ADVERTISEMENT

വിദ്യാശ്രീ പദ്ധതി വഴിയുള്ള ലാപ്ടോപ്പുകൾ സമയത്തു ലഭ്യമാക്കാനാകാതെ വന്നതോടെ വിദ്യാർഥികൾക്കു പുതിയ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ. ലാപ്ടോപ് അല്ലെങ്കിൽ ടാബ്‌ലറ്റ് വാങ്ങിയ ശേഷം ബിൽ നൽകിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണു പദ്ധതി. 

ലാപ്ടോപ് നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ ഫെയ്സ്ബുക് കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിനു സഹായം നൽകുന്നതിനായാണു കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതി ആവിഷ്കരിച്ചത്. 

കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം 500 രൂപ തിരിച്ചടവിൽ 15,000 രൂപയുടെ ലാപ്ടോപ് അനുവദിക്കാനായിരുന്നു തീരുമാനം. എന്നാൽ ഏൽപ്പിച്ച കമ്പനികൾ സമയബന്ധിതമായി ലാപ്ടോപ്പുകൾ നൽകിയില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. 

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അസംസ്കൃത സാമഗ്രികൾ ലഭ്യമാകാൻ വൈകുന്നുവെന്നാണു കമ്പനികൾ നൽകിയ വിശദീകരണം. ഈ സാഹചര്യത്തിലാണു ലാപ്ടോപ്പിനു പകരം വിദ്യാർഥികൾക്കു പണം വായ്പയായി നൽകാനുള്ള തീരുമാനം. പ്രതിമാസം 500 രൂപവീതം 40 തവണകളായി തിരിച്ചടയ്ക്കണം. കുടുംബശ്രീ പോർട്ടലിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണു വായ്പ ലഭിക്കുക. നിലവിൽ ഓർഡർ നൽകിയിട്ടുള്ള ലാപ്ടോപ്പുകൾ തന്നെ മതിയെന്നുള്ളവർക്കു ലഭ്യമാകുന്ന മുറയ്ക്ക് ഇവ നൽകുമെന്നും മന്ത്രി അറിയിച്ചു.

 

Content Summary : KSFE Vidyashree Laptop Scheme 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com