രണ്ടു ബി.ടെക് ബിരുദങ്ങൾ നേടാൻ അവസരമൊരുക്കി എഐസിടിഇ
Mail This Article
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയായിരുന്നു എന്നു തോന്നിയാൽ എന്തു ചെയ്യും ?. കംപ്യൂട്ടർ സയൻസ് പഠിച്ചിറങ്ങിയ വിദ്യാർഥിക്കു സിവിൽ എൻജിനീയറിങ്ങിൽ ആണ് കൂടുതൽ ജോലിസാധ്യത എന്നു തോന്നലുണ്ടായാലോ ?. സിവിൽ എൻജിനീയറിങ് പഠിച്ച വിദ്യാർഥിക്കു വെറുതെ മെക്കാനിക്കൽ എൻജിനീയറിങ്ങിലെ വിഷയങ്ങൾ കൂടി പഠിക്കണമെന്ന് ആഗ്രഹമുണ്ടായാലോ...
ഇത്തരക്കാർ വിഷമിക്കേണ്ട കാര്യമില്ല, നിങ്ങളെ സഹായിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) രംഗത്തെത്തിയിട്ടുണ്ട്. എഐസിടിഇയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം 2 ബി.ടെക് ബിരുദങ്ങൾ നേടാനുള്ള ‘സുവർണാവസരം’ വിദ്യാർഥികൾക്കു ലഭിക്കും. 6 വർഷത്തിനുള്ളിൽ 2 ബിരുദങ്ങൾ നേടാൻ സാധിക്കുന്ന തരത്തിലാണ് എഐസിടിഇ അവസരമൊരുക്കുന്നത്. ബിരുദതലത്തിൽ തന്നെ രണ്ടു ശാഖകൾ പഠിച്ച് സർട്ടിഫിക്കറ്റ് നേടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയരുന്നുണ്ട്.
രണ്ടു ബി ടെക്കുകൾ
ഒരു ശാഖയിൽ ബി ടെക് പൂർത്തിയാക്കിയവർക്കു മറ്റൊരു ശാഖയിലും ബി ടെക് നേടാൻ അവസരമൊരുക്കണമെന്നു ജൂലൈയിൽ നടന്ന എഐസിടിഇ യോഗമാണു തീരുമാനമെടുത്തത്. ലാറ്ററൽ എൻട്രി വഴിയാകും രണ്ടാമത്തെ ബി ടെക് കോഴ്സിലേക്കു പ്രവേശനം. ഇതു സംബന്ധിച്ചു സർവകലാശാല വൈസ് ചാൻസലർമാർക്കും എഐസിടിഇ അംഗീകാരമുള്ള കോളജുകളുടെ മേധാവികൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. പ്രവേശനം എങ്ങനെ വേണം, രണ്ടാമത്തെ ബി.ടെക് കോഴ്സിനു ഏതെല്ലാം വിഷയങ്ങൾ പഠിക്കണം തുടങ്ങിയവയിൽ ചർച്ച നടത്തി തീരുമാനങ്ങൾ നടപ്പിലാക്കാൻ സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ ഭാഗത്തു നിന്നുള്ള നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു നിർദേശമെന്ന് എഐസിടിഇ വിശദീകരിക്കുന്നു. ആദ്യ ബി.ടെക് കോഴ്സിൽ പഠിച്ച വിഷയങ്ങൾ രണ്ടാമത്തേതിൽ പഠിക്കേണ്ടതില്ല. എന്നാൽ, പ്രാക്ടിക്കൽ ഉൾപ്പെടെ മറ്റു വിഷയങ്ങൾ രണ്ടാമത്തേതിൽ പഠിക്കണം. ഏതെങ്കിലുമൊരു കോളജിൽ റഗുലറായി പ്രവേശനം നേടുകയും വേണം. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രണ്ടാമത്തെ ബി.ടെക് കോഴ്സ് പൂർത്തിയാക്കാം.
