ADVERTISEMENT

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾക്കു പുറമേ അധ്യാപക‍ർക്കും കുട്ടികൾക്കും നേരിട്ടു സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ജൂലൈ മുതൽ തുടങ്ങും. പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ 'ഫസ്റ്റ്ബെൽ 2.0’ ‍ക്ലാസുകൾ നാളെ തുടങ്ങും. 

ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം 2 മുതൽ തുടങ്ങും. പ്ലസ്ടു ക്ലാസുകൾ 7നു തുടങ്ങും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും ക്ലാസുകൾ. മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് ഈ കാലയളവിൽ അതത് അധ്യാപകർ ഉറപ്പാക്കണം.

പ്രവേശനോത്സവ പരിപാടികൾ നാളെ രാവിലെ 8നു തുടങ്ങും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്‍‍ജു വാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കുട്ടികൾക്ക് ആശംസകളുമായെത്തും. 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ ആരംഭിക്കും.

രാവിലെ 11 മുതൽ യുഎൻ ദുരന്തനിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, ഗോപിനാഥ് മുതുകാട്, യുനിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ.പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. 

ഉച്ചയ്ക്ക് 2 മുതൽ 3 വരെ ചൈൽ‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.

മുഴുവൻ ക്ലാസുകളും ഈ വ‍ർഷവും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. സമയക്രമവും പോ‍ർട്ടലിൽ ലഭ്യമാക്കുമെന്ന് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.

സ്കൂൾ പ്രവേശനോത്സവ ഗീതം പ്രകാശനം ചെയ്തു

സ്കൂൾ പ്രവേശനോത്സവ ഗീതം മന്ത്രി വി.ശിവൻകുട്ടി  പ്രകാശനം ചെയ്തു.  ‘പുതിയൊരു സൂര്യനുദിച്ചേ, വീണ്ടും പുത്തൻ പുലരി പിറക്കുന്നേ’ എന്ന ഗാനം രചിച്ചത് പൊതുവിദ്യാഭ്യാസ യജ്ഞം അക്കാദമിക് കോ ഓർഡിനേറ്റർ കൂടിയായ കവി മുരുകൻ കാട്ടാക്കടയാണ്. രമേശ് നാരായണനാണ് ഈണം നൽകിയത്. മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, പി.വി.ഗംഗ ദേവനന്ദ എന്നിവരാണ് ഗായകർ. പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ജീവൻ ബാബു, എസ്എസ്കെ ഡയറക്ടർ എ.പി.കുട്ടിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary: First Bell Classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com