ADVERTISEMENT

നമ്മെ സംബന്ധിച്ചിടത്തോളം മുൻപത്തെ ജീവിതവും ലോകവുമല്ല ഇപ്പോൾ. കോവിഡിനു മുൻപും ശേഷവും എന്ന വിഭജനം മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റിയിട്ടുണ്ട്. ഇനി പഴയതിലേക്കുള്ള തിരിച്ചു പോക്കുപോലും പഴയതുപോലെയല്ല സംഭവിക്കുക. വരുമാനമില്ലാതായ, ഒത്തുചേരലുകൾ നിലച്ച, സ്കൂളുകളടക്കം അടഞ്ഞുകിടന്ന ഒരു കാലം ഭയപ്പെടുത്തുന്ന ഒരോർമയായി നമുക്കൊപ്പം ഏറെക്കാലം ഇനിയുണ്ടാവും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമായി സ്കൂളിലേക്കെത്തുന്നവർ മാത്രമല്ല, സ്കൂളന്തരീക്ഷം നേരത്തേ പഴകിയിട്ടുള്ള കുട്ടികൾ പോലും നവാഗതർ തന്നെയാണ്.

സ്കൂളിലേക്ക് വരുന്നത് ആദ്യമായാണെങ്കിലും പഠനം പലർക്കും ആദ്യാനുഭവമല്ല. സമാന്തരരീതികൾ അവർ പരിചയിച്ചു. സ്കൂളിന്റെ അന്തരീക്ഷത്തെ പഠനാനുഭവത്തിൽ നിന്നു പറിച്ചു മാറ്റാനാവുമെന്ന് നാം കരുതിയിരുന്നില്ല. പക്ഷേ പുതിയ കുട്ടികൾ അതും മറികടന്നു.അതൊക്കെ കണക്കിലെടുക്കുമ്പോൾ രണ്ടു വർഷം നമ്മുടെ സ്കൂളനുഭവങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണെന്നു പറയേണ്ടി വരും. ഗുണപരവും അല്ലാത്തതുമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ ഏതർഥത്തിലും ലാഭങ്ങളെക്കാൾ നഷ്ടക്കണക്കാണു മുൻപിൽ നിൽക്കുക. കേവലമായ ജ്ഞാനാർജനത്തിനപ്പുറം.

 

വാർഷികാഘോഷങ്ങളും കലോത്സവങ്ങളും കായികോത്സവങ്ങളും കൂടി ചേർന്നതാണു കുട്ടികൾക്കു സ്കൂൾ കാലം. അത്തരം പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിൽനിന്നു മാത്രമല്ല അവയുടെ നടത്തിപ്പിൽനിന്നു കൂടി കുട്ടികൾ ചിലതു പഠിക്കുന്നുണ്ട്; പലപ്പോഴും മുതിർന്നവരും.

 

മക്കൾ പഠിച്ചിരുന്ന സ്കൂളിന്റെ വാർഷികദിവസത്തെക്കുറിച്ചുള്ള ഒരോർമയുണ്ട്. സ്കൂളിലെ സ്ഥലപരിമിതികാരണം വാർഷികാഘോഷം ടൗണിലെ ഒരു ഓഡിറ്റോറിയത്തിലേക്കു മാറ്റിയാണ് അക്കൊല്ലം നടത്തിയത്. അക്കൊല്ലം എന്നത് അക്കക്കണക്കിൽ അത്ര ദൂരെയല്ല, വെറും മൂന്നു വർഷം മുൻപ്. കുട്ടികളുടെ ആഘോഷമാണ്, മത്സരമല്ല. കാണികളായി വന്ന രക്ഷിതാക്കളും മറ്റുള്ളവരും അതു കുറച്ചൊക്കെ ഉൾക്കൊണ്ടിട്ടുണ്ട്. ഓരോ ഇനവും കലാവിഷ്കാരം എന്ന നിലയിൽ മാത്രം കാണാനുള്ള മനസ്സ് വളരെ പ്രധാനമാണ്. മത്സരമാകുമ്പോൾ പലർക്കും അതു പിന്നിൽ നിൽക്കുമെന്നു മാത്രം.

