ഐബിഎം കൊച്ചിയിലേക്ക്; ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിച്ചു
Mail This Article
തിരുവനന്തപുരം∙ പ്രമുഖ ടെക് കമ്പനിയായ ഐബിഎം കേരളത്തിലേക്ക്. കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിച്ചുകഴിഞ്ഞു. സോഫ്റ്റ്‍വെയർ എൻജിനീയർ, ഫ്രന്റ് എൻഡ് ഡവലപ്പർ, ഓട്ടമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് എൻജിനീയർ, ഇൻഫമേഷൻ ഡവലപ്പേഴ്സ് ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങി. ലിങ്ക്ഡ്ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.
ഓഫിസ് എവിടെയാണ് തുറക്കുകയെന്ന് ഐബിഎം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കോവിഡ് സാഹചര്യം തുടരുന്നതിനാൽ നിലവിൽ വർക് ഫ്രം ഹോം രീതിയിലാകും പ്രവർത്തനമെന്നാണ് സൂചന. ഒന്നര വർഷമായി ഐബിഎം കേരളത്തിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ തിരുവനന്തപുരവും ഐബിഎമ്മിന്റെ പരിഗണനയിലുണ്ടായിരുന്നു.
2018ലെ പ്രളയത്തിനു പിന്നാലെ പ്രകൃതിദുരന്തങ്ങൾക്കു സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്താനായി ഐബിഎം കോൾ ഫോർ കോഡ് ചാലഞ്ച് കേരളത്തിൽ നടത്തിയിരുന്നു.
English Summary: IBM commences operation at Kochi