഴുതാനുള്ള മുഴുവൻ അവസരവും ഉപയോഗിച്ചിട്ടില്ലാത്തവർക്കും പ്രായപരിധി കഴിഞ്ഞിട്ടില്ലാത്തവർക്കും ഇളവു നൽകാനാകില്ല. ഇളവ് ഈ വർഷത്തെ പരീക്ഷയ്ക്കു മാത്രമായിരിക്കുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു.
കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഹർജിക്കാരുടെ മറുപടി തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഒരു തവണ ഇളവു നൽകുന്നതിന്റെ ആനുകൂല്യം 3300 പേർക്കു ലഭിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. യുപിഎസ്‌സി നിലവിൽ വന്ന ശേഷം 1979, 1992, 2015 വർഷങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
English Summary: UPSC aspirants to get one more chance due to pandemic