ചെറിയ ക്ലാസിലെ കുട്ടികളുടെ സംഘനൃത്തങ്ങൾ രസകരവും മനോഹരവുമാണ്. കലയുടെ പൂർണതയൊന്നുമല്ലല്ലോ അവിടെ നാം പ്രതീക്ഷിക്കുക. പത്തു പേർ പതിനൊന്നു തരത്തിൽ അവതരിപ്പിക്കുന്ന നൃത്തമാണ്. അതെന്തായാലും ഇത്തരം ഇനങ്ങളിൽ രക്ഷിതാക്കൾ സ്വന്തം കുട്ടികളെ മാത്രമേ കാണുകയുള്ളൂ എന്നതുകൊണ്ട് നൃത്തത്തിലെ ആ പലമ ശ്രദ്ധയിൽപ്പെടുകയുമില്ല എന്നതാണു സത്യം. കയ്യടി ദുർബലമാകുമ്പോൾ സംഘാടകർ 'ഇതു കുട്ടികളുടെ പരിപാടിയാണ്' എന്ന് സദസ്യരെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. കുട്ടികൾ സ്വന്തമായി ഏജൻസിയില്ലാത്ത, ആത്മബോധമില്ലാത്ത ആശ്രിതജനം മാത്രമാണല്ലോ നമുക്ക്!

 

education-news-r-rajasree-article-school-reopening
ആർ. രാജശ്രീ

അങ്ങനെയിരിക്കുമ്പോൾ ഒരു സംഘനൃത്തം കൂടി അരങ്ങിലെത്തുന്നു. ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളാണ്. പതിവുപോലെ പലരും പലവിധം. അന്നേരമാണ് ഒരറ്റത്തുള്ള കുട്ടി മാറി മാറിപ്പോകുന്നതു കാണുന്നത്. എന്താണു ചെയ്യേണ്ടതെന്ന് അവൾക്ക് ഓർമ കിട്ടുന്നില്ല. അല്ലെങ്കിൽ അൽപം വൈകി മാത്രം ഓർമ കിട്ടുന്നു. പാട്ട് അപ്പോഴേക്ക് അവളെ കടന്നു പോകുന്നു. സംഘാംഗങ്ങളിൽ ചിലർക്ക് അവളെ കാത്തു നിൽക്കേണ്ടി വരുന്നു. അവൾ പിന്നോട്ടു മാറിപ്പോയാലും നൃത്തം ചെയ്യാതിരുന്നാലും പന്ത്രണ്ടു പേരുള്ള ആ ഗ്രൂപ്പിന് ഒന്നും സംഭവിക്കില്ല. മറ്റു കുട്ടികൾ എന്തിനാണ് അവളെ കാത്തു നിൽക്കുന്നത് എന്നു ഒന്നുരണ്ടു രക്ഷിതാക്കളുടെ അമർഷ പ്രകടനം കേട്ടു . സ്റ്റേജിന്റെ ചുമതലയുള്ള അധ്യാപികയ്ക്കു നിഷ്പ്രയാസം അവളെ മാറ്റാമല്ലോ, അവരെന്താണ് അതു ചെയ്യാത്തതെന്നും കേട്ടു . അത്തരം 'വയ്യാത്ത 'കുട്ടികളെ ഇതുപോലെ ഒരിനത്തിൽ നിർത്തണമായിരുന്നോ എന്നു വേറൊരു ആരോപണം. നെഞ്ചിൽ കനത്തോടെ ചുറ്റും കണ്ണോടിക്കുമ്പോൾ ആ കുട്ടിയുടെ രക്ഷിതാക്കളാരെങ്കിലും അടുത്തിരുന്ന് ഇതൊന്നും കേൾക്കാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു. ആ കുട്ടി നീങ്ങി നീങ്ങിപ്പോയി സ്റ്റേജിന്‌ ഒരു വശത്തേക്ക് മാറി നിൽക്കുക തന്നെയായിരുന്നു. അപ്പോൾ പക്ഷിയുടെ ചലനങ്ങളുമായി വന്ന രണ്ടു കുഞ്ഞുമക്കൾ അവളുടെ തോളിൽക്കൂടി കയ്യിട്ടു സ്റ്റേജിനു മുൻപിലേക്കു കൂട്ടി വന്ന് നൃത്തം തുടർന്നു. പെട്ടെന്ന് ഓർമ വന്നെന്ന പോലെ അവൾ ചിറകുകൾ വീശി അവർക്കൊപ്പം കൂടി. പിന്നെ ഒരു ഘട്ടത്തിലും ആ കുട്ടികൾ അവളുടെ കൈ വിട്ടില്ല. നൃത്തം തീർന്നു തിരശീല വീഴുമ്പോൾ കാണികൾ പരസ്പരം നോക്കി. ആരുടെയൊക്കെയോ കണ്ണുകൾ നനഞ്ഞു കണ്ടു.

