റജിസ്റ്റർ ചെയ്തത് 1.23 ലക്ഷം പേർ, വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ് വിതരണം തുടങ്ങി
Mail This Article
പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിച്ചു. 200 ലാപ്ടോപ്പുകൾ ഉദ്ഘാടന ദിവസമായ ഇന്നലെ വിതരണം ചെയ്തു. കെഎസ്എഫ്ഇയുടെ വിദ്യാശ്രീ ചിട്ടിയിൽ 1.44 ലക്ഷം പേരാണു ചേർന്നത്. ഇതിൽ 1.23 ലക്ഷം പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്. ലഭ്യമായ 4 ബ്രാൻഡുകളിൽനിന്ന് ഇഷ്ടപ്പെട്ടത് ഉപഭോക്താവിന് അയൽക്കൂട്ടങ്ങൾ വഴി തിരഞ്ഞെടുക്കാം. 17,343 പേർ ഇതുവരെ ലാപ്ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവർ ഈ ആഴ്ച തന്നെ മോഡൽ തിരഞ്ഞെടുപ്പു പൂർത്തിയാക്കുമെന്നാണു കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്കു പർച്ചേസ് ഓർഡർ നൽകും.
എച്ച്പി (17,890 രൂപ), ഏയ്സർ (17,883 രൂപ), ലെനോവോ (18,000 രൂപ), കൊക്കോണിക്സ് (14,990 രൂപ) എന്നിവയാണു മോഡലുകൾ. 15,000 രൂപയുടെ ചിട്ടിയിൽ 750 രൂപ കമ്മിഷൻ കഴിച്ച് 14,250 രൂപയാണു ലാപ്ടോപ്പിനായി ലഭ്യമാക്കുക. അധിക തുക ഗുണഭോക്താവ് അടയ്ക്കണം. വായ്പയുടെ 5 ശതമാനം പലിശ സർക്കാരും 4 ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7,000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
English Summary : Chief Minister Pinarayi Vijayan on Friday inaugurated the Vidyashree scheme for providing laptops to students at subsidised prices