‘പഠിക്കാനാണ് പോയത്, കളിച്ചു നടക്കാനല്ല’, ഒരിക്കൽ മാത്രം ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയി; എസ്ബി ഓർമകളുമായി കുഞ്ചാക്കോ ബോബൻ
Mail This Article
പിതാവ് ബോബൻ കുഞ്ചാക്കോയാണ് എന്നെ ചങ്ങനാശേരി എസ്ബിയിലേക്ക് അയച്ചത്. എസ്ബിയിൽ തന്നെ എന്റെ കോളജ് ജീവിതം തുടങ്ങണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പെരുമ്പുഴക്കടവിൽ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു പഠനം. അവധി ദിവസങ്ങളിൽ ആലപ്പുഴയിലേക്ക് പോകും. കെഎസ്ആർടിസി ബസിലായിരുന്നു യാത്രകൾ.
∙ അത്തു കെ പാ
ഡോക്ടറാകാനുള്ള തീരുമാനത്തിൽ സെക്കൻഡ് ഗ്രൂപ്പിലാണ് അഡ്മിഷൻ എടുത്തത്. എട്ടാമത്തെ ബാച്ച് ആയിരുന്നു. നല്ല മാർക്കോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. രണ്ടാം ഭാഷയായി സുറിയാനിയാണ് തിരഞ്ഞെടുത്തിരുന്നത്. കൂടുതൽ മാർക്ക് നേടാം എന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. സുറിയാനി പഠനം പ്രീഡിഗ്രി കൊണ്ട് അവസാനിപ്പിച്ചെങ്കിലും അത്തു കെ പാ, എന്നാ നാ മൽപാ തുടങ്ങിയ വാക്കുകൾ ഇപ്പോഴും ഓർമയിലുണ്ട്.
∙ ക്രിക്കറ്റ് താരം (റിട്ടയേഡ് ഹർട്ട്)
ക്യാംപസിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റിങ്ങിനിടയിൽ കിട്ടിയ ഏറ് മറക്കാൻ കഴിയില്ല. ഞാൻ ക്രിക്കറ്റ് കളിച്ചു നടക്കുന്നത് വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. പഠിക്കാനാണ് പോയത്, കളിച്ചു നടക്കാനല്ല എന്ന നിലപാടാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ ക്രിക്കറ്റ് രക്തത്തിൽ അലിഞ്ഞു ചേർന്നു കിടക്കുന്നതിനാൽ ക്ലാസ് തീർന്നാലുടനെ ഞാൻ കളിക്കാൻ ഇറങ്ങുമായിരുന്നു. അന്ന് ഒറിജിനൽ സ്റ്റിച്ച് ബോളാണ് ഉപയോഗിച്ചത്. ഞാൻ ബാറ്റ് ചെയ്യുന്നു.
മീഡിയം പേസിൽ ഫുൾടോസ് ബോൾ വരുന്നത് കണ്ടപ്പോൾ ഞാൻ ഹാപ്പി. ബോൾ അടിച്ചു പറത്താൻ ലക്ഷ്യമിട്ട് ക്രീസിൽ നിന്ന് ഇറങ്ങി ബാറ്റ് വീശി. പക്ഷേ ബോളിനെക്കാൻ സ്പീഡിലാണ് ബാറ്റ് വീശിയത്. പന്ത് മുഖത്ത് കൊണ്ടു. ചുണ്ട് പൊട്ടി, പല്ലിന്റെ ചെറിയ ഭാഗം തെറിച്ചു പോയി. ആകെ രക്തമയം. പെരുന്നയിൽ എൻഎസ്എസ് ക്ലിനിക്കിൽ എത്തിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നു. ക്രിക്കറ്റ് കളിച്ചതാണെന്നു വീട്ടിൽ പറഞ്ഞാൽ എന്റെ കാര്യത്തിൽ തീരുമാനമാകും. അതിനാൽ സൈക്കിൾ കൂട്ടിയിടിച്ചു വീണു എന്ന് കള്ളം പറഞ്ഞാണ് അന്ന് ബാക്കി പല്ലു കൂടി പോകാതെ രക്ഷപ്പെട്ടത്.
∙ സിനിമ കാണാനോ, ഏയ് ഞാനില്ല
കോളജ് പഠനകാലത്ത് കലാപരമായ പ്രവർത്തനങ്ങളിൽ കാര്യമായി പങ്കെടുത്തിട്ടില്ല. ഒരിക്കൽ മാത്രമാണ് ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോയത്. വീട്ടുകാരോടു പറയാതെ പോയതിന്റെ കുറ്റബോധം കാരണം ഇന്റർവെൽ ആയപ്പോൾ പുറത്തിറങ്ങി. എന്നാൽ തിയറ്ററിനു പുറത്തു വച്ചിരുന്ന എന്റെ സൈക്കിൾ ആരോ മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. അതോടെ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണുന്ന പരിപാടി അവസാനിപ്പിച്ചു.
∙ രണ്ടാം വരവ്
ഡോ. ലൗ സിനിമയുടെ ഷൂട്ടിങ്ങിന് എസ്ബി ക്യാംപസിൽ വീണ്ടും എത്തിയത് രസകരമായ അനുഭവം ആയിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാവും ആ ഭാഗ്യം ലഭിച്ചിട്ടുണ്ടാവുക. പഠിപ്പിച്ച അധ്യാപകരെ കാണുക, ഒപ്പം പഠിച്ചവരെ കാണുക അങ്ങനെയുള്ള നല്ല അനുഭവങ്ങൾ ഉണ്ടായി.
English Summary: Kunchacko Boban Share His Memoirs aAbout SB College Changanacherry