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ കൊറോണക്കാലത്തെ സ്കൂൾ തുറപ്പിന് ആദ്യഘട്ടത്തിൽ സ്കൂളിലേക്കില്ല. അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള അധികൃതരുടെ കരുതലാണത്. 

എന്നാലും അവർക്കു നഷ്ടപ്പെട്ടു പോകുന്ന മറ്റൊരു തരം കരുതലുണ്ട്. അത്, ആരും പറയാതെ സംഭവിക്കുന്ന ചില നിശ്ശബ്ദമായ ചേർത്തുപിടിക്കലുകളും ഒപ്പം കൂട്ടലുമാണ്.

education-page-johan-baby
ജഹാൻ ജോബി

സ്കൂൾ വീണ്ടും തുറക്കുമ്പോൾ ആ നൃത്തരംഗമാണ് ഓർമയിലെത്തുന്നത്. തൊട്ടുമുൻപുള്ള നിമിഷം വരെ അത് വെറും നൃത്തമായിരുന്നു. സാങ്കേതികമായ ഒന്ന്. പക്ഷേ ഏറ്റവും സ്വാഭാവികമായ പ്രവൃത്തിയെന്നോണം കൂട്ടത്തിലൊന്നിനെ ഒപ്പമുള്ളവർ ചിറകുകൾ കൊണ്ടു കോരിയെടുത്തതോടെ അതു ശരിക്കും സംഘനൃത്തമായി!

നമ്മുടെ കുട്ടികൾ ഇനിയും ആ നൃത്തസംഘത്തിൽനിന്നു പുറത്തുപോകാതിരിക്കട്ടെ. അതിലും വലിയ ഏത് ആശംസയാണ് ഈ അതിജീവനകാലത്ത് അവർക്കായി നേരാനാവുക!

 

(എഴുത്തുകാരിയും അധ്യാപികയുമാണ് ലേഖിക)

 

കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സുകാരനായ ജഹാന്റേതായിരുന്നു ഈ വർഷം ജനുവരിയിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളിലൊന്ന്.

 

ആരേം കാണാനോ മിണ്ടാനോ കൂട്ടുകൂടി കളിക്കാനോ പറ്റാതെയിരുന്നപ്പോൾ ഈ സ്കൂൾ എപ്പോഴാ തുറക്കുകാന്നു ഞാനെന്നും അമ്മയോട് ചോദിക്കുമായിരുന്നു. ലാപ്ടോപ്പിൽ നോക്കി ക്ലാസ്സിലിരിക്കാൻ സത്യം പറഞ്ഞാൽ എനിക്കിഷ്ടമല്ലായിരുന്നു. വീട്ടിലിരുന്ന് ഞാൻ കുറെ ചിത്രങ്ങൾ വരച്ചു. 

ഇപ്പോ ഇതാ എന്റെ സ്കൂൾ തുറക്കാൻ പോകുന്നു! ഈ ചിത്രത്തിലെ ലാപ്ടോപ്പിൽ നിന്നിറങ്ങി പോകുന്നത് ഞാൻ തന്നെയാണ് കേട്ടോ....നക്ഷത്രങ്ങളും പൂച്ചയും പൂവും പൂമ്പാറ്റയും തോരണങ്ങളും അക്ഷരങ്ങളും പെൻസിലും ക്ലോക്കും പുസ്തകങ്ങളും പക്ഷികളും സൂര്യനും മേഘവും മഴവില്ലും ഒക്കെ എന്റെ കൂടെ ഇറങ്ങിവരുന്നുണ്ടേ...!

 

Content Summary: Schools reopen after being shut due to pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com