‘ജോസ’ ആദ്യഘട്ട ഫലം വന്നു
Mail This Article
ഐഐടി, എൻഐടി എന്നിവ ഉൾപ്പെടെ 114 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി: https://josaa.nic.in) പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ പരിശോധന എന്നിവ 30ന് അകം പൂർത്തിയാക്കണം. സൈറ്റിലെത്തി ജെഇഇ മെയിൻ അപേക്ഷാ നമ്പറും പാസ്‌വേഡും സെക്യൂരിറ്റി പിന്നും നൽകി വിദ്യാർഥികൾക്ക് അലോട്മെന്ററിയാം. മെയിനിനും അഡ്വാൻസ്ഡിനും റജിസ്റ്റർ ചെയ്തവർ അഡ്വാൻസ്ഡിന്റെ പാസ്‌വേഡാണു നൽകേണ്ടത്.
ഓൺലൈൻ റിപ്പോർട്ടിങ്: ‘പ്രൊവിഷനൽ സീറ്റ്–അലൊക്കേഷൻ െലറ്റർ’ ഡൗൺലോഡ് ചെയ്ത്, സീറ്റ് സ്വീകരിച്ച് ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊന്നു തിരഞ്ഞെടുക്കുക. നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യുക. ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ ഓൺലൈനായി അടച്ച്, രേഖകളെല്ലാം ശരിയെന്ന് ഓൺലൈനായി ഉറപ്പു വരുത്തണം. ഭിന്നശേഷിക്കാർക്കും പട്ടികവിഭാഗത്തിനും 15,000 രൂപ. ഐഐടി വിഭാഗത്തിന് പാലക്കാടും എൻഐടി പ്ലസ് വിഭാഗത്തിന് കോഴിക്കോടും റിപ്പോർട്ടിങ് കേന്ദ്രങ്ങളാണ്. കേന്ദ്രങ്ങളുടെ സമ്പൂർണ പട്ടിക ‘ജോസ’ സൈറ്റിലുണ്ട്.
രേഖകൾ തൃപ്തികരമെങ്കിൽ, ‘പ്രൊവിഷനൽ ഓഫർ & സീറ്റ് അക്സപ്റ്റൻസ് ലെറ്റർ’ ഡൗൺലോഡ് ചെയ്യാം. രേഖകളെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചാൽ ഓൺലൈനായി മറുപടി നൽകണം.
ഓൺലൈൻ റിപ്പോർട്ടിങ് നടത്തിയില്ലെങ്കിൽ, അലോട്മെന്റ് വ്യവസ്ഥയിൽനിന്നു പുറത്താകും. ആകെ 6 റൗണ്ട് അലോട്മെന്റ് ഉണ്ടായിരിക്കും. ഇതിന്റെ സമയക്രമം ‘കൗൺസലിങ് ഷെഡ്യൂൾ’ ലിങ്കിലുണ്ട്. ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് മുതലായവ സൈറ്റിലെ ‘ബിസിനസ് റൂൾസ്’ നോക്കി പഠിച്ചിട്ടു വേണം പ്രവേശന നടപടികളിൽ പങ്കെടുക്കാൻ.
Content Summary: Joint Seat Allocation Authority Result