എൻജിനീയറിങ് അലോട്മെന്റ്: പ്രിയം കംപ്യൂട്ടർ സയൻസിന്
Mail This Article
എൻജിനീയറിങ്ങിന്റെ വിവിധ ശാഖകളിൽ അലോട്മെന്റിലെ അവസാന റാങ്കുകൾ മാത്രം നോക്കി ഏറ്റവും പ്രിയമേറിയ കോഴ്സ് ഏതെന്നു പൂർണമായും പറയാൻ കഴിയില്ല. സീറ്റുകൾ തീരെക്കുറവായ ഒറ്റപ്പെട്ട കോഴ്സുകളിലെ അവസാന റാങ്കുകളും വ്യക്തമായ ട്രെൻഡുകളെ സൂചിപ്പിക്കില്ല. എങ്കിലും ഇക്കുറി ആദ്യ അലോട്മെന്റ് പ്രകാരം ഏറ്റവും പ്രിയമേറിയ കോഴ്സ് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങാണ്. സീറ്റ് തീരെക്കുറഞ്ഞ ശാഖകളൊഴിച്ചാൽ കെമിക്കൽ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, സിവിൽ, ഡെയറി ടെക്നോളജി, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഫുഡ് ടെക്നോളജി, ഐടി എന്ന ക്രമം പൊതുവേ കാണാം. ഇടക്കാലത്ത് മെക്കാനിക്കൽ ഏറ്റവും പ്രിയമേറിയ ശാഖയായിരുന്നെങ്കിലും ഇത്തവണ ഗണ്യമായ മാറ്റമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, കംപ്യൂട്ടർ സയൻസ് & ഡിസൈൻ, കംപ്യൂട്ടർ (എഐ & മെഷീൻ ലേണിങ്), കംപ്യൂട്ടർ സയൻസ് & എൻജി. (എഐ), ഇലക്ട്രിക്കൽ & കംപ്യൂട്ടർ എൻജി., ഇലക്ട്രോണിക്സ് & കംപ്യൂട്ടർ എൻജി., കംപ്യൂട്ടർ സയൻസ് & എൻജി. (സൈബർ സെക്യൂരിറ്റി) തുടങ്ങിയ പുതുബ്രാഞ്ചുകളിൽ ഉയർന്ന റാങ്കുകാർ താൽപര്യം കാട്ടാത്തത് അവയുടെ സാധ്യത തെളിയിക്കപ്പെടാത്തതു കൊണ്ടും, അവ സർക്കാർ / എയ്ഡഡ് കോളജുകളിൽ ഇല്ലാത്തതുകൊണ്ടുമാകാം. ഇക്കൂട്ടത്തിൽ വ്യത്യസ്തമായത് കംപ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റംസ് മാത്രം.
ബിഫാം: യോഗ്യത നേടിയവരും അവസാന റാങ്കും
ബിഫാം എൻട്രൻസിന് 60,889 കുട്ടികളെഴുതിയെങ്കിലും റാങ്ക്‌ലിസ്റ്റിൽപെട്ടവർ 48,556 മാത്രമാണ്. പട്ടികവിഭാഗക്കാരൊഴികെ, 480ൽ 10 മാർക്കെങ്കിലും നേടാത്തവർ അയോഗ്യരാകാറുണ്ട്. പക്ഷേ, ബിഫാം സംവരണവിഭാഗത്തിൽ 60,709 റാങ്കിനു വരെ സിലക്‌ഷനുള്ളതായി കാണുന്നു. 48,556നു ശേഷം ചെറിയ തിരുത്തുകളോ മറ്റോ വന്നാലും ഇത്രയേറെ വ്യത്യാസം വരുന്നതെങ്ങനെയെന്നു സംശയമുയരുന്നുണ്ട്.
Content Summary : KEAM 2021 - Computer science and engineering remains first choice