ADVERTISEMENT

പുതുവർഷത്തിലേക്കുള്ള പിഎസ്‌സിയുടെ തയാറെടുപ്പുകൾ ചെയർമാൻ എം.കെ.സക്കീർ തൊഴിൽവീഥിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

 

പ്രധാന റാങ്ക് ലിസ്റ്റുകളെല്ലാം കൂട്ടത്തോടെ അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതു നിയമനപ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഒരേ ഉദ്യോഗാർഥികൾ തന്നെയാകാം എല്ലാ ലിസ്റ്റുകളിലും മുന്നിലെത്തുന്നത്. ഇത് എൻജെഡി വർധിക്കാൻ ഇടയാക്കും. കമ്പനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽ ഇപ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി മറ്റു പ്രധാന ലിസ്റ്റുകളിലും ഉണ്ടാവാൻ സാധ്യതയില്ലേ? 

 

അങ്ങന‌െ കരുതുന്നില്ല. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ നിലവാരത്തിലെ വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾ ഒന്നിച്ചല്ല പ്രസിദ്ധീകരിക്കുന്നത്. 2022 ൽ വിവിധ മാസങ്ങളിലായിട്ടാകും ഇവ പുറത്തിറങ്ങുക. ഒരേ ഉദ്യോഗാർഥികൾ തന്നെ എല്ലാ റാങ്ക് ലിസ്റ്റുകളിലും മുന്നിലെത്തുമെന്നും പ്രതീക്ഷിക്കാനാവില്ല. 

 

ഒരേ ഉദ്യോഗാർഥികൾ തന്നെ വിവിധ ലിസ്റ്റുകളിൽ ഉൾപ്പെടുന്നതിനാൽ ചില തസ്തികകളിൽ എൻജെഡി ഒഴിവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഇതു കണക്കാക്കി റാങ്ക് ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുമോ?

 

പ്രിലിമിനറി പരീക്ഷയ്ക്കുശേഷം പ്രസിദ്ധീകരിച്ച ലിസ്റ്റുകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയെന്നാണു കരുതുന്നത്. ഇതു സംബന്ധിച്ച പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതിക്ക് ഇടനൽകാത്ത വിധം റാങ്ക് ലിസ്റ്റിലും ഉദ്യോഗാർഥികളെ  ഉൾപ്പെടുത്തും. 

 

പ്രധാന തസ്തികകളായ എൽഡിസി, ലാസ്റ്റ് ഗ്രേഡ് എന്നിവയുടെ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ടു മാസങ്ങളായി. പുതിയ റാങ്ക് ലിസ്റ്റുകൾ എപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയും?

 

എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ മെയിൻ പരീക്ഷകൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത ഏപ്രിലിനു മുൻപു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയും. കുറച്ചു നാൾ റാങ്ക് ലിസ്റ്റ് നിലവിലില്ലാതിരുന്നത് ഉദ്യോഗാർഥികൾക്കു നഷ്ടമൊന്നുമുണ്ടാക്കില്ല. ഇതിനകം റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളിലേക്കും ഒന്നിച്ചു നിയമന ശുപാർശ നൽകുന്നതിനാൽ റാങ്ക് ലിസ്റ്റുകളുടെ തുടക്കത്തിൽത്തന്നെ കൂടുതൽ പേർക്കു നിയമനം ലഭിക്കും. 

 

പ്രിലിമിനറി, മെയിൻ രീതിയിലുള്ള പരീക്ഷാരീതി തുടരുകയാണോ? വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ബവ്കോ എൽഡിസി, അസിസ്റ്റന്റ്, റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങിയ തസ്തികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയ്ക്കും പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുമോ?

 

പ്രിലിമിനറി, മെയിൻ പരീക്ഷാരീതി തുടരാനാണു തീരുമാനം. പിഎസ്‌സിയും പരീക്ഷയെഴുതുന്നവരും ഇതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞു. ചോദ്യത്തിൽ പരാമർശിച്ച തസ്തികകളിലേക്കും പ്രിലിമിനറി, മെയിൻ പരീക്ഷകൾ തന്നെയായിരിക്കും. അടുത്ത പ്രിലിമിനറി പരീക്ഷാ തീയതി ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കും. 

