ബിടെക് പരീക്ഷ എഴുതാനാകാതെ 235 ലാറ്ററൽ എൻട്രി വിദ്യാർഥികൾ
Mail This Article
ലാറ്ററൽ എൻട്രിയിലൂടെ ബിടെക് പഠിക്കുന്ന ഡിപ്ലോമ ബിരുദധാരികൾ പരീക്ഷ എഴുതാൻ കോടതിവിധി കാത്തിരിക്കുന്നു. കേരളത്തിലെ 23 കോളജുകളിൽ നിന്നുള്ള 235 കുട്ടികളാണു പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡിപ്ലോമ പൂർത്തിയാക്കി മൂന്നാം സെമസ്റ്ററിലേക്കു വിവിധ എൻജിനീയറിങ് കോളജുകളിൽ ലാറ്ററൽ എൻട്രി നേടിയവരാണ് ഇവർ.
കഴിഞ്ഞ വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവർക്കു പ്രവേശനപരീക്ഷ നടന്നിരുന്നില്ല. ഓഗസ്റ്റ് 17നു മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. ഒക്ടോബറിൽ ഡിപ്ലോമ ബിരുദധാരികൾ അവരുടെ മാർക്ക് പ്രവേശനപരീക്ഷാ കമ്മിഷണറുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു നിർദേശം വന്നു. എന്നാൽ, ഇക്കാര്യം ചില കോളജുകൾ കുട്ടികളെ കൃത്യമായി ബോധ്യപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. ഡിപ്ലോമയ്ക്ക് 60% മാർക്കാണ് ലാറ്ററൽ എൻട്രിക്കായി വേണ്ടത്. അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾ വരെ, റജിസ്ട്രേഷൻ നടത്താത്തതിനാൽ പരീക്ഷയെഴുതാൻ സാധിക്കാത്തവരായുണ്ട്. ഈവർഷം ഏപ്രിലിൽ മൂന്നാം സെമസ്റ്റർ പരീക്ഷയായപ്പോഴാണു തങ്ങൾക്ക് എഴുതാനാകില്ലെന്നു വിദ്യാർഥികൾ അറിയുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. ഏപ്രിൽ 15ന് ഒരു പരീക്ഷ കഴിഞ്ഞിരുന്നു. ബാക്കി പരീക്ഷകൾ നാളെ തുടങ്ങാനിരിക്കെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് വിദ്യാർഥികൾ.
English Summary: B.Tech Lateral Entry Examination