‘എൻഐടി പ്ലസ്’ പ്രവേശനം: ജോസ കഴിഞ്ഞു, ഇനി സിഎസ്എബി
Mail This Article
ജോസ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) 1–6 റൗണ്ടുകൾ കഴിഞ്ഞുള്ള ഒഴിവുകൾ 27നു വെബ്സൈറ്റിൽ വരും. ‘എൻഐടി പ്ലസ്’ വിഭാഗത്തിലെ ഒഴിവുകളിൽ താൽപര്യമുള്ളവർക്ക് ഇനി 2 സിഎസ്എബി (സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്) റൗണ്ടുകളിൽ പങ്കെടുക്കാം. https://csab.nic.in. ഐഐടി വിദ്യാർഥികൾ ഇതിൽ വരില്ല.
28 മുതൽ 30 വരെ 2000 രൂപ പ്രോസസിങ് ഫീസടച്ച് പുതിയ റജിസ്ട്രേഷനും പുതിയ ചോയ്സ് ഫില്ലിങ്ങും. ഭാഗിക ഫീസടച്ച് ജോസ വഴി പ്രവേശനം നേടിയവർക്കും ജെഇഇ മെയിൻ റാങ്ക്‌ലിസ്റ്റിൽപെട്ടവർക്കും സിഎസ്എബിയിൽ പങ്കെടുക്കാം. ജോസ റൗണ്ടുകളിൽ പങ്കെടുത്തവരും ഇതിനു വീണ്ടും റജിസ്റ്റർ ചെയ്യണം. ജോസയിൽ നടത്തിയ ചോയ്സ് ഫില്ലിങ് സിഎസ്എബിയിൽ പരിഗണിക്കില്ല.
ഡിസംബർ 2ന് അലോട്മെന്റ് സൈറ്റിൽ വരും. സിഎസ്എബി വഴി അലോട്മെന്റ് കിട്ടുന്നവർക്ക് ജോസ വഴി മുൻപു പ്രവേശനം കിട്ടിയിരുന്നെങ്കിൽ, അതു തനിയെ റദ്ദാകും. സിഎസ്എബി ആദ്യറൗണ്ടിൽ സീറ്റു കിട്ടാത്തവരെ രണ്ടാം റൗണ്ടിലേക്കും പരിഗണിക്കും. ഇതു വേണ്ടെങ്കിൽ വിദ്യാർഥി അറിയിച്ചിരിക്കണം.
സിഎസ്എബി റൗണ്ടുകളിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ഫീ:
(എ) ‘എൻഐടി പ്ലസ്’ പ്രവേശനം കിട്ടി 40,000 / 20,000 രൂപയടച്ചവർ, പ്രവേശനം കിട്ടി 35,000 / 15,000 രൂപ അക്സപ്റ്റൻസ് ഫീസടച്ചെങ്കിലും സീറ്റു റദ്ദാക്കിയവർ / ഭാഗിക പ്രവേശനഫീസ് അടയ്ക്കാതെ സീറ്റ് റദ്ദായവർ എന്നിവർക്ക് 2000 രൂപ
(ബി) ജോസയ്ക്കു റജിസ്റ്റർ ചെയ്യാത്തവർ, ചെയ്തിട്ടും സീറ്റ് കിട്ടാത്തവർ, സീറ്റ് കിട്ടിയെങ്കിലും അക്സപ്റ്റൻസ് ഫീ അടയ്ക്കാത്തവർ, എക്സിറ്റ് ഓപ്ഷനെടുത്തവർ, നേരത്തേ ഐഐടി അലോട്മെന്റ് കിട്ടിയവർ എന്നിവർക്ക് 37,000 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 17,000 രൂപ)
ജോസ എൻഐടി പ്ലസിൽ രേഖകൾ പരിശോധിച്ചപ്പോൾ കാറ്റഗറി മാറിപ്പോയവർ അടയ്ക്കേണ്ട ഫീസ് നിരക്കുകൾ ഇതിൽനിന്നു വ്യത്യസ്തമാണ്. അതിന്റെ പട്ടിക സൈറ്റിലെ ബ്രോഷറിൽ (3.2.2) നൽകിയിട്ടുണ്ട്.
ആദ്യറൗണ്ട് അലോട്മെന്റ് ഡിസംബർ 2ന് 5 മണിക്കു സൈറ്റിൽ വന്നുകഴിയുമ്പോൾ, ഇനിപ്പറയുന്ന 4 കാര്യങ്ങളിലൊന്ന് ചെയ്യുന്നതായി 4ന് ഉച്ചയ്ക്കു 12 മണിക്കകം അറിയിക്കണം.
1) സീറ്റ് സ്വീകരിച്ച് ഫ്രീസ് /സ്ലൈഡ് / ഫ്ലോട്ട് ഇവയിലൊന്നു തിരഞ്ഞെടുക്കുക.
2) കിട്ടിയ സീറ്റ് ഉപേക്ഷിച്ച് രണ്ടാം റൗണ്ടിൽ പങ്കെടുക്കും.
3) കിട്ടിയ സീറ്റ് ഉപേക്ഷിച്ച് രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നില്ല.
4) സീറ്റ് കിട്ടിയില്ല; രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നില്ല.
സീറ്റ് സ്വീകരിച്ച് പണമടച്ച് രേഖകൾ അപ്‌ലോഡ് ചെയ്തുള്ള ഓൺലൈൻ റിപ്പോർട്ടിങ് നടത്തുന്നതും 4ന് 12 മണിക്കകം വേണം.
ഡിസംബർ 7ന് രണ്ടാം റൗണ്ട് അലോട്മെന്റ് സൈറ്റിൽ വരും. നിബന്ധനകൾ പാലിച്ച് 13നു വൈകിട്ട് 5 മണിക്കകം നിർദിഷ്ട സ്ഥാപനത്തിൽ നേരിട്ടെത്തി, ഫീസടച്ചു ചേരണം. ജോസ ആറാം റൗണ്ടിൽ സീറ്റ് കിട്ടിയവരും ഇതുപോലെ നേരിട്ടു ചേരണം.
Content Summary: NIT Plus Admission: Central Seat Allocation Board