എസ്എസ്എൽസി, പ്ലസ്ടു ചോദ്യപ്പേപ്പർ തയാറാക്കാൻ നടപടി തുടങ്ങി
Mail This Article
പരിഷ്കരിച്ച ഫോക്കസ് ഏരിയ സമ്പ്രദായം അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇത്തവണ ചോദ്യപ്പേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70% ആയി പരിമിതപ്പെടുത്തും. ബാക്കി 30% ചോദ്യങ്ങൾ മറ്റു പാഠഭാഗങ്ങളിൽ നിന്നാവും. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്ന പാഠഭാഗങ്ങൾ 40 ശതമാനത്തിൽ നിന്ന് 60% ആയി വർധിപ്പിച്ചിട്ടുമുണ്ട്.
വിദ്യാർഥികൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന തരത്തിൽ ഉത്തരം എഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ (200%) കഴിഞ്ഞ തവണത്തെ ചോദ്യപ്പേപ്പറുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ 50% ചോദ്യങ്ങൾ മാത്രമേ ഇത്തരത്തിൽ അധികമായി ഉൾപ്പെടുത്തൂ. കഴിഞ്ഞ മാസം ഇറങ്ങിയ സർക്കാർ ഉത്തരവ് അനുസരിച്ചാണ് ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾ സംബന്ധിച്ച മാറ്റങ്ങൾ. ഈ രീതിയിൽ ചോദ്യപ്പേപ്പറുകൾ തയറാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിഇആർടിയുടെ സഹകരണത്തോടെയുള്ള ശിൽപശാല പരീക്ഷാ ഭവനിൽ ആരംഭിച്ചു.
കഴിഞ്ഞ വർഷം പരീക്ഷയിൽ 80% ചോദ്യങ്ങളും 40% പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ബാക്കി 20% ചോദ്യങ്ങളും ഫോക്കസ് ഏരിയ ഉൾപ്പെടെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നായിരുന്നു. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നതിനാൽ ഫോക്കസ് ഏരിയ മാത്രം പഠിച്ചവർക്കും ഉയർന്ന മാർക്ക് വാങ്ങാൻ കഴിഞ്ഞിരുന്നു.
ഇതുമൂലം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയവരുടെ എണ്ണം കുതിച്ചുയരുകയും പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിന് സീറ്റുകൾ തികയാതെ പ്രതിസന്ധിയുണ്ടാവുകയും ചെയ്തിരുന്നു. മാത്രമല്ല, 40% പാഠം മാത്രം പഠിച്ചാലും ഉന്നത വിജയം നേടാമെന്നതു സമഗ്രമായ പഠന നിലവാരം കുറയ്ക്കാൻ ഇടയാക്കുമെന്ന വിമർശനവും ഉയർന്നു. ഇതു പരിഗണിച്ചാണ് ഫോക്കസ് ഏരിയയിലും പരീക്ഷയിലും പരിഷ്കാരം.
പുതിയ സമ്പ്രദായം അനുസരിച്ച് 80 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും 84 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമാകും ഫോക്കസ് ഏരിയയിൽനിന്ന് ഉൾപ്പെടുത്തുക. 36 മാർക്കിന്റെ ചോദ്യം പൂർണമായും മറ്റു പാഠഭാഗങ്ങളിൽ നിന്നാവും.
Content Summary: SSLC, Plus Two Examination Question Paper Preparation