 

ബിരുദ നിലവാര മെയിൻ പരീക്ഷ വിവരണാത്മകമായിരിക്കുമോ ഒബ്ജക്ടീവ് രീതിയിലായിരിക്കുമോ?

 

എസ്എസ്എൽസി, പ്ലസ് ടു ലെവൽ മെയിൻ പരീക്ഷകൾപോലെ ബിരുദ നിലവാര മെയിൻ പരീക്ഷകളും ഒബ്ജക്ടീവ് രീതിയിൽത്തന്നെ നടത്താനാണു തീരുമാനം. വിവരണാത്മക രീതിയിൽ പരീക്ഷ നടത്തിയാൽ മൂല്യനിർണയം യഥാസമയം പൂർത്തിയാക്കാൻ കഴിയില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും വൈകും. പുതിയ ചോദ്യ പാറ്റേണിലാണ് ഇപ്പോൾ മെയിൻ പരീക്ഷകൾ നടത്തുന്നത്. 15 മിനിറ്റ് അധിക സമയവും അനുവദിച്ചിട്ടുണ്ട്. ബിരുദനിലവാര മെയിൻ പരീക്ഷയിലും ഈ രീതി തുടരും. 

 

കെഎഎസ് രണ്ടാം വിജ്ഞാപനം വൈകുന്നത് എന്തുകൊണ്ടാണ്?

 

 കെഎഎസ് രണ്ടാം വിജ്‍ഞാപനം 2021ൽ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയാറായിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ കഴിയാതെപോയി. 2022ൽ ഉറപ്പായും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കെഎഎസ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം യാഥാർഥ്യമാക്കിയതിനു മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സിയെ അഭിനന്ദിച്ചിരുന്നു. നിയമനപ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയതിനാണ് ചെയർമാനു  മുഖ്യമന്ത്രി അഭിനന്ദനക്കത്ത് അയച്ചത്. 

 

പുതുവർഷം എന്തെങ്കിലും പുതിയ പരിഷ്കാരങ്ങൾ ആലോചനയിലുണ്ടോ? 

 

 പരീക്ഷാകേന്ദ്രങ്ങളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ എക്സാമിനേഷൻ  മാനേജ്മെന്റ് സിസ്റ്റം എന്ന രീതി നടപ്പാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളിലെ അപ്ഡേറ്റ്സ് ഓൺലൈനായി പിഎസ്‌സിയെ അറിയിക്കുന്ന സംവിധാനമാണിത്.  പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഹാജർ വിവരങ്ങളും അന്നുതന്നെ ലഭ്യമാകും. നിയമനനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഇത് ഉപകരിക്കും. 

 

എഴുത്തുപരീക്ഷകൾ നടത്തുന്ന തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വളരെ വൈകുന്നുണ്ട്. അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെയുള്ള തസ്തികകളിൽ പരീക്ഷ നടന്ന് ഒരു വർഷമായിട്ടും ഷോർട് ലിസ്റ്റ്പോലും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷകൾ തുടരുമോ?

 

അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ ചുരുക്കം ചില ഉയർന്ന തസ്തികയിലേക്കു മാത്രമാണ് ഇപ്പോൾ എഴുത്തുപരീക്ഷകൾ നടത്തുന്നത്. ഓൺസ്ക്രീൻ മാർക്കിങ് രീതിയിലാണു മൂല്യനിർണയം. മുൻപത്തെയത്ര ഇല്ലെങ്കിലും ഇപ്പോഴും പരീക്ഷാഫലം വൈകുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. മൂല്യനിർണയത്തിന് അധ്യാപകരെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണു കാരണം. അധ്യാപകർ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധതയോടെ  ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കണമെന്ന് അഭ്യർഥിക്കുന്നു. പ്രതിസന്ധികളുണ്ടെങ്കിലും അവ തരണം ചെയ്ത് സുപ്രധാന തസ്തികകളിൽ വിവരണാത്മക പരീക്ഷകൾ തുടരാൻ തന്നെയാണ് തീരുമാനം.

 

Content Summary : Interview With Kerala PSC Chairman M.K Sakeer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com