വീണ്ടും പഠിക്കാം
ചില സർവകലാശാല വൈസ് ചാൻസലർമാരുൾപ്പെടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. പഠന ശേഷം അതേ മേഖലയിൽ ജോലി ലഭിക്കാത്തവർക്കു തീരുമാനം ഗുണം ചെയ്യുമെന്നാണു പ്രധാന വാദം. പ്രവേശനപരീക്ഷയിൽ അൽപം റാങ്ക് കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ഇഷ്ടപ്പെട്ട വിഷയം മികച്ച കോളജുകളിൽ പഠിക്കാൻ സാധിക്കാതിരുന്നവർക്കു ഈ രീതിയിൽ മറ്റൊരു കോഴ്സ് എടുക്കാം.
കോഴ്സിനു ചേരുമ്പോൾ വിദ്യാർഥികൾക്ക് വിവിധ ശാഖകളെക്കുറിച്ചു വലിയ അറിവുണ്ടാകണമെന്നില്ല. എന്നാൽ, കോഴ്സിനു ശേഷം കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി മറ്റൊരു കോഴ്സ് പഠിക്കാം. ബി.ടെക് തലത്തിൽ പുതുതലമുറ കോഴ്സ് പഠിച്ചവർക്കു കോർ വിഷയങ്ങൾ പഠിക്കാനും മറ്റൊരു ബിരുദം സഹായിക്കും.
കേരള സാങ്കേതിക സർവകലാശാലയ്ക്കു സർക്കുലർ ലഭിച്ചിട്ടുണ്ടെന്നു പ്രോ വൈസ് ചാൻസലർ ഡോ.എസ്.അയൂബ് പറഞ്ഞു.
‘ഇതു സംബന്ധിച്ചു വിശദമായ ചർച്ചകൾ വേണ്ടി വരും. നിർദേശം പ്രായോഗികമാണോ എന്നു അക്കാദമിക് കൗൺസിൽ ചർച്ച ചെയ്യും. ഇപ്പോഴത്തെ നിലയിൽ സർവകലാശാല വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇവർക്കായി പുതിയ കരിക്കുലം തന്നെ സൃഷ്ടിക്കേണ്ടി വരും.
മറ്റൊരു വിഷയം പഠിക്കാൻ വിദ്യാർഥികൾക്കു ഇപ്പോൾ തന്നെ സാങ്കേതിക സർവകലാശാലയിൽ അവസരമുണ്ട്. സിവിൽ എൻജിനീയറിങ് പഠിക്കുന്ന ഒരു വിദ്യാർഥിക്കു ആർക്കിടെക്ചർ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരമുണ്ട്. ആർക്കിടെക്ചറിലെ 4 വിഷയങ്ങൾ പഠിക്കണം. അതു വിജയിച്ചാൽ മൈനർ ഇൻ ആർക്കിടെക്ചർ എന്ന ബിരുദം കൂടി ലഭിക്കും. എഐസിടിഇയുടെ നിർദേശം ഒരു തരത്തിൽ സാങ്കേതിക സർവകലാശാല മുൻപേ നടപ്പാക്കിയിട്ടുണ്ടെന്നു പറയാം. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാർഥികൾക്കു പുതിയ നിർദേശം പ്രയോജനപ്പെടുമോ എന്നറിയില്ല. മാത്രമല്ല, മൂക് കോഴ്സുകൾ വഴി ഏതുവിഷയം പഠിക്കാനും അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനും ഇന്ന് അവസരമുണ്ട്. എന്നാൽ, കുറേ വർഷങ്ങൾക്കു മുൻപ് ബി.ടെക് പഠിച്ചിറങ്ങിയവർക്കു വേണമെങ്കിൽ തിരികെയെത്തി മറ്റൊരു ശാഖ പഠിക്കാനുള്ള അവസരമുണ്ട് ’– ഡോ. അയൂബ് കൂട്ടിച്ചേർത്തു.
എന്തിന് 2 ബിരുദം ?
ഒരു വിഷയത്തിൽ ബിരുദമെടുത്തവർക്കു മറ്റൊരു വിഷയത്തിൽ വീണ്ടും ബിരുദം നേടുന്നത് എന്തു ഗുണമാണു ചെയ്യുകയെന്ന വാദവും ഉയരുന്നുണ്ട്. മികച്ച സർവകലാശാലകളിൽ ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾ ബിരുദതലത്തിൽ തന്നെ ഇപ്പോൾ പഠിക്കാനാകും. കേരള സാങ്കേതിക സർവകലാശാലയിൽ തിരഞ്ഞെടുത്ത കോളജുകളിൽ മൈനറായി ബിരുദം നേടാൻ അവസരമുണ്ട്.
എഐസിടിഇ ഇത്തരമൊരു തീരുമാനം എടുത്തതിന്റെ പശ്ചാത്തലം മനസ്സിലായെങ്കിൽ മാത്രമേ ഈ നിർദേശം ഫലപ്രദമാകുമോ എന്നു പറയാൻ സാധിക്കൂ എന്ന് ഐഇഇഇ ഏഷ്യ പസഫിക് റീജൻ സെക്രട്ടറിയും കോഴിക്കോട് എൻഐടിയിലെ പ്രഫസറുമായ ഡോ.എസ്.എം.സമീർ പറയുന്നു. ‘ഒരു ബി.ടെക് ബിരുദം നേടണമെങ്കിൽ 56 വിഷയങ്ങൾ വിജയിക്കണം. ഇതെല്ലാം പഠിച്ചു വിജയിച്ച ശേഷം വീണ്ടും 30ലേറെ വിഷയങ്ങൾ പഠിക്കാൻ വിദ്യാർഥികൾ തയാറാകുമോ ?. ബി.ടെക് കാലഘട്ടത്തിൽ തന്നെ മറ്റു വിഷയങ്ങൾ പഠിക്കാൻ ഇപ്പോൾ അവസരമുണ്ട്. അല്ലെങ്കിൽ പിജി തലത്തിൽ പഠിക്കാം. കേരളത്തിൽ എം ടെക്കിനു പോലും ഇപ്പോൾ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ട്. മുൻപ് ഡിപ്ലോമ കഴിഞ്ഞ ലാറ്ററൽ എൻട്രി വഴി ബി ടെക്കിന് എത്തുന്ന ഒട്ടേറെപ്പേരുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരത്തിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു. അതുകൊണ്ടാകും ബി.ടെക്കുകാർക്കു തന്നെ വീണ്ടും ലാറ്ററൽ എൻട്രി വഴി ബി ടെക് പഠിക്കാൻ അവസരമൊരുക്കുന്നത് ’– ഡോ.സമീർ പറയുന്നു.
തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് ബി.ടെക്കിലുള്ളത്. അതു പഠിക്കുന്ന കുട്ടി മറ്റൊരു ബി.ടെക് കൂടി എടുക്കേണ്ട കാര്യമില്ലെന്നു കുസാറ്റ് ഫോട്ടോണിക്സ് വകുപ്പിലെ സീനിയർ പ്രഫസർ ഡോ.എ.മുജീബ് പറയുന്നു. റോബട്ടിക്സ് പോലെയുള്ള സ്പെഷലൈസ്ഡ് കോഴ്സുകൾ പിജി തലത്തിൽ പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണെങ്കിലും എഐസിടിഇ നിർദേശങ്ങൾ ചില സർവകലാശാലകളെങ്കിലും നടപ്പാക്കിയേക്കും. വരും വർഷങ്ങളിൽ രണ്ട് ബി ടെക് ബിരുദമുള്ളവരെ രാജ്യത്തു കാണാൻ സാധിക്കുമെന്നു തീർച്ച.
English Summary: Engineering graduates can get second degree in another branch: